അബുദാബി പരിസ്ഥിതി വകുപ്പ് ഒരു സംഘം അറേബ്യൻ ഓറിക്സ് മാനുകളെ ഹൗബാര സംരക്ഷിത മേഖലയിലേക്ക് തുറന്നു വിട്ടു

UAE

ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അറേബ്യൻ ഓറിക്സ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി, അബുദാബി പരിസ്ഥിതി വകുപ്പ് (EAD) പുതിയതായി ഒരു സംഘം അറേബ്യൻ ഓറിക്സ് മാനുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു. അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലെ ഹൗബാര സംരക്ഷിത മേഖലയിലേക്കാണ് ഇവയെ തുറന്ന് വിട്ടിട്ടുള്ളത്.

ഈ വർഷം അവസാനത്തോടെ ഹൗബാര സംരക്ഷിത മേഖലയിലേക്ക് ഘട്ടം ഘട്ടമായി തുറന്ന് വിടാൻ ഉദ്ദേശിക്കുന്ന 100 അറേബ്യൻ ഓറിക്സ് മാനുകളുടെ ആദ്യ സംഘമാണിത്. അറേബ്യൻ ഓറിക്സ് വംശത്തിന്റെ നിലനിൽപ്പിനു നിര്‍ണ്ണായകമായ പ്രവർത്തനങ്ങളുടെ ഭാഗമായി, അബുദാബി പരിസ്ഥിതി വകുപ്പും, അൽ ദഫ്‌റ മുൻസിപ്പാലിറ്റിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഏതാണ്ട് 774 സ്‌ക്വയർ കിലോമീറ്ററിൽ സ്ഥിതിചെയ്യുന്ന ഹൗബാര സംരക്ഷിത മേഖലയിലെ മണൽപ്പരപ്പുകൾ വിവിധ ഇനം സസ്യങ്ങളുടെയും, ജീവിവർഗ്ഗങ്ങളുടെയും ആവാസകേന്ദ്രമാണ്. 2008-ലാണ് ഹൗബാര സംരക്ഷിത മേഖലയ്ക്ക് രൂപം നൽകിയത്. ഹൌബര ബസ്റ്റാർഡ് പക്ഷികളുടെ സംരക്ഷണത്തിനാവശ്യമായ സ്വാഭാവിക ആവാസവ്യവസ്ഥകൾ പരിരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സംരക്ഷിത മേഖല ആരംഭിച്ചത്.

“വന്യജീവികളുടെയും, വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും സംരക്ഷണത്തിനായി എമിറേറ്റ് പ്രതിജ്ഞാബദ്ധമാണ്. രാജകീയ പ്രൗഢിയുള്ള അറേബ്യൻ ഓറിക്സ് മാനുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിടുന്ന ഈ പദ്ധതി ഞങ്ങൾക്ക് വളരെ അഭിമാനകരമായ ഒന്നാണ്. 1968-ൽ അൽ ഐൻ സിറ്റിയിൽ ആരംഭിച്ച അറേബ്യൻ ഓറിക്സ് സംരക്ഷണ നടപടികളുടെ പ്രയത്നങ്ങൾക്ക് ഇത് അടിവരയിടുന്നു.”, അറേബ്യൻ ഓറിക്സ് മാനുകളെ ഹൗബാര സംരക്ഷിത മേഖലയിലേക്ക് തിരികെയെത്തിക്കുന്ന നിമിഷത്തിൽ ഷെയ്ഖ് ഹംദാൻ തന്റെ സന്തോഷവും, അഭിമാനവും മറച്ച് വെച്ചില്ല.

വളവില്ലാതെ നീണ്ടു കുത്തനെ നിൽക്കുന്ന കൊമ്പോടുകൂടിയ മാൻ വർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയാണ്‌ ഓറിക്സ്. ഇതിലെ അറേബ്യൻ ഉപദ്വീപിലെ വിശാലമായ പുല്‍പ്രദേശങ്ങളിലും മരുഭൂമികളിലും കാണപ്പെടുന്ന വിഭാഗമാണ് അറേബ്യൻ ഓറിക്സ്. വെളുത്ത് മിനുത്ത ദേഹത്തോടെ കണ്ടുവരുന്ന ഈ മാനുകൾ 1970-കളുടെ തുടക്കത്തിൽ വന്യമേഖലകളിൽ നിന്ന് പൂർണ്ണമായും വംശനാശം നേരിട്ടിരുന്നു. ഏതാനം സ്വകാര്യ വന്യമൃഗസങ്കേതങ്ങളിലും മൃഗശാലകളിലും മാത്രം ബാക്കിയായ ഓറിക്സുകൾ പരിസ്ഥിതി പ്രവർത്തകരുടെയും സംഘടനകളുടെയും ശ്രമഫലമായി വന്യതയിലേക്ക് തിരികെ വരികയായിരുന്നു. ഇന്നും ഇവ വംശനാശഭീഷണിയിൽ നിന്ന് പൂർണ്ണമായും മുക്തമായ ഒരു വന്യജീവി വിഭാഗമല്ല.

അറേബ്യൻ ഓറിക്സുകൾക്ക് അവയുടെ വംശവർദ്ധനവിനായി അവയുടെ പൗരാണിക മേച്ചിലിടങ്ങളിൽ വലിയ സംരക്ഷിത മേഖലകൾ ഒരുക്കുന്നതിനും ആരോഗ്യപരമായ എണ്ണങ്ങളുള്ള അവയുടെ കൂട്ടങ്ങൾ ഉണ്ടാകുക എന്നതിനുമായി 2007 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അറേബ്യൻ ഓറിക്സ് റീഇൻട്രൊഡക്ഷൻ പ്രോഗ്രാം പ്രവർത്തിച്ച് വരുന്നു. നിലവിൽ യു എ ഇയിൽ ഏതാണ്ട് 10000-ത്തിൽ പരം അറേബ്യൻ ഓറിക്സ് മാനുകൾ ഉള്ളതായാണ് കണക്കാക്കുന്നത്. ഇതിൽ 5000-ത്തോളം മാനുകൾ അബുദാബിയിലാണ് കണ്ടുവരുന്നത്.