എക്സ്പോ 2020: ദുബായ് ഭരണാധികാരി ജർമ്മനിയുടെ പവലിയൻ സന്ദർശിച്ചു

UAE

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ജർമ്മനിയുടെ പവലിയൻ സന്ദർശിച്ചു. 2022 ജനുവരി 29-നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഈ പവലിയനുകൾ സന്ദർശിച്ചത്.

എക്സ്പോ വേദിയിലെ സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ജർമ്മൻ പവലിയനിലെത്തിയ അദ്ദേഹം എക്സ്പോ 2020 ദുബായിലെ ജർമൻ പങ്കാളിത്തത്തിന്റെ പ്രാധാന്യം പ്രത്യേകം ചൂണ്ടിക്കാട്ടി.

നൂതന സാങ്കേതികരംഗത്ത് ജർമ്മനി എന്ന രാജ്യം നേടിയിട്ടുള്ള സമഗ്രമായ അറിവിനെയും, പരിജ്ഞാനത്തെയും പ്രകീർത്തിച്ച അദ്ദേഹം, ജർമ്മനി മനുഷ്യകുലത്തിന് സംഭാവന ചെയ്തിട്ടുള്ള ഉപകാരപ്രധാനമാകുന്ന നിരവധി ആശയങ്ങളെ പ്രശംസിച്ചു.

ജർമൻ പവലിയനിലെത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനൊപ്പം ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും, ധനകാര്യ വകുപ്പ് മന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം തുടങ്ങിയവർ അനുഗമിച്ചു. ‘ക്യാമ്പസ് ജർമ്മനി’ എന്ന ആശയത്തിലൂന്നിയാണ് ജർമ്മൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്.

സുസ്ഥിരത അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള നിരവധി നൂതന ആശയങ്ങളുടെ പ്രദർശനങ്ങൾ ജർമ്മൻ പവലിയനിലെത്തുന്ന സന്ദർശകർക്ക് ദർശിക്കാവുന്നതാണ്. സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ഒരുക്കിയിട്ടുള്ള എനർജി ലാബ്, ഫ്യൂച്ചർ സിറ്റി ലാബ്, ബയോഡൈവേഴ്സിറ്റി ലാബ് എന്നിവ ഈ പവലിയന്റെ പ്രത്യേകതകളാണ്.

WAM