ദുരന്തപർവ്വം

Editorial
ദുരന്തപർവ്വം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഓരോ പ്രകൃതി ദുരന്തങ്ങളും നമ്മോട് പറയാതെ പറയുന്നത്, നമ്മൾ മനുഷ്യർ പ്രകൃതി ചൂഷണം തുടർന്നുകൊണ്ടിരിക്കുന്നത് നിയന്ത്രിക്കണം എന്നായിരിക്കാം; എന്നാൽ നമ്മൾ വീഴ്ചകളിൽ നിന്നും പാഠമുൾക്കൊള്ളാതെ കാലഹരണപ്പെട്ട പാറമടകൾക്കും, അശാസ്ത്രീയമായ കെട്ടിട നിർമ്മാണങ്ങൾക്കും അനുമതികൾ യഥേഷ്ടം നല്കിപ്പോരുന്നു. നമ്മൾ ഇപ്പോൾ ചെയ്യുന്ന പ്രകൃതിചൂഷണത്തിന്റെ തിക്തഫലങ്ങൾ വരാനിരിക്കുന്ന തലമുറ അനുഭവിക്കേണ്ടിവരുമെന്നു പണ്ടേ പറഞ്ഞിരുന്നതായിരിക്കാം ഇപ്പോൾ നമ്മൾ അനുഭവിക്കുന്നതത്രയും.

ഏതൊരു പദ്ധതിയും അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുത്ത് നടപ്പിലാക്കേണ്ട നിയമവ്യവസ്ഥകൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇവയെല്ലാം ശുപാർശകളിലും, പണക്കൊഴുപ്പിലും, സ്വജന പക്ഷപാതത്തിലും കണ്ണടയ്ക്കുന്നു എന്ന് മാത്രം. ഇപ്പോൾ ഭേദഗതി വരുത്താനിരിക്കുന്ന എൻവിറോണ്മെന്റൽ പ്രൊട്ടക്ഷൻ ആക്ടിന് കീഴിലുള്ള, എൻവിറോണ്മെന്റൽ ഇമ്പാക്ട് അസ്സെസ്സ്മെന്റിൽ പരാമർശിക്കുന്ന കാര്യങ്ങൾ ഈ വൈകിയ വേളയിൽ പോലും നമ്മുടെ ചർച്ചാ വേദികളിൽ സജീവമായില്ലെന്ന കാര്യം നമുക്ക് ഈ വിഷയത്തോടുള്ള മൃദുസമീപനത്തിന് ഉദാഹരണമായി കണക്കാക്കാം. പേരിനൊരു വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയശേഷം, അടുത്ത ബസിൽ ചാടിക്കയറി ഉത്സാഹത്തോടെ പാറമട മാഫിയയുടെ ദല്ലാളായി കോടതി വ്യവഹാരങ്ങളിൽ തുരങ്കം വെക്കാൻ ആർജവം കാണിക്കുന്നവർക്ക്, ചെയ്യുന്നത് വലിയ എന്തോ മിടുക്കാണെന്ന് തോന്നുന്നുണ്ടാവുമെങ്കിലും, ഇത് കാണുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെയും ദാനം സ്വീകരിച്ച് ജീവിക്കേണ്ടി വരുന്ന ഗതികേട് അനുഭവിക്കാത്ത കോമൺമാൻ എന്ന സ്ഥിരം കഴുതയായി വിധിയെഴുതപ്പെട്ടവർക്ക് ഉണ്ടാകുന്ന ആത്മരോഷം ഇത്തരക്കാർക്ക് മനസിലാകില്ല, ഒരിക്കലും.

ഏതൊരു വിഷയത്തെയും അതിന്റെ കാതലായ പരിഹാരപ്രക്രിയയിൽ നിന്നും മാറി വെറും വൈകാരിക ചർച്ചകളിലേക്ക് ഒതുങ്ങുന്ന പ്രവണതയാണ് പ്രകൃതി വിഷയങ്ങളിൽ പലപ്പോഴും സംഭവിക്കാറുള്ളത്. ഒരു നിയമ ഭേദഗതിയിൽ പൊതുജന പ്രക്ഷോഭങ്ങൾ നടത്തേണ്ടത് തെരുവുകളിൽ മാത്രമല്ല, പ്രകൃതി ചൂഷണത്തിന് ആക്കം കൂട്ടുന്ന ഏതൊരു നീക്കത്തിനുമെതിരെ ഒരു ജോയിന്റ് പെറ്റീഷൻ സമർപ്പിക്കാനുള്ള പരിശ്രമം ഇപ്പോഴും നമ്മുടെ സമൂഹത്തിനാകുന്നില്ല എന്നത് കഷ്ടമാണ്.

ഈ ഭേദഗതിയിൽ പരാമർശിക്കുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധയോടെ ഗ്രഹിച്ചില്ലങ്കിൽ ദൂരവ്യാപകമായ പ്രകൃതി ചൂഷണങ്ങൾക്ക് നമ്മുടെ നാടും പാത്രമായേക്കാം. അതിലൊന്നാണ് പോസ്റ്റ് ഫാക്ടോ ക്ലിയറൻസ്. ഒരു പദ്ധതി അത് തുടങ്ങിയതിനു ശേഷം മാത്രം എൻവിറോണ്മെന്റ് ഇമ്പാക്ട് അസ്സെസ്സ്മെന്റ് അഥവാ, പ്രകൃതിക്ക് ഒരു പദ്ധതി ഏൽപ്പിക്കാവുന്ന പ്രത്യാഘാതത്തിന്റെ അളവ് നിർണ്ണയിക്കുന്ന സർട്ടിഫിക്കറ്റ് നേടിയാൽ മതിയാകും എന്ന കരട് പരാമർശം പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണ്. പ്രാഥമിക പരിശോധനകൾ വരെ നടത്താതെ തുടങ്ങുന്ന പദ്ധതികൾക്ക് ഈ ഒരു ഒഴിവു നൽകുന്ന ആനുകൂല്യം വലുതായിരിക്കാം.

സൂക്ഷ്മതലത്തിൽ മനുഷ്യരാശിക്ക് ഭീഷണിയായി വന്നേക്കാവുന്ന വൻകിട പദ്ധതികളും, ക്വാറികളും പ്രകൃതിചൂഷണം എന്ന ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ക്രിയ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടത് നാളെയുടെ നിലനിൽപ്പിന്റെ ആവശ്യമായി കണക്കാക്കണം. ദന്തഗോപുരങ്ങളിൽ ഇരിക്കുന്നവരുടെയല്ല, സാധാരണക്കാരന്റെ നിലനിൽപ്പിനു.

Leave a Reply

Your email address will not be published. Required fields are marked *