ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം രണ്ടാഴ്ചത്തേക്ക് 24 മണിക്കൂറാക്കി നീട്ടാൻ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചു.
കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ ദിനവും വൈകീട്ട് 8 മണി മുതൽ പിറ്റേന്ന് രാവിലെ 6 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഇന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓരോ എമിറേറ്റുകളോടും അവരുടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ നടപടികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ ദുബായിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും ഏപ്രിൽ 4 ശനിയാഴ്ച്ച വൈകീട്ട് 8 മുതൽ അടുത്ത രണ്ടാഴ്ചത്തേക്ക് ദിവസം മുഴുവനും തുടരാൻ തീരുമാനിച്ചത്. ഈ കാലയളവിൽ മെട്രോ, ട്രാം എന്നിവയുടെ സർവീസുകൾ പൂർണ്ണമായും നിർത്തലാക്കിയിട്ടുണ്ട്.
രണ്ടാഴ്ചത്തേക്ക് ദുബായിൽ ആരോഗ്യ സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ട്. ദുബായിലുടനീളം ഈ കാലയളവിൽ യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നിയമടപടികളുണ്ടാകുമെന്ന് അധികൃതർ ഓർമ്മപെടുത്തി. യൂണിയൻ കോഓപ്പറേറ്റീവ് സ്റ്റോറുകൾ, ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്ന കേന്ദ്രങ്ങൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ പ്രവർത്തിക്കും. ജനസാന്ദ്രത കൂടിയ ഇടങ്ങളിലെല്ലാം COVID-19 രോഗബാധ കണ്ടെത്തുന്നതിനായുള്ള ആരോഗ്യ പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങളോട് അടിയന്തിര ആവശ്യങ്ങൾക്കൊഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ആരോഗ്യ സംബന്ധമായ അടിയന്തിര സാഹചര്യങ്ങളിലും, COVID-19 പരിശോധനകൾക്കും, ഭക്ഷണം, മരുന്ന് മുതലായ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മാത്രമാണ് പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കുക. അവശ്യ സാധനങ്ങൾ വാങ്ങുവാനായി പുറത്ത് പോകുന്നതിനു ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ അനുവാദം ഉണ്ടായിരിക്കൂ എന്നും ഗ്ലോവ്സ്, മാസ്ക് എന്നിവ ഈ അവസരങ്ങളിൽ നിർബന്ധമായും ധരിക്കണമെന്നും മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം കർശനമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ആരോഗ്യ മേഖല, ഭക്ഷണ വിതരണം, സുരക്ഷ, വൈദ്യുതി, ജല വിതരണം മുതലായ അടിയന്തിര സ്വഭാവമുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
1 thought on “ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം 24 മണിക്കൂറാക്കി നീട്ടി; 2 ആഴ്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ”
Comments are closed.