ദുബായ് സഫാരി പാർക്ക് സന്ദർശകർക്ക് തുറന്നു കൊടുത്തു

UAE

സമഗ്രമായ നവീകരണ പ്രവർത്തനങ്ങൾക്കും, നിർമ്മാണ പ്രവർത്തനങ്ങൾക്കും ശേഷം ഒക്ടോബർ 5, തിങ്കളാഴ്ച്ച മുതൽ ദുബായ് സഫാരി പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു. എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കും ആസ്വദിക്കാവുന്ന വിനോദവും, വിജ്ഞാനവും കോർത്തിണക്കിയ നിരവധി പുതുമകളുമായാണ് 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് സഫാരി പാർക്ക് പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുള്ളത്.

2017 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച ദുബായ് സഫാരി പാർക്ക്, പിന്നീട് അതി വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്കായി 2018 ഏപ്രിലിൽ അടയ്ക്കുകയായിരുന്നു. 119 ഹെക്ടറിൽ മനോഹരമാക്കി നിർത്തിയിട്ടുള്ള ദുബായ് സഫാരി പാർക്ക്, അനേകം ജീവജാലങ്ങൾക്കുള്ള വാസസ്ഥലം ഒരുക്കുന്നു. സസ്തനികൾ, പക്ഷികൾ, ഉഭയജീവകള്‍ തുടങ്ങി ഏതാണ്ട് 3000 ജീവജാലങ്ങൾ ഇവിടെ വസിക്കുന്നുണ്ട്.

പാർക്കിലെ ആകർഷണങ്ങളായ കൊമോഡോ ഡ്രാഗൺ, സ്പൈറൽ ഹോൺഡ് ആന്റലോപ്, അറേബ്യൻ ഒറിക്‌സ്, ആഫ്രിക്കൻ കാട്ടുനായ, ഗൊറില്ല തുടങ്ങിയ അപൂർവ്വ ജീവികൾക്ക് പുറമെ ആഫ്രിക്കൻ ആനകൾ, ജിറാഫ് എന്നിവയെയും പുതിയതായി സഫാരി പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ, ഏഷ്യൻ, എക്സ്പ്ലോറർ എന്നിങ്ങനെ പ്രധാനമായും മൂന്ന് ഗ്രാമങ്ങളാണ് പാർക്കിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഇതിനു പുറമെ സന്ദർശകർക്കായി അറേബ്യൻ ഡസേർട് സഫാരി ടൂർ എന്ന പരിപാടിയും ആസ്വദിക്കാവുന്നതാണ്.

സന്ദർശകരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും പാർക്കിൽ നടപ്പിലാക്കിയിട്ടുണ്ട്. പാർക്കിലെത്തുന്ന സന്ദർശകർ നിർബന്ധമായും ഓൺലൈനിലൂടെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്. ദിനവും രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് ദുബായ് സഫാരി പാർക്കിൽ സന്ദർശകർക്ക് പ്രവേശനം നൽകുന്നത്.

https://dubaisafari.ae/ എന്ന വിലാസത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 3 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.