ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 4 സ്ഥാപനങ്ങൾ ദുബായ് ടൂറിസം അടപ്പിച്ചു

UAE

COVID-19 പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 4 സ്ഥാപനങ്ങൾ അടപ്പിച്ചതായും, 14 സ്ഥാപനങ്ങളുടെ പെർമിറ്റ് താത്‌കാലികമായി റദ്ദാക്കിയതായും ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് അറിയിച്ചു. വീഴ്ചകൾ വരുത്തിയ 19 വാണിജ്യ സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും ദുബായ് ടൂറിസം വ്യക്തമാക്കി.

എമിറേറ്റിലെ രോഗവ്യാപനത്തിൽ ലഭിച്ച നിയന്ത്രണവും, വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ തീരുമാനം തുടരുന്നതിനും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ കർശനമായി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം ദുബായ് ടൂറിസം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ ഇടം എന്ന ദുബായിയുടെ പദവി നിലനിർത്തുന്നതിന് ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ചകൂടാതെ നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിൽ നിന്ന് എമിറേറ്റിന് ലഭിച്ച ‘സേഫ് ട്രാവൽ’ മുദ്ര ദുബായിൽ നടപ്പിലാക്കുന്ന സമഗ്രമായ കൊറോണ വൈറസ് പ്രതിരോധ നടപടികളെ അടിവരയിടുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന ഹോട്ടലുകൾ, വ്യാപാര ശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് എമിറേറ്റ് ‘ദുബായ് അഷുർഡ്’ അംഗീകാരം നൽകുന്നതുൾപ്പടെയുള്ള നടപടികൾ, ദുബായിലെത്തുന്ന യാത്രികരുടെ ആത്മവിശ്വാസം ഉറപ്പാക്കുന്നതിനായി ലക്ഷ്യമിടുന്നു. ദുബായിലെത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവൻ സമൂഹത്തോടും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ദുബായ് ടൂറിസം ആഹ്വാനം ചെയ്‍തു.

ഇത്തരം നിർദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ടൂറിസം ഉദ്യോഗസ്ഥർ വിട്ടുവീഴ്ചകളില്ലാത്ത പരിശോധകൾ നടത്തുന്നതാണ്. വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്നും ദുബായ് ടൂറിസം വ്യക്തമാക്കി.