ദുബായ്: സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ DHA മാറ്റം വരുത്തി

UAE

എമിറേറ്റിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ജനുവരി 27-ന് രാത്രിയാണ് DHA ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

എമിറേറ്റിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, ആരോഗ്യ മേഖലയിലെ പ്രതിരോധ നടപടികൾ ശക്തപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് DHA വ്യക്തമാക്കി. ഈ തീരുമാനങ്ങൾ ജനുവരി 27 മുതൽ പ്രാബല്യത്തിൽ വന്നതായും DHA കൂട്ടിച്ചേർത്തു.

ജനുവരി 27 മുതൽ ദുബായിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ:

  • തിരക്കൊഴിവാക്കുന്നതിനായി മുഴുവൻ രോഗികൾക്കും മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാക്കണം. ഓരോ ബുക്കിങ്ങുകൾക്കിടയിലും 20 മിനിറ്റ് ഇടവേള ഉറപ്പാക്കേണ്ടതാണ്. രോഗികളുടെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ചുരുങ്ങിയത് 2 മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • മുഴുവൻ ജീവനക്കാർക്കും, സന്ദർശകർക്കും മാസ്കുകളും, സാമൂഹിക അകലവും നിർബന്ധമാണ്. മാസ്കുകൾ മുഴുവൻ സമയങ്ങളിലും ധരിക്കേണ്ടതാണ്.
  • രോഗികളുടെ മെഡിക്കൽ ഹിസ്റ്ററി, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ അത് സംബന്ധമായ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തേണ്ടതാണ്. മുഴുവൻ COVID-19 സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
  • ദന്തപരിചരണ വിഭാഗം, ENT തുടങ്ങിയ വിഭാഗങ്ങളിലെത്തുന്ന മുഴുവൻ രോഗികൾക്കും കൊറോണ വൈറസ് ബാധയില്ലാ എന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ നടത്തേണ്ടതാണ്.
  • മുഴുവൻ ജീവനക്കാരും PPE ഉപകരണങ്ങൾ ധരിക്കേണ്ടതാണ്.
  • ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള കുട്ടികളുടെ കളിയിടങ്ങൾ അടച്ചിടേണ്ടതാണ്.
  • സന്ദർശകർക്കായി സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.
  • സാമൂഹിക അകലം ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള അറിയിപ്പുകൾ പ്രദർശിപ്പിക്കേണ്ടതാണ്.
  • സമ്പർക്ക ചികിത്സ ആവശ്യമായി വരുന്ന മുഴുവൻ രോഗികൾക്കും COVID-19 PCR നടത്തി രോഗബാധയില്ലാ എന്ന് ഉറപ്പാക്കേണ്ടതാണ്.