ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനരീതി തുടരുമെന്ന് KHDA

UAE

2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം സെമസ്റ്ററിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള പഠനരീതി തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി. എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്ററിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് KHDA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, കർശനമായ COVID-19 സുരക്ഷാ മുൻകരുതലുകളോടെ ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാർഥികൾ ക്ലാസുകളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം തുടരുമെന്ന് KHDA അറിയിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥികൾ ഒന്നിച്ച് കൂടാൻ ഇടയാകുന്ന പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്കുകൾ രണ്ടാം സെമസ്റ്ററിലും തുടരുന്നതാണ്.

രണ്ടാം സെമസ്റ്ററിന്റെ ആദ്യ രണ്ട് ആഴ്ച്ച കാലയളവിൽ സ്‌കൂൾ കാന്റീനുകൾ അടച്ചിടുമെന്ന് KHDA വ്യക്തമാക്കി. സ്‌കൂളുകളിൽ കുട്ടികൾ സംഘം ചേരുന്നതിന് ഇടയുള്ള പരിപാടികൾ, സ്‌കൂളുകളിൽ നിന്നുള്ള പഠനയാത്രകൾ എന്നിവയ്ക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായും KHDA കൂട്ടിച്ചേർത്തു.