രാജ്യത്തെ സ്വകാര്യ വാണിജ്യ മേഖലയിൽ, കൊറോണ വൈറസ് പ്രതിസന്ധി മൂലമുണ്ടായ ആഘാതങ്ങളെ നേരിടുന്നതിന് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നടപടികളെക്കുറിച്ച് ഒമാനിലെ എക്കണോമിക് കമ്മിറ്റി അവലോകനം നടത്തി. സ്വകാര്യ മേഖലയിലെ പ്രതിസന്ധി തരണം ചെയ്യുന്നതിനും, നിലവിലെ സഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമായി കൈകൊണ്ടിരുന്ന വിവിധ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ചും കമ്മിറ്റി വിലയിരുത്തി.
ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 2, വ്യാഴാഴ്ച്ച ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ, പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച സ്ഥാപനങ്ങൾക്കുള്ള അടിയന്തിര വായ്പാ പദ്ധതികൾ, സർക്കാർ തലത്തിൽ കൈകൊണ്ട വിവിധ വാണിജ്യ, വ്യാവസായിക, പ്രോത്സാഹന പദ്ധതികൾ എന്നിവയെക്കുറിച്ചും കമ്മിറ്റി ചർച്ച ചെയ്യുകയുണ്ടായി. ഇത്തരം സഹായക പദ്ധതികളെ കുറിച്ച് എക്കണോമിക് കമ്മിറ്റി നടത്തിയ സമഗ്രമായ പഠനത്തിന് ശേഷം, ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങൾ സുപ്രീം കമ്മിറ്റിയ്ക്ക് മുൻപാകെ സമർപ്പിക്കാനും യോഗത്തിൽ ധാരണയായി.