ദുബായിലെത്തുന്ന മുഴുവൻ വിനോദ സഞ്ചാരികൾക്കും സൗജന്യ ഡിസ്‌കൗണ്ട് കാർഡുകൾ നൽകുന്നു

GCC News

എമിറേറ്റിലേക്കെത്തുന്ന മുഴുവൻ വിനോദ സഞ്ചാരികൾക്കും വാണിജ്യ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ മുതലായ ഇടങ്ങളിൽ വിവിധ തരത്തിലുള്ള ഇളവുകൾ ലഭ്യമാക്കുന്ന പ്രത്യേക സൗജന്യ ഡിസ്‌കൗണ്ട് കാർഡുകൾ നൽകാൻ ദുബായ് തീരുമാനിച്ചു. അൽ സാദാ ടൂറിസ്റ്റ് സ്മാർട്ട് കാർഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്‌കൗണ്ട് കാർഡ് പദ്ധതി എമിറേറ്റിലെത്തുന്ന മുഴുവൻ ടൂറിസ്റ്റുകൾക്കും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) വ്യക്തമാക്കിയിട്ടുണ്ട്.

ഈ സ്മാർട്ട് സംവിധാനം ഉപയോഗിച്ച് കൊണ്ട് വിനോദ സഞ്ചാരികൾക്ക് ദുബായിൽ തങ്ങുന്ന കാലയളവിൽ വിവിധ തരത്തിലുള്ള വിലക്കിഴിവുകൾ ലഭിക്കുന്നതാണ്. ജിടെക്സ് ടെക്നോളജി വീക്ക് 202-ൽ വെച്ച് ഡിസംബർ 10, വ്യാഴാഴ്ച്ചയാണ് GDRFA ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അൽ മാരി, ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സമി അൽ ഖംസി എന്നിവർ ഈ നൂതന സംവിധാനം ഉദ്‌ഘാടനം ചെയ്തത്.

ദുബായിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിമാനത്താവളത്തിലെ പാസ്സ്‌പോർട്ട് കണ്ട്രോൾ കൗണ്ടറിൽ നിന്ന് പ്രത്യേക ബാർകോഡ് സ്കാൻ ചെയ്ത് കൊണ്ട് തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ അൽ സാദാ ടൂറിസ്റ്റ് സ്മാർട്ട് കാർഡ് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് എമിറേറ്റിലുടനീളമുള്ള വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്രത്യേക വിലക്കിഴിവുകൾ നേടാവുന്നതാണ്. ഡിസ്‌കൗണ്ടുകൾക്ക് പുറമെ ഈ ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമായുള്ള പ്രത്യേകാനുകൂല്യങ്ങളും, ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും പ്രചാരണത്തിന്റെ ഭാഗമായുള്ള ഇളവുകളും ലഭിക്കുന്നതാണ്.

ഡിസ്‌കൗണ്ടുകൾ നേടുന്നതിനായി ഈ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, സന്ദർശകർ ആപ്പിലൂടെ തങ്ങളുടെ പാസ്പോർട്ട് നമ്പർ, ആഗമന തീയ്യതി എന്നിവ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് GDRFA വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴിൽ പ്രത്യേക വിലക്കിഴിവുകൾ നൽകുന്ന ദുബായിലെ വിവിധ സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനായി, ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള മാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിൽ നിന്ന് സന്ദർശകർക്ക് എമിറേറ്റിലുടനീളം അൽ സാദാ ടൂറിസ്റ്റ് സ്മാർട്ട് കാർഡ് ഉപയോഗിച്ച് ഡിസ്‌കൗണ്ട് അനുവദിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്.