യു എ ഇ: ദുബായ് വിസകളിലുള്ളവർക്ക് അബുദാബിയിലേക്ക് യാത്രചെയ്യാമെന്ന് ഇത്തിഹാദ്

UAE

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്ക് തങ്ങളുടെ വിമാനങ്ങളിൽ അബുദാബിയിലേക്ക് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് അറിയിച്ചു. ഓഗസ്റ്റ് 10-നാണ് ഇത്തിഹാദ് കസ്റ്റമർ സർവീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.

“നിങ്ങൾ ദുബായ് റെസിഡൻസി വിസയുള്ള വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്.”, ദുബായ് റെസിഡൻസി വിസകളിലുള്ളവർക്ക് അബുദാബിയിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കാനാകുമോ എന്ന ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടിയായി ഇത്തിഹാദ് കസ്റ്റമർ സർവീസ് വ്യക്തമാക്കി. അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് PCR ടെസ്റ്റ് ആവശ്യമില്ലെന്നും ഇത്തിഹാദ് കസ്റ്റമർ സർവീസ് അറിയിച്ചിട്ടുണ്ട്.

https://www.etihad.com/en-ae/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഔദ്യോഗിക യാത്രാ നിബന്ധനകൾ പ്രകാരം, യു എ ഇയിൽ നിന്ന് രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയ സാധുതയുള്ള യു എ ഇ വിസകളിലുള്ളവർക്കും, മെഡിക്കൽ ജീവനക്കാർ, വിദ്യാഭ്യാസ മേഖലയിൽ ജോലിയെടുക്കുന്നവർ, സർക്കാർ ജീവനക്കാർ തുടങ്ങിയ പ്രത്യേക ഇളവുകളുള്ള വിഭാഗങ്ങൾക്കുമാണ് ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശനാനുമതി നൽകുന്നത്. യു എ ഇയിൽ ചികിത്സാർത്ഥം യാത്രചെയ്യുന്നവർ, യു എ ഇ ഗോൾഡൻ, സിൽവർ വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്കും പ്രവേശനത്തിന് അനുമതിയുണ്ട്.

താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്:

  • ഇവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുമതി നേടിയിരിക്കണം. https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിലൂടെ ICA-യുടെ മുൻ‌കൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ICA-യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ICA പോർട്ടലിൽ മുൻ‌കൂർ അനുമതി ലഭിച്ചവർക്ക് (പോർട്ടലിൽ അപ്രൂവൽ സ്റ്റാറ്റസ് ഒരു ഗ്രീൻ ടിക്ക് ചിഹ്നത്തിൽ അടയാളപ്പെടുത്തുന്നതാണ്) യാത്ര ചെയ്യാവുന്നതാണ്.
  • ഇത്തരം യാത്രികർ അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.
  • ഇവർക്ക് യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി നാല് മണിക്കൂറിനിടയിൽ നേടിയ COVID-19 റാപിഡ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാണ്. ഈ പരിശോധനയ്ക്കായി യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ യാത്രാ സമയത്തിന് ആറ് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • ഇവർക്ക് യു എ ഇയിലെത്തിയ ശേഷം ഒരു PCR ടെസ്റ്റ് ഉണ്ടായിരിക്കും.
  • ഇന്ത്യയിൽ നിന്നുള്ളവർക്ക് അബുദാബിയിലെത്തിയ ശേഷം 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
  • ഇവർ ക്വാറന്റീൻ കാലാവധിയിൽ കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം ധരിക്കേണ്ടതാണ്.
  • അബുദാബി എയർപോർട്ടിൽ നിന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതോടെ യാത്രികർക്ക് അധികൃതർ ഈ ട്രാക്കിങ്ങ് ഉപകരണം നൽകുന്നതാണ്.
  • ഇവർക്ക് ആറാം ദിനത്തിലും, പതിനൊന്നാം ദിനത്തിലും PCR പരിശോധന നിർബന്ധമാണ്.

അതേസമയം, എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഔദ്യോഗിക അനുമതി നേടിയിട്ടുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് എയർലൈൻ ഓഗസ്റ്റ് 10-ന് രാവിലെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.