എമിറേറ്റിലെ 766 പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (IACAD) അറിയിച്ചു. രാജ്യത്തെ പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചു കൊണ്ടുള്ള യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) തീരുമാനത്തെ തുടർന്നാണ് IACAD ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്.
വെള്ളിയാഴ്ച്ച പ്രാർത്ഥനയ്ക്കായി തുറക്കാൻ തീരുമാനിച്ചിട്ടുള്ള പള്ളികളിൽ എത്തുന്ന വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതോടെയാണ് IACAD ഈ തീരുമാനം പ്രഖ്യാപിച്ചത്. കർശനമായ COVID-19 പ്രതിരോധ മുൻകരുതൽ നടപടികൾക്ക് വിധേയമായി എമിറേറ്റിലെ 766 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് വിശ്വാസികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതായി IACAD അറിയിപ്പിൽ വ്യക്തമാക്കുന്നു. പള്ളികളിലെത്തുന്നവർ സമൂഹ അകലം, മാസ്കുകൾ, മറ്റു ശുചിത്വ നിർദ്ദേശങ്ങൾ എന്നിവ പാലിക്കണമെന്നും IACAD ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിശ്വാസികൾക്ക് വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനായി മുൻപ് വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ ഇല്ലാതിരുന്ന 60 പള്ളികളിൽ കൂടി അവ അനുവദിച്ചതായും IACAD അറിയിച്ചു.
ഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് (SDISA) നേരത്തെ അറിയിച്ചിരുന്നു.