യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. 2022 ജനുവരി 12-നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഈ പവലിയനുകൾ സന്ദർശിച്ചത്.
ലോക എക്സ്പോയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങൾ മുന്നോട്ട് വെക്കുന്ന നൂതന ആശയങ്ങൾ, മാനവരാശിയുടെ ഭാവിക്കായി അവതരിപ്പിക്കുന്ന പുതിയ രീതികൾ എന്നിവ അടുത്തറിയുന്നതിന്റെ ഭാഗമായാണ് അദ്ദേഹം എക്സ്പോ 2020 ദുബായ് വേദിയിലെ പവലിയനുകളിലൂടെ പര്യടനം നടത്തുന്നത്. എക്സ്പോ വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ കൊറിയൻ പവലിയനിലെത്തിയ അദ്ദേഹം ഈ പവലിയന്റെ തനതായ ഘടനയെയും, രൂപകൽപ്പനയെയും കുറിച്ച് മനസ്സിലാക്കി.
4650 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ദക്ഷിണ കൊറിയൻ പവലിയൻ, എക്സ്പോ 2020 ദുബായ് വേദിയിലെ ഏറ്റവും വലിയ വലിപ്പമുള്ള പവലിയനുകളിൽ ഒന്നാണ്. ചുറ്റുപാടുകളെ അടിസ്ഥാനമാക്കി ദിവസം മുഴുവൻ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകമായ ഒരു മുഖപ്പ് ഈ പവലിയന്റെ ഒരു സവിശേഷതയാണ്.
ഈ പവലിയൻ അഡ്വാൻസ്ഡ് മൊബിലിറ്റി സൊല്യൂഷനുകളുടെ ഉപയോഗം പ്രദർശിപ്പിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ‘സ്മാർട്ട് കൊറിയ, ലോകത്തെ നിങ്ങളിലേക്ക് മാറ്റുന്നു’ എന്ന പ്രമേയത്തിന് കീഴിൽ, യഥാർത്ഥവും വെർച്വൽ പരിതസ്ഥിതികളും സമന്വയിപ്പിക്കുന്ന ഒരു സംവേദനാത്മക അനുഭവം പ്രദാനം ചെയ്യുന്ന ഭീമൻ ഡിസ്‌പ്ലേ പ്രതലങ്ങൾ ഈ പവലിയന്റെ പ്രത്യേകതയാണ്.
ദക്ഷിണ കൊറിയൻ നാഗരികതയുടെ വിവിധ വശങ്ങളിലേക്കും രാജ്യത്തിന്റെ ആചാരങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും വെളിച്ചം വീശുന്നതിനൊപ്പം, രാജ്യം മുന്നോട്ട് വെക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളെക്കുറിച്ചും, സാംസ്കാരിക പരിപാടികളെക്കുറിച്ചും ഈ പവലിയൻ സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്.
എക്സ്പോ 2020 പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം എക്സ്പോ വേദിയിലെ ബ്രസീലിന്റെ പവലിയനും സന്ദർശിച്ചു. സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ബ്രസീൽ പവലിയൻ സ്ഥിതി ചെയ്യുന്നത്.
‘സുസ്ഥിര വികസനത്തിനായി ഒരുമിച്ച്’ എന്ന പ്രമേയത്തിന് കീഴിൽ, പവലിയൻ ബ്രസീലിന്റെ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ ലോകത്തിന് മുൻപിൽ ഈ പവലിയൻ എടുത്ത് കാട്ടുന്നു. ഇതോടൊപ്പം രാജ്യത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുമായി രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ദേശീയ പരിപാടികളെയും ഈ പവലിയൻ പ്രത്യേകം എടുത്തു കാണിക്കുന്നു.
ആമസോൺ തടത്തിലെ കാഴ്ചകളും ശബ്ദങ്ങളും സൌരഭ്യവും പുനർനിർമ്മിക്കുന്ന ഈ പവലിയൻ ബ്രസീലിന്റെ ജൈവവൈവിധ്യവും സമ്പന്നമായ സംസ്കാരവും അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നു.
സുസ്ഥിര വികസനം വർധിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ ചെറുക്കുന്നതിന് സാങ്കേതിക പരിഹാരങ്ങൾ സ്വീകരിക്കുന്നതിനും ആഗോളതലത്തിൽ നടത്തുന്ന ശ്രമങ്ങളെ തന്റെ പര്യടനത്തിനൊടുവിൽ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ലോകത്തിന് മികച്ച ഭാവി സൃഷ്ടിക്കാൻ സഹായിക്കുന്ന പുതിയ സഹകരണങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
WAM