ദുബായ്: അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾക്ക് DHA താത്കാലിക വിലക്കേർപ്പെടുത്തി

GCC News

എമിറേറ്റിലെ ആശുപത്രികളിൽ അടിയന്തിര സ്വഭാവമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഉത്തരവിറക്കി. 2021 ഫെബ്രുവരി 19 വരെയാണ് ഇത്തരം ശസ്ത്രക്രിയകൾ താത്കാലികമായി നിർത്തിവെക്കാൻ DHA ആവശ്യപ്പെട്ടിട്ടുള്ളത്.

ദുബായിലെ എല്ലാ അംഗീകൃത ഹോസ്പിറ്റലുകൾക്കും, സർജറി ക്ലിനിക്കുകൾക്കും ജനുവരി 21-ന് DHA പുറത്തിറക്കിയ ഈ അറിയിപ്പ് ബാധകമാക്കിയിട്ടുണ്ട്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സകൾ മുൻഗണനാ ക്രമത്തിൽ ഉറപ്പാക്കുന്നതിനായാണ് DHA ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തിര സ്വഭാവമുള്ള ശാസ്ത്രക്രിയകൾക്ക് ഈ തീരുമാനം ബാധകമല്ല. ന്യൂറോ സർജറി, ഒടിവുകൾക്കുള്ള സർജറി, അംഗവൈകല്യസംബന്ധമായ ചികിത്സ, ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾ, മൂത്രാശയസംബന്ധമായ ശസ്ത്രക്രിയകൾ, മറ്റു അടിയന്തിര ശസ്ത്രക്രിയകൾ മുതലായവ ഈ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.