ഹാം – പ്രതീക്ഷയുടെ ശബ്ദതരംഗം

Editorial
ഹാം – പ്രതീക്ഷയുടെ ശബ്ദതരംഗം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഇക്കഴിഞ്ഞ പെട്ടിമുടി ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വിഘാതമായി നിന്നിരുന്ന രണ്ട് ഘടകങ്ങളാണ് തകർന്ന പാതകളും, ആശയവിനിമയ സംവിധാനങ്ങൾക്ക് സംഭവിച്ച കേടുപാടുകളും. എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിൽ ഒറ്റപ്പെട്ടുപോയ ആ മലയിടുക്കിലേക്ക് ആശയവിനിമയങ്ങൾ നടത്താനായി ഹാം റേഡിയോ പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ നിസ്വാർത്ഥമായ സേവനം പ്രശംസനീയമാണ്. ഇടുക്കി ജില്ലാ കളക്ടറുടെ ആവശ്യപ്രകാരമാണ് സിവില്‍ ഡിഫെൻസ് ടീമിനോടൊപ്പം ഒരു സംഘം ഹാം റേഡിയോ പ്രവർത്തകർ പെട്ടിമുടിയിലെത്തിയത്. രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കുന്നതിനും, കൂടുതൽ കാര്യക്ഷമമായി ആ ദുരന്തമുഖത്തെ അഭിമുഖീകരിക്കാനും സാധിച്ചതും ഇവരുടെ സേവനം കൊണ്ടാണെന്നത് പറയാതെ വയ്യ. നൂതന സാങ്കേതിക വിദ്യകൾ പ്രവർത്തന രഹിതമാകുമ്പോൾ ഹാം റേഡിയോ, അഥവാ അമച്വർ റേഡിയോ സംവിധാനം ആശയവിനിമയം എന്ന അത്യന്താപേക്ഷിതമായ കർത്തവ്യത്തെ നിറവേറ്റുന്നു.

എന്താണ് ഹാം റേഡിയോ? സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രം കഴിയുമ്പോൾ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. ഹാം റേഡിയോ കൈകാര്യം ചെയ്യാനറിയുന്നവരെ “ഹാം” എന്ന് വിളിക്കുന്നു.

പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ, വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ, സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്. ഒരു റേഡിയോ സ്വീകരണി ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ അനുമതി ആവശ്യമുണ്ട്. ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയനാണ് രാജ്യവ്യാപകമായി ഹാം റേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹാമുകൾ പരസ്പരം തിരിച്ചറിയുന്നതിന് കോൾ സൈൻ എന്ന ഒരു റേഡിയോ വിളി പേര് ഉപയോഗിച്ചാണ്.

ഹാം റേഡിയോ ഉപയോഗിക്കുന്നതിനായി പ്രത്യേക പരീക്ഷകൾ പാസാകേണ്ടതും, കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് നേടേണ്ടതുമാണ്. ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ദുരന്തത്തിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്. 2015- ൽ ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂകമ്പങ്ങളിൽ ഹാമുകളുടെ സേവനം ആഗോളമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു. ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റർമാർ. ഓരോ ദുരന്തമുഖത്തും നാം പ്രത്യക്ഷത്തിൽ കാണാത്ത ഒരുപാട് പേരുടെ സേവനങ്ങൾ ഉണ്ടെന്ന തിരിച്ചറിവേകുന്നതാണ് ഹാം കൂട്ടായ്മയുടെ ഇത്തരം ഇടപെടലുകൾ.