എക്സ്പോ 2020: ദുബായ് ഭരണാധികാരി യു കെ, മൊറോക്കോ എന്നീ രാജ്യങ്ങളുടെ പവലിയൻ സന്ദർശിച്ചു

GCC News

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി യു കെ, മൊറോക്കോ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. നവംബർ 18-നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഈ പവലിയനുകൾ സന്ദർശിച്ചത്.

നമ്മുടെ ഭൂമിക്ക് വേണ്ടി ജ്വലിക്കുന്നതും, സമൃദ്ധവും, മികച്ചതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് പുത്തൻ ആശയങ്ങളും, ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകളും നിര്‍ണ്ണായകമാണെന്ന് എക്സ്പോ വേദിയിൽ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക ജനതയുടെ ജീവിതം മികച്ച രീതിയിലേക്ക് മാറ്റുന്നതിന് കഴിവുള്ള ആശയങ്ങൾ ഒരുക്കുന്നതിൽ യു എ ഇയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലെ മൊറോക്കോയുടെ പവലിയൻ സന്ദർശിച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് എക്സ്പോ വേദിയിലൂടെയുള്ള തന്റെ പര്യടനം ആരംഭിച്ചത്. ‘വരുംകാലത്തിനായി പാരമ്പര്യം – ആവേശമുണർത്തുന്ന ഉത്ഭവങ്ങളിൽ നിന്ന് സുസ്ഥിരമായ പുരോഗതിയിലേക്ക്’ എന്ന ആശയം ഉൾക്കൊണ്ടാണ് മൊറോക്കോയുടെ പവലിയൻ രൂപകല്പന ചെയ്തിരിക്കുന്നത്.

ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് മൊറോക്കോ എന്ന രാജ്യത്തെക്കുറിച്ചും, അതിന്റെ ചരിത്രം, സ്വത്വം, നേട്ടങ്ങൾ, ഭാവിയെക്കുറിച്ചുള്ള ദർശനങ്ങൾ മുതലായവയും മനസ്സിലാക്കാനാകുന്നതാണ്. ഈ പവലിയൻ രാജ്യത്തിന്റെ ആധുനികത, പാരമ്പര്യം എന്നിവ ഒരു പോലെ പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗത മൊറോക്കൻ ഗ്രാമങ്ങളിൽ കണ്ട് വരുന്ന മണ്ണ് ഉപയോഗിച്ച് കൊണ്ടുള്ള പൈതൃക നിർമ്മാണരീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.

തുടർന്ന് അദ്ദേഹം ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം പവലിയൻ സന്ദർശിച്ചു. പരസ്പര സഹകരണം, പങ്കാളിത്തം എന്നിവയിലൂന്നിയ ഭാവിക്ക് വേണ്ടിയുള്ള മാറ്റങ്ങൾ എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.

സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പോംവഴികൾ വികസിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യ, നിര്‍മ്മാണാത്മകത, നൂതന ആശയങ്ങൾ എന്നീ മേഖലകളിൽ യുണൈറ്റഡ് കിംഗ്ഡം നൽകിയിട്ടുള്ള സംഭാവനകളെ ഈ പവലിയൻ എടുത്ത് കാട്ടുന്നു. അന്തരിച്ച ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗിന്റെ ഒരു പ്രോജക്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്നത്.

ബഹിരാകാശ ശാസ്ത്ര മേഖലയിലും, നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളിലും യു കെ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ ഈ പവലിയനിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഓരോ സന്ദർശകർക്കും വേണ്ടി അനന്യമായ ഒരു കവിതാശകലം രചിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം ഈ പവലിയന്റെ പ്രത്യേകതയാണ്. സന്ദർശകരെ പ്രചോദിപ്പിക്കുന്ന ഈ കവിതാശകലങ്ങൾ പവലിയന്റെ എൽ ഇ ഡിയിൽ തീർത്തിട്ടുള്ള മുഖപ്പിൽ പ്രദർശിപ്പിക്കുന്നതാണ്.

WAM