ആദ്യ ബാച്ച് ഫൈസർ COVID-19 വാക്സിൻ ദുബായിലെത്തി; ഡിസംബർ 23 മുതൽ എമിറേറ്റിൽ ഫൈസർ വാക്സിൻ നൽകിത്തുടങ്ങും

GCC News

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 23-നു പുലർച്ചെ എമിറേറ്റിലെത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഫൈസർ നിർമ്മിക്കുന്ന ഈ വാക്സിന് യു എ ഇയിൽ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി ആരോഗ്യ മന്ത്രാലയം ഡിസംബർ 22-നു രാത്രി നൽകിയിരുന്നു.

ഈ വാക്സിനിന്റെ ആദ്യ ബാച്ച് ബ്രസൽസിൽ നിന്നാണ് ദുബായിലെത്തിയത്. എമിറേറ്സ് സ്കൈ കാർഗോയുടെ പ്രത്യേക വിമാനത്തിലാണ് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ എമിറേറ്റിലെത്തിയത്.

ദുബായിൽ ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ കുത്തിവെപ്പ് ഡിസംബർ 23 മുതൽ നൽകും

COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികൾ ഡിസംബർ 23, ബുധനാഴ്ച്ച മുതൽ എമിറേറ്റിൽ ആരംഭിക്കുമെന്ന് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനജ്മെന്റ് പ്രഖ്യാപിച്ചു. ഈ വാക്സിനേഷൻ സൗജന്യമായാണ് ജനങ്ങൾക്ക് നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ രാജ്യത്ത് ഡിസംബർ 9 മുതൽ ആരംഭിച്ചിരുന്നു. സിനോഫാം വാക്സിൻ 86 ശതമാനം ഫലപ്രദമാണെന്നാണ് ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയിരുന്നത്.

ഫൈസർ വാക്സിൻ COVID-19 വൈറസിനെതിരെ 95 ശതമാനം ഫലപ്രദമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. 21 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായി നൽകിയ ഫൈസർ വാക്സിൻ പരീക്ഷണങ്ങളിൽ ആരിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല.