ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബായ്

UAE

ദുബായ് നഗരത്തിലെ വിവിധ ഇടങ്ങളിലായി 2024 ഒക്ടോബർ 25
മുതൽ നവംബർ 7 വരെ ദീപാവലി ആഘോഷങ്ങളും, വിനോദപരിപാടികളും സംഘടിപ്പിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ വൈവിധ്യമാർന്ന കല സാംസ്കാരിക പരിപാടികളിലൂടെ ഫെസ്റ്റിവൽ ഓഫ് ലൈറ്റിസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ദുബായ്. ഇതിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികൾ, സംഗീതനിശകൾ, നാടകങ്ങൾ, ഹാസ്യപരിപാടികൾ, കലാപരിപാടികൾ, സാമൂഹികപരിപാടികൾ എന്നിവ ദുബായിൽ അരങ്ങേറും.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) തിരഞ്ഞെടുത്തിട്ടുള്ള പരിപാടികളുടെ പട്ടിക എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഒരു പോലെ ആസ്വദിക്കാനാകുന്നതാണ്. ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ദുബായിൽ പ്രത്യേക കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

അൽ സീഫിൽ ഒക്ടോബർ 25-നും, ഗ്ലോബൽ വില്ലേജിൽ ഒക്ടോബർ 25, 26, നവംബർ 1, 2 തീയതികളിലും ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വെടിക്കെട്ട് നടക്കുന്നതാണ്. അൽ സീഫിൽ ഒക്ടോബർ 25 മുതൽ ഒക്ടോബർ 27 വരെ നടക്കുന്ന നൂർ – ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ് ഏറെ ശ്രദ്ധേയമാണ്.

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ദീപാലങ്കാരക്കാഴ്ചകൾ, കലാരൂപങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ ഒക്ടോബർ 26-ന് നടക്കാനിരിക്കുന്ന ദീപാവലി ഉത്സവ് 2024-ൽ ഇന്ത്യൻ നാടോടി നൃത്ത പ്രകടനങ്ങൾ, എല്ലാ പ്രായക്കാർക്കുമുള്ള ഗെയിമുകൾ, റൈഡുകൾ, ആക്‌റ്റിവിറ്റികൾ എന്നിവ അരങ്ങേറുന്നതാണ്.

ഗ്ലോബൽ വില്ലേജിൽ നടക്കുന്ന പ്രത്യേക ദീപാവലി ആഘോഷങ്ങൾ 2024 ഒക്ടോബർ 28 മുതൽ നവംബർ 3 വരെയാണ്. ഇതിന്റെ ഭാഗമായി രംഗോലി ആർട്ട് പെയിൻ്റിംഗ്, പ്രധാന സ്റ്റേജിലെ കലാപ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, ഇന്ത്യ പവലിയനിലെ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ് മാർക്കറ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.