“മഴ പെയ്തു തോർന്നെന്നു തോന്നുന്നു, എന്നാലും കുടയെടുക്കാം; പോകുന്ന വഴിക്കെങ്ങാനും മഴ വീണ്ടും വന്നാലോ!”, ഈ ആലോചനാ ബുദ്ധിപോലും COVID-19 മഹാമാരിയോട് നമ്മൾ പുലർത്തുന്നില്ലല്ലോ എന്നാലോചിക്കുമ്പോൾ സങ്കടം. ലോകം മുഴുവൻ ഇനിയും ഉത്തരം കിട്ടാതെ ഇരുട്ടിൽ തപ്പിക്കളിക്കുമ്പോളും, മഹാമാരി പോലും ഒരു “നേരംപോക്ക്” എന്ന മട്ടിലുള്ള സമീപനം ചിലരെങ്കിലും തുടരുന്നത് വളരെ വേദനയുളവാക്കുന്ന ഒരു കാര്യമാണ്.
മാസ്ക് ധരിക്കാതിരിക്കുക, താടിക്ക് കവചമായി മാസ്ക് താഴ്ത്തിവയ്ക്കുക, പോലീസിനെ ഭയന്നുള്ള ക്വിക്ക് മാസ്ക് അടവുകൾ… അങ്ങിനെ പോകുന്നു ജനങ്ങളുടെ അശ്രദ്ധ. ജീവിക്കാനായി പുറത്തിറങ്ങേണ്ടി വരുന്ന ജനങ്ങളെ മനസ്സിലാക്കാം; എന്നാൽ അവർക്കൊപ്പം നാട് നിരീക്ഷിക്കാൻ വേണ്ടി മാത്രം COVID-19 പ്രോട്ടോക്കോളുകൾ പാലിക്കാതെ ഇറങ്ങുന്നവർ സ്വയം ചിന്തിച്ച് ഒതുങ്ങിയിരിക്കാതെ ഈ വ്യാപനം തടയാൻ പ്രയാസമായിരിക്കും.
പരസ്പ്പരമുള്ള കരുതൽകൊണ്ട് മാത്രം നിയന്ത്രിക്കാൻ കഴിയുന്ന ഈ മഹാവ്യാധിയോട് നമ്മൾ ജനങ്ങൾ ഒന്നുകൂടി ഉണർന്ന് സഹകരിക്കേണ്ടത് അനിവാര്യമായി കാണണം. “ഇതൊക്കെ ആർക്കാണ് അറിയാൻ പാടില്ലാത്തത്”, എന്ന കേവല ചിന്ത തത്ക്കാലം മാറ്റിവെച്ചാൽ എല്ലാവരിലേക്കും ഈ കരുതലിന്റെ പ്രാധാന്യം പകർന്നു കൊടുക്കാൻ സമൂഹത്തിനു സാധിക്കും. ഓരോ വീടുകളും ഈ മഹാവ്യാധിയെ ചെറുക്കുന്നതിൽ പങ്കാളികളാകേണ്ടതുണ്ട്, സ്വയം ദേഹശുദ്ധി വരുത്തുന്നതിനോടൊപ്പം മനസ്സിലെ തെറ്റിദ്ധാരണകളും, ഭയവും, പുച്ഛവും, പരിഹാസവും മാറ്റി വച്ചെങ്കിൽ മാത്രമേ ഈ നിലനിൽപ്പിന്റെ പോരാട്ടം ജയിക്കാനാകൂ.
കക്ഷിരാഷ്ട്രീയചേരികൾ പരസ്പ്പരം പഴിചാരുന്നത് അത്രകണ്ട് ഈ വ്യാധിയ്‌ക്കൊരു മരുന്നല്ല എന്നും ഓർമ്മപ്പെടുത്താം. അവരും അസുഖം ബാധിച്ചാൽ കേവലം അസുഖബാധിതർ മാത്രം, സമൂഹവ്യാപനത്തിൽ നിന്നും മാറി നില്‌ക്കേണ്ടത് നാടിന്റെ നിലനില്പിനനിവാര്യമാണ്. അശ്രദ്ധയാൽ രോഗവ്യാപനം തീവ്രമാകുമ്പോൾ വീണ്ടും ഇളകുന്നത് സമൂഹത്തിന്റെ സാമ്പത്തിക അടിത്തറ കൂടിയാണെന്നത് മഹാമാരിക്ക് ശേഷവും നമ്മെ കാത്തിരിക്കുന്ന ദുരവസ്ഥകളിലേക്കുള്ള ചൂണ്ടുപലകയാണ്. അല്പം ഉത്തരവാദിത്വം, അത് നമ്മെ നയിക്കുന്നവർക്ക് പോലും മാതൃകയാകുന്ന രീതിയിൽ നമ്മളോരോരുത്തർക്കും മുന്നോട്ട് വെക്കാം…
ഇന്നലെവരെ നമുക്കൊപ്പം ജീവിച്ചവർ COVID-19 മരണസംഖ്യയിൽ കേവലം സംഖ്യകളായി മാറുമ്പോൾ നമ്മൾ ഓർക്കണം, നാളെ ഈ വിപത്ത് നമ്മുടെ ജീവിത താളവും തെറ്റിച്ചേക്കാം എന്ന്. ആലസ്യം വിട്ട് പരസ്പ്പരം കരുത്തേകി ഉണർന്നു പ്രവർത്തിക്കാം.