കഴിഞ്ഞുപോയ രണ്ടു മഴക്കാലവും നമ്മെ പഠിപ്പിച്ചത് അതിജീവനത്തിന്റെ കനത്ത പാഠങ്ങളാണ്. എന്നാൽ വീഴ്ചകളിൽ നിന്നും പാഠമുൾക്കൊള്ളാൻ നാം ഇനിയും പഠിച്ചിട്ടില്ലെന്ന് മനസ്സിലാവുകയാണ് ഈ വർഷക്കാലത്തും.
കൈതോടുകളും, കനാലുകളും, ഓടകളും വൃത്തിയാക്കുന്നതിലേയ്ക്ക് കോടികൾ വകയിരുത്തി; കൊട്ടിഘോഷിച്ചുള്ള വൃത്തിയാക്കൽ മേളകൾ രാഷ്ട്രീയ കോമരങ്ങളുടെയും, തുക്കിടി സായിപ്പന്മാരായ ഉദ്യോഗസ്ഥ മേലാളന്മാരുടെയും നേതൃത്വത്തിൽ പതിവ് പോലെ അരങ്ങേറി; ഒരിടത്തും വെള്ളകെട്ടുകളുണ്ടാകില്ലന്ന് പത്രത്തിൽ എഴുതി മുദ്രയും പതിപ്പിച്ചു, പക്ഷെ ഇതൊന്നുമറിയാത്ത, ഈ ഉദരസംബന്ധമായ വിഷയങ്ങളാൽ അരങ്ങേറുന്ന അസംബന്ധ നാടകങ്ങളിൽ തീർത്തും താത്പര്യമില്ലാത്ത മഴവെള്ളം, പതിവുപോലെ റോഡുകൾ കയ്യേറി വെള്ളകെട്ടുണ്ടാക്കി; “നിർഭാഗ്യകരം”, “ദൗഭാഗ്യകരം”, “ഉത്തരവാദിത്തക്കുറവ്”, “വീഴ്ച്ച” തുടങ്ങിയ ശബ്ദങ്ങൾ ജനങ്ങളിലേക്ക് വീണ്ടുമെത്തി. വൃത്തിയാക്കേണ്ട ഓടകളിൽ പലതിലും വെള്ളം നിറഞ്ഞപ്പോൾ, അവയിൽ പലതും സ്വയം വൃത്തിയാക്കൽ പദ്ധതികളേറ്റെടുത്തു. അകത്തുള്ള മാലിന്യങ്ങൾ പുറത്തേക്കൊഴുകി റോഡുകൾ തോടുകളായ കാഴ്ചകൾക്ക് വീണ്ടും നമ്മുടെ നാട് സാക്ഷ്യം വഹിച്ചു.
പതിവുപോലെ വാർത്തകളിലും, ചർച്ചകളിലും വെള്ളകെട്ടുണ്ടാകാതിരിക്കാനുള്ള പലവിധ ഓപ്പറേഷനുകൾക്കും, പദ്ധതികൾക്കും ഫണ്ട് വകയിരുത്തിയതിന്റെയും, ആ ഫണ്ടിനനുസരിച്ചുള്ള വൃത്തിയാക്കൽ ഗംഭീരമായി നടന്നതിന്റെയും, മഴയുടെ ശക്തിയെ കുറ്റംചാരിയുള്ള വാക്ക്പോരുകൾക്കും, വ്യർത്ഥമായ ചർച്ചകൾക്കും നാം ജനം കണ്ണും മിഴിച്ച് പതിവുപോലെ സാക്ഷിയായി. കണക്കുകളിൽ വീടിനു മുന്നിലുള്ള ഓടകൾ പലതും ലക്ഷക്കണക്കിന് രൂപ ചിലവാക്കി വൃത്തിയാക്കിയ വിവരം അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്ന് ജനങ്ങൾ അന്തം വിട്ട് കേട്ടുനിൽക്കേണ്ട അവസ്ഥ വീണ്ടുമുണ്ടാകുന്നു.
ഈ സ്ഥിതിയ്ക്ക് മാറ്റം വരണമെങ്കിൽ പൊതുജനശ്രദ്ധ ഇത്തരം വിഷയങ്ങളിലേക്ക് കൂടി സൂക്ഷ്മമായി ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. പദ്ധതിയ്ക്കായി നീക്കിവയ്ച്ച പണത്തോടൊപ്പം, ആ പണം ചെലവഴിച്ചതിന്റെ കണക്കുകൾ കൃത്യമായി പരിശോധിക്കാൻ പ്രത്യേക സാമ്പത്തിക ഓഡിറ്റ് സംവിധാനങ്ങൾ നിലവിലുണ്ടാകണം. ഓഡിറ്റുകൾ സാമ്പത്തികത്തിൽ മാത്രം ഒതുങ്ങാതെ വിഷയ പരിജ്ഞാനവും, നടത്തിപ്പ് പാടവവും ഉൾകൊള്ളുന്ന ടെക്‌നിക്കൽ ഓഡിറ്റ്, സംവിധാന പ്രവർത്തങ്ങൾ ഉറപ്പുവരുത്തുന്ന ഫങ്ങ്ഷണൽ ഓഡിറ്റ്, പദ്ധതി നിലനില്പ്പ് ഉറപ്പുവരുത്തുന്ന സസ്‌റ്റൈനബിലിറ്റി ഓഡിറ്റ് എന്നീ സംവിധാനങ്ങളുടെ ആവശ്യകത നാം മുന്നിൽ കാണേണ്ടതുണ്ട്.
വകയിരുത്തിയ തുകകൾ വിലയിരുത്തുക കൂടി ചെയ്തെങ്കിലേ സുസ്ഥിരമായ പദ്ധതികൾ നടപ്പിലാവൂ എന്ന് ഇനിയെങ്കിലും ഓർക്കണം. അതില്ലങ്കിൽ വർഷാവർഷം ആവർത്തിക്കുന്ന, പാവം പൊതുജനത്തിന്റെ ജീവിതവും, ജീവനും കവർന്നെടുക്കുന്ന ഓരോ പ്രകൃതിക്ഷോഭത്തിന്റെ പേരിലും അധികാരിവർഗ്ഗം ഡിസാസ്റ്റർ മാനേജ്‌മന്റ് എന്ന പൊയ്കുതിരയുടെ മറപറ്റി നടത്തുന്ന കോടാനുകോടികളുടെ തീവെട്ടി കൊള്ളയ്ക്കും, അതിലൂടെ ഒളിപ്പിച്ച് നമ്മുടെ നാട്ടിലേക്ക് ഇറക്കുമതിചെയ്യാനിരിക്കുന്ന വമ്പൻ അന്താരാഷ്ട്ര അഴിമതികൾമാത്രം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കും ഇനിയും കേവലം നോക്കുകുത്തികളായി സമൂഹത്തിനു നിൽക്കേണ്ടിവരും.