എമിറേറ്റിലെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ ഒരു അറബ് വനിതയ്‌ക്ക് 10000 ദിർഹം പിഴ ചുമത്തിയതായി ദുബായ് പോലീസ് വ്യക്തമാക്കി. കൊറോണ വൈറസ് പ്രതിരോധ ചട്ടങ്ങൾ ലംഘിച്ച് തന്റെ വസതിയിൽ ഈ വനിത സ്വകാര്യ വിരുന്ന് സംഘടിപ്പിക്കുകയായിരുന്നു.
ഈ വിരുന്നിൽ പങ്കെടുത്ത അതിഥികൾ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. വൈറസ് വ്യാപനം തടയുന്നതിനായി യു എ ഇ കാബിനറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് അറ്റോർണി ജനറൽ പുറപ്പെടുവിച്ച ‘#38/ 2020’ പ്രമേയത്തിന്റെ ലംഘനമാണ് ഈ നടപടികൾ എന്ന് അധികൃതർ വ്യക്തമാക്കി.
ഈ നിയമപ്രകാരം ഒത്തുചേരലുകൾ, സ്വകാര്യ/ പൊതു ആഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് 10000 ദിർഹം പിഴ ചുമത്തുന്നതാണ്. ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഓരോ അതിഥികൾക്കും 5000 ദിർഹം പിഴ ചുമത്തുന്നതാണ്. ഈ സംഭവത്തിൽ പങ്കെടുത്ത അതിഥികളും, ആഘോഷ പരിപാടി സംഘടിപ്പിച്ച വനിതയും നിയമം ലംഘിച്ചതായും, ഇവർക്ക് പിഴ ചുമത്തിയതായും ദുബായ് പോലീസിലെ ബ്രിഗേഡിയർ ജമാൽ സലേം അൽ ജലാഫ് വ്യക്തമാക്കി.
ഇത്തരം നിയമലംഘനങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം നിയമലംഘകർക്കെതിരെ ദുബായ് പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 901 എന്ന നമ്പറിലൂടെ അധികൃതരുമായി പങ്ക് വെക്കാമെന്നും അദ്ദേഹം അറിയിച്ചു.