യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ സൗദി അറേബ്യയുടെയും, ഒമാന്റെയും പവലിയനുകൾ സന്ദർശിച്ചു. ലോക എക്സ്പോയുടെ രണ്ടാം ദിനത്തിലാണ് അദ്ദേഹം ഈ പവലിയനുകൾ സന്ദർശിച്ചത്.
ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. എക്സ്പോയുടെ ആദ്യ ദിവസം ഷെയ്ഖ് മുഹമ്മദ് യു എ ഇ, യു എസ് എ, ചൈന, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചിരുന്നു.
ലോകത്തിന്റെ നിർണായകമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും പുതിയ സുസ്ഥിര വികസന മാർഗ്ഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ആഗോള ആഗോള സമീപനം വളർത്തുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 ദുബായ് നൽകുന്നതെന്ന് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. യു എ ഇയിൽ നടക്കുന്ന ഈ അന്താരാഷ്ട്ര മെഗാ ഇവന്റ് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ശോഭയുള്ള ആഗോള ഭാവി സൃഷ്ടിക്കുന്നതിനും പുതിയ സാങ്കേതികവിദ്യ, പുതുമകൾ, സർഗ്ഗാത്മകത എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള ലോകമെമ്പാടുമുള്ള പരിശ്രമത്തിന് ഗണ്യമായ സംഭാവന നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ്പോയുടെ രണ്ടാം ദിനം അദ്ദേഹം സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചു. സൗദി അറേബ്യയുടെ ‘വിഷൻ 2030’-യെ പ്രതിനിധീകരിക്കുന്ന ഈ പവലിയൻ അതുല്യമായ പരിവർത്തന സാമ്പത്തിക സാമൂഹിക പരിഷ്കരണ രൂപരേഖകളിലൂടെ സൗദി അറേബ്യയെ ലോകത്തിന് മുന്നിൽ തുറക്കുന്നു.
13,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സൗദി പവലിയൻ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്നു. എക്സ്പോ 2020 ദുബായ് സൈറ്റിലെ രണ്ടാമത്തെ വലിയ പവലിയനാണ് ഇത്.
സന്ദർശകർക്ക് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള കാഴ്ചകൾ ഒരുക്കിയാണ് ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. സൗദി ജനത, പ്രകൃതി, പൈതൃകം, അവസരങ്ങൾ എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളിലൂടെ സന്ദർശകർക്ക് രാജ്യത്തെ അടുത്തറിയാൻ ഈ പവലിയനിലൂടെ സാധിക്കുന്നതാണ്. ഭൂമിക്ക് മുകളിൽ ആറ് നിലകളിൽ ഉയർന്ന് നിൽക്കുന്ന ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ സൗദിയുടെ പുരാതന സംസ്കാരവും, പൈതൃകവും, അതിന്റെ പ്രകൃതിദൃശ്യത്തിന്റെ അത്ഭുതങ്ങളും, അതിന്റെ വർത്തമാന, ഭാവി അഭിലാഷങ്ങൾ തേടിയുള്ള ദ്രുതഗതിയിലുള്ള സഞ്ചാരവും അനുഭവവേദ്യമാക്കുന്നു.
ആഗോള സുസ്ഥിരതാ മാനദണ്ഡങ്ങളും വ്യക്തമായ പാരിസ്ഥിതിക കാഴ്ചപ്പാടുകളുമായി ഒത്തുചേർന്ന് പരിസ്ഥിതി സൗഹൃദ ഘടനയിൽ പണിതീർത്തിട്ടുള്ള ഈ പവലിയൻ സൗദി സംരംഭകർ രാജ്യത്ത് നിർമ്മിച്ച സോളാർ പാനലുകൾ ഉപയോഗപ്പെടുത്തുന്നു. എക്‌സ്‌പോ 2020 ദുബായിയുടെ ‘മനസ്സിനെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക’ എന്ന അതിശയകരമായ പ്രമേയത്തിന് അനുസൃതമായി, സൗദി അറേബ്യൻ പവലിയൻ സന്ദർശകർക്കായി രാജ്യത്തിന്റെ 13 മേഖലകളിലെ അതിശയകരമായ കാഴ്ച്ചകൾ അടങ്ങിയ ഒരു പര്യടനമാണ് ഒരുക്കിയിട്ടുള്ളത്.
സന്ദർശനത്തിന്റെ ഭാഗമായി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒമാൻ സുൽത്താനേറ്റിന്റെ പവലിയനിലുമെത്തിയിരുന്നു. എക്സ്പോ 2020 ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഒമാൻ പവലിയൻ സ്ഥിതി ചെയ്യുന്നത്.
ഒമാന്റെ പ്രകൃതി സമ്പത്തിലും, സാംസ്‌കാരിക പൈതൃകത്തിലും ഊന്നിയാണ് ഈ പവലിയനിലെ കാഴ്ച്ചകളും, അനുഭവങ്ങളും ഒരുക്കിയിരിക്കുന്നത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.
സന്ദർശകർക്ക് മുന്നിൽ, ഒമാൻ എന്ന രാജ്യത്തിന്റെ ഗതാഗതം, അറിവ്, നിർമ്മാണം, സുസ്ഥിരത, പര്യവേക്ഷണം എന്നീ മേഖലകളിൽ കുന്തിരിക്കം ചെലുത്തിയിട്ടുള്ള സ്വാധീനം വെളിപ്പെടുത്തുന്ന പ്രദർശനം ഒമാൻ പവലിയന്റെ ആകർഷണങ്ങളിലൊന്നാണ്. ഒമാനിലെ 400-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നുള്ള 2000-ത്തിൽ പരം ചരക്കുകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന ഒരു വാണിജ്യ കേന്ദ്രവും ഈ പവലിയന്റെ പ്രത്യേകതയാണ്.
രാജ്യത്തിന്റെ ‘ഒമാൻ 2040’ ദർശനം ഉൾക്കൊള്ളുന്ന വിവിധ ഒമാനി സ്ഥാപനങ്ങളുടെ നേട്ടങ്ങൾ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഒമാന്റെ ചരിത്രവും രാജ്യത്തിന്റെ നാഗരികവും മാനുഷികവുമായ നേട്ടങ്ങളും അതിന്റെ ഭാവി അഭിലാഷങ്ങളും സന്ദർശകർക്കായി ഈ പവലിയൻ വെളിപ്പെടുത്തുന്നു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (MEASA) മേഖലയിൽ നടക്കുന്ന ആദ്യത്തെ ലോക എക്‌സ്‌പോയാണ് എക്സ്പോ 2020 ദുബായ്. 192 രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ മേളയിൽ രാജ്യങ്ങളുടെയും, ലോകമെമ്പാടുമുള്ള വിവിധ സംഘടനകളുടെയും പവലിയനുൾ ഒരുക്കിയിട്ടുണ്ട്. ഈ മെഗാ ഇവന്റ് 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് സംഘടിപ്പിക്കുന്നത്.
WAM