രാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 26-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം മൂലം സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ഗവർണറേറ്റുകളിലെ മരുഭൂപ്രദേശങ്ങളിലും, തുറന്ന ഇടങ്ങളിലും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ട്.
ദുഖം, തുമ്രിത് തുടങ്ങിയ പ്രദേശങ്ങളിൽ മുപ്പത് നോട്ടിൽ കൂടുതൽ വേഗതയിൽ കാറ്റ് അനുഭവപ്പെടുന്നതായും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലെ മലയോരമേഖലകളിലും, തീരപ്രദേശങ്ങളിലും, അൽ ഹജാർ മലനിരകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.