സൗദി: 4 വിമാനത്താവളങ്ങളിലൂടെ എത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനായി ഡിജിറ്റൽ അനുമതി സംവിധാനം ഏർപ്പെടുത്തി

Saudi Arabia

രാജ്യത്തേക്ക് പ്രവേശിക്കുന്ന ഗാർഹിക തൊഴിലാളികളെ എയർപോർട്ടിൽ സ്വീകരിക്കുന്നതിനുള്ള അനുമതി ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ നൽകുന്നതിനുള്ള സേവനം സൗദി അറേബ്യയിലെ നാല് വിമാനത്താവളങ്ങളിൽ പ്രയോഗക്ഷമമാക്കിയതായി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളുടെ സ്പോൺസർഷിപ്പിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഗാർഹിക തൊഴിലാളികളെ എയർപോർട്ടിൽ സ്വീകരിക്കുന്നതിനായി തൊഴിലുടമയ്ക്ക് ആരെ വേണമെങ്കിലും ചുമതലപ്പെടുത്താവുന്നതാണ്. നിലവിൽ താഴെ പറയുന്ന സൗദി വിമാനത്താവളങ്ങളിലാണ് ഈ ഇ-സേവനം ലഭ്യമാക്കിയിരിക്കുന്നത്:

  • കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, റിയാദ്.
  • കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട്, ദമ്മാം.
  • കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട്, ജിദ്ദ.
  • പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട്, മദീന.

ഇത്തരത്തിൽ നൽകുന്ന ഇ-അനുമതികൾക്ക് അനുവദിച്ച തീയതി മുതൽ മുപ്പത് ദിവസത്തെ സാധുത ഉണ്ടായിരിക്കുന്നതാണ്.