അടിപതറുന്ന സദാചാരം

Editorial
അടിപതറുന്ന സദാചാരം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ലഹരി, മാനസിക വൈകൃതം, വൈരാഗ്യം എന്നീ മൂന്നു സാമൂഹിക വിപത്തുകളെയും വേണ്ട വിധം നമ്മുടെ സമൂഹം പരിഗണിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. വെളിച്ചത്തിൽ മാന്യരും, ഇരുട്ടിൽ നരഭോജികൾ കണക്കെ ക്രൂരകൃത്യങ്ങളെ ഇഷ്ടപ്പെടുന്ന ഒരു സമൂഹവും നമുക്കിടയിൽ നിലനിൽക്കുന്നു എന്നത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യ വാർത്തകൾ മനസ്സിലാക്കിത്തരുന്നു. ഒരു മറയുടെ ബലമുണ്ടെങ്കിൽ ഏതറ്റം വരെയും കുറ്റകൃത്യത്തിലേർപ്പെടാൻ നമ്മുടെ സാക്ഷരകേരളം പഠിച്ചിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ കൂടിവരുമ്പോൾ അവിടെ കൂട്ടായ ഒത്തുചേരലുകളും, പരിഹാരപ്രക്രിയകളും നമ്മുടെ നിയമ സംവിധാനങ്ങളിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്.

ഇന്നലെ കേരളം കേട്ടുണർന്ന 75 വയസുള്ള വൃദ്ധയ്ക്ക് നേരിടേണ്ടിവന്ന ക്രൂരപീഡനം അക്ഷരാർത്ഥത്തിൽ ഞെട്ടൽ ഉളവാക്കുന്ന ഒന്നാണ്. കേവലം മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികളിൽ വരെ ലൈംഗിക ആസക്തി തോന്നുന്ന സമൂഹത്തിലെ പുഴുക്കുത്തുകളെക്കുറിച്ച് സസൂക്ഷ്മം പഠനത്തിന് വിധേയമാക്കണം. ലോക്കപ്പ് പീഡനമോ, താക്കീതുകളോ ആയിരിക്കില്ല ഇവിടെ നമുക്ക് ഉപകരിക്കുന്നത്, മറിച്ച് സൂക്ഷ്മതലത്തിലുള്ള സാമൂഹിക പഠനമാണ് ആദ്യപടിയായി കൈക്കൊള്ളേണ്ടത്. സോഷ്യൽ പൊലീസിങ് സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണം, എന്നാൽ ഇത് അതിരുകടന്നു സദാചാര ഗുണ്ടായിസമാകാതെ നോക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നോർക്കണം.

മനസ്സിന് ജീർണ്ണത ബാധിച്ച ഒരു സമൂഹം നമുക്കിടയിലുണ്ട്; അവരെ ഒറ്റപ്പെടുത്തണം, ലഹരിയോ, മാനസിക രോഗമോ ഇനി അതൊന്നുമല്ല അഹങ്കാര തിളപ്പാണെങ്കിൽ പോലും ചൊൽപ്പടിക്ക് നിർത്താൻ നിയമ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ ജീവിതത്തതിൽ അതിരുകടന്നു ഇടപെടാനുള്ള ഒരു ലൈസൻസ് അല്ല എന്ന പൊതു ബോധ്യം സമൂഹത്തിൽ വളർന്നു വരണം. ക്രൂരകൃത്യത്തിന് പിൻബലമേകുന്ന ഏതു ലഹരിയായാലും അത് കണ്ടെത്തണം, ഇല്ലായ്മ ചെയ്യണം. ജനാധിപത്യത്തിൽ പോലീസ് സംവിധാനങ്ങൾക്ക് നിർണ്ണായകമായ പങ്കും, ജനങ്ങൾക്ക് അവരിൽ പ്രതീക്ഷയുമുണ്ട്; അന്വേഷിച്ച്, തെറ്റുകാരെ കണ്ടത്തി മാതൃകാപരമായ ശിക്ഷയും നൽകണം. അല്ലെങ്കിൽ മലയാളി സമൂഹത്തിന് മറ്റേതൊരു വാർത്തകളെയും കേട്ടുശീലിച്ച അതെ ലാഘവത്തിൽ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളും നിരന്തരം കേട്ടുകൊണ്ടിരിക്കേണ്ടിവന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *