ദുബായ്: വിസിറ്റ് വിസകളിൽ തൊഴിലെടുക്കുന്നവർക്ക് 10000 ദിർഹം വരെ പിഴയും, തടവും ലഭിക്കാമെന്ന് മുന്നറിയിപ്പ്

UAE

രാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിച്ചിട്ടുള്ള വ്യക്തികൾ കൃത്യമായ രേഖകൾ കൂടാതെ തൊഴിലെടുക്കുന്നത് നിയമനടപടികൾ നേരിടുന്നതിനും, ശിക്ഷകൾ ലഭിക്കുന്നതിനും ഇടയാക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രാജ്യത്ത് തൊഴിൽ വാഗ്‌ദാനങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തികൾ തൊഴിലെടുക്കുന്നത് ആരംഭിക്കുന്നതിന് മുൻപ് തൊഴിൽരേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

കൃത്യമായ വർക്ക് പെർമിറ്റ് കൂടാതെ തൊഴിലെടുക്കുന്നത് യു എ ഇയിലെ തൊഴിൽ നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൃത്യമായ രേഖകളില്ലാതെ തൊഴിലെടുക്കുന്നവർക്ക് മൂന്ന് മാസം വരെ തടവും, 10000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശികൾക്കും, യു എ ഇയിൽ തൊഴിലെടുക്കുന്നതിന് മുൻപായി ഇതിനുള്ള അനുമതി ബന്ധപ്പെട്ട അധികൃതരിൽ നിന്ന് നേടേണ്ടതുണ്ടെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതിൽ ലംഘനം നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവും, 10000 ദിർഹം പിഴയും ലഭിക്കുന്നതിനൊപ്പം, നാട്കടത്തൽ നടപടികൾ നേരിടേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.