കഴിഞ്ഞ നൂറുവർഷത്തിനുള്ളിൽ ലോകം ഒന്നായി അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിഘട്ടം അതിന്റെ ഇരുളാർന്ന ഇടനാഴികയിലൂടെ, മുന്നിൽ പ്രകാശപൂർണ്ണമായ ജീവിതവെളിച്ചം തീർച്ചയായും കാണാനാകും എന്ന വിശ്വാസത്തിൽ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള ആശയപരവും, അധിനിവേശപരവുമായ യുദ്ധങ്ങളും, വെല്ലുവിളികളും COVID-19 എന്ന ഭീതിക്ക് മുന്നിൽ തല്ക്കാലം മുട്ടുമടക്കി അതിജീവനത്തിനായുള്ള പോരാട്ടത്തിൽ കൂട്ടായ പരിശ്രമത്തിലാണ്.
ഭൂമിയിലുള്ളതെല്ലാം കൈപ്പിടിയിലൊതുക്കി അതിർത്തികൾ എല്ലാം ശക്തിയുടെ മുഷ്ടികൊണ്ട് ഭേദിച്ചു എന്ന് സ്വയം പ്രഖ്യാപിച്ച രാജ്യങ്ങൾ വരെ ഇന്ന് ഒരു പൊതുവായ ശത്രുവിൽ നിന്ന് രക്ഷ നേടുവാൻ വഴികൾ തിരയുകയാണ്. പരീക്ഷണങ്ങൾ ഭൂമിയിലേത് മതിയാക്കി മറ്റു ഗൃഹങ്ങളിലേയ്ക്കും, ഭൂമിയ്ക്ക് പുറത്തുള്ള ആവാസ വ്യവസ്ഥയെക്കുറിച്ചും ചിന്തിച്ചിരുന്ന ലോക മനുഷ്യൻ ഇന്ന് നാം ഇനിയും ഒരുപാട് ദൂരം ഭൂമിയിൽ നടക്കേണ്ടതുണ്ടെന്നും, അടിസ്ഥാന സത്യമായ നിലനിൽപ്പിന് ഉറപ്പില്ലാത്ത എല്ലാ പരീക്ഷണങ്ങളും ഈ സമയം പാഴ്ചിലവാണെന്നും ചിന്തിക്കുന്നു. മനുഷ്യൻ അവനവന്റെ പരിമിതികളിലേക്ക് ഒതുങ്ങി, ഒറ്റയ്ക്കല്ല മറിച്ച് കൂട്ടായ പ്രയത്നത്തിലൂടെയാണ് അതിജീവനത്തിലേക്കുള്ള യാത്ര വേണ്ടത് എന്നും മനസ്സിലാക്കുന്നു.
പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരുന്ന മനുഷ്യൻ ഇന്ന് വീടുകളിൽ അവനവന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി അഭയം പ്രാപിക്കുമ്പോൾ പ്രകൃതിയും മറ്റു ജീവജാലങ്ങളും ഇന്ന് സ്വസ്ഥമായി ശുദ്ധവായു ശ്വസിക്കുന്നതും നമുക്ക് ഈ ലോക ലോക്ക് ഡൗൺ കാലത്ത് കാണാനാകുന്ന കാഴ്ചയാണ്. പ്രകൃതിയുടെ ശോഷണത്തിനു നമ്മൾ മനുഷ്യർ തന്നെയായിരുന്നു കാരണക്കാർ എന്നും ഈ സമയം നമ്മളിൽ ഓരോരുത്തരിലും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഈ സ്ഥിതിക്ക് ഒരു മാറ്റമുണ്ടാകുമോ?, ഈ മഹാമാരിയ്ക്ക് മരുന്ന് കണ്ടത്തുമോ? ലോക്ക് ഡൗൺ സമയത്തിന് ശേഷം എങ്ങിനെയായിരിക്കും ജീവിത രീതികൾ ? അങ്ങിനെ ചോദ്യങ്ങൾ പലവിധമാണ് നമ്മൾ ഓരോരുത്തരുടെ ഉള്ളിലും. ഇങ്ങിനെ പരസ്പ്പരം ഉത്തരങ്ങളിൽ മുടന്തുന്ന ചോദ്യങ്ങൾ മാറ്റി വച്ചാൽ, ഉത്തരങ്ങൾ ലഭിച്ച ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്ക് മുന്നിലുണ്ട്. എങ്ങിനെ ജീവിതത്തിൽ പരിമിതികളിൽ ഒതുങ്ങി ജീവിക്കാം; യാത്രകളിലാത്ത അവസ്ഥയെക്കുറിച്ചോർക്കാൻ കൂടി കഴിയാത്തവർക്ക് വീടുകളിൽ സദാ സമയവും ഇരിക്കുന്നതിൻറെ അവസ്ഥയും മനസ്സിലായി; ആവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസമെന്തെന്നു നമ്മളിൽ പലർക്കും ഇതിനോടകം മനസ്സിലായി കഴിഞ്ഞു; രാജ്യ സുരക്ഷയ്ക്ക് വെടിക്കോപ്പുകളെക്കാൾ പരസ്പ്പര സഹകരണവും സഹവർത്തിത്വവും ആണ് അനിവാര്യമെന്നും ലോക ജനത ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു, നല്ല മാറ്റങ്ങളും,ചിന്തകളും അന്യം നിന്നിട്ടില്ലെന്നും നമ്മളിൽ ചിലർക്ക് ഉത്തരങ്ങൾ ലഭിക്കുന്നു.
നാം പ്രവാസികളും ഈ മാറ്റത്തെ അതിന്റെ എല്ലാ അർത്ഥതലങ്ങളും മനസ്സിലാക്കി ഉൾക്കൊള്ളേണ്ടത് അത്യാവശ്യമാണ്. വർഷത്തിലൊരിക്കൽ നാട്ടിൽ പോകുമ്പോൾ ആ വർഷം സമ്പാദിച്ച മുഴുവൻ തുകയും ആവശ്യങ്ങൾക്കും, ആവശ്യങ്ങൾ പോലെ കരുതുന്ന അനാവശ്യങ്ങൾക്കും ചിലവഴിച്ച് പിന്നെയും പ്രവാസത്തിലേയ്ക്ക് ചേക്കേറുന്ന പ്രവാസികളിലും, നമ്മുടെ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നേക്കാവുന്ന അവസ്ഥകളെയും, ആ മനസ്ഥിതിയുമായി പൊരുത്തപ്പെടേണ്ടതും ഈ ഘട്ടത്തിൽ നാം മുന്നിൽ കാണേണ്ടതാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതത്തെ നിലനിർത്താനും, തുടർന്ന് ജീവിത നിലവാരത്തേ ഉയർത്താനും ലോകത്തെ പല ദേശങ്ങളിലേയ്ക്കും ചേക്കേറിയ പ്രവാസി സമൂഹം, ഒരു സുപ്രഭാതത്തിൽ അന്ന് നാമെടുത്ത പ്രവാസ തിരുമാനംപോലെതന്നെ നമ്മുടെ നാട്ടിലേയ്ക്ക് ചേക്കേറേണ്ടതായി വന്നേക്കാം എന്ന് സ്വബുദ്ധിയെ പരുവപ്പെടുത്തേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമായി കണക്കാക്കാം.
ഇന്നലെ വരെ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ടാക്സിയിലോ, സ്വന്തം കാറിലോ പോയിരുന്ന നമ്മൾ പ്രവാസികൾ നാട്ടിൽ പോയാൽ അവിടുത്തെ ഒരുവനെപോലെ ട്രാൻസ്‌പോർട് ബസിലും, സൈക്കിളിലും യാത്രകൾ പരിമിതിപ്പെടുത്താൻ മനസ്സിനെ പരുവപ്പെടുത്തണം. കൂടാതെ തന്റെ കുടുംബത്തെ ഒതുങ്ങിയ ജീവിത രീതികളിലേയ്ക്കും, അനാവശ്യ ചിലവുകൾ ഒഴിവാക്കുന്നതിലേയ്ക്കും പാകപ്പെടുത്തുന്നതിനൊപ്പം, ദുരഭിമാനത്തെ അകറ്റി നാം എന്താണെന്ന തിരിച്ചറിവിലേക്ക് നമ്മളെയും, ഉറ്റവരെയും ബോധവൽക്കരിക്കേണ്ടതും ഈ സമയത്തെ അത്യാവശ്യങ്ങളിൽ ഒന്നായി കരുതണം. മറ്റുള്ളവർക്കെന്ത് തോന്നും എന്ന ദുരഭിമാന ചിന്തയിൽ സഹകരിക്കാൻ മടിയുള്ള നമ്മുടെ നാട്ടിലെ രീതിയിൽ നിന്നും വിഭിന്നരാണ് ഓരോ പ്രവാസി മലയാളിയും, അവൻ ഒരു വിദേശ രാജ്യത്ത് ചെന്നാൽ ആദ്യം മനസ്സിലാക്കുന്ന സത്യം സഹവർത്തിത്വത്തെക്കുറിച്ചാണ്. ആ ചിന്തയിൽ അവർ ജീവിതത്തെ കെട്ടിപ്പടുക്കുന്നു. അതുകൊണ്ട് ഈ അവസ്ഥയിൽ ആരൊക്കെ തളർന്നാലും നമ്മൾ പ്രവാസികൾ വേണം അവർക്കൊരു കൈത്താങ്ങേകാൻ. ആ നമ്മൾ തളർന്നുകൂടാ…
നാം മനുഷ്യർ ഒന്നും പ്രതീക്ഷിക്കാതെ ഈ ഭൂമിയിലേയ്ക്ക് വന്നു, പലതും പഠിച്ചു, പിന്നീട് എല്ലാം താൻ കരുതുന്നപോലെ തന്നെ നടക്കണം എന്ന് നിഷ്ക്കർഷിച്ചു. അതിൽ ഒരു വ്യതിയാനം വരുമ്പോൾ നാമോരോരുത്തരും പെട്ടന്ന് അസംതൃപ്തരാകുന്നു, നിരാശപ്പെടുന്നു. ഈ മഹാമാരി കാലഘട്ടം മറികടക്കാനായാൽ നാം ഈ ചിന്തകളിൽ മാറ്റം കൊണ്ടുവരണം. അങ്ങനെയായാൽ ഈ വെല്ലുവിളിക്കാലം കഴിഞ്ഞാലും നമുക്ക് ജീവിതം പ്രകാശപൂർണ്ണമായി രണ്ടാമതും ജീവിതത്തെ ആസ്വദിക്കാൻ സാധ്യമാകും. ഇതൊക്കെ പറയാൻ എളുപ്പമാണെന്ന് ചിന്തിക്കേണ്ട, കാരണം ലോക ജനതയോടൊപ്പം, നിങ്ങളെപ്പോലെ തന്നെ ഇരുട്ടിലാണ് നമ്മൾ ഓരോരുത്തരും പക്ഷേ ഏതൊരു ആശങ്കാഘട്ടത്തിലും പ്രത്യാശയുടെ വെളിച്ചം വീശിയാൽ മാത്രമേ ഇനി മുന്നോട്ടുള്ള നമ്മുടെ യാത്ര തുടരാനാകൂ എന്ന ചിന്തയിൽ നിന്നാണ് ഇത്രയും പങ്കുവയ്ച്ചത്. ഈ സമയവും കഴിഞ്ഞുപോകും…
നല്ല ദിനങ്ങൾ തളിരിടും എന്ന ശുഭപ്രതീക്ഷയോടെ എല്ലാ ശ്രോതാക്കളോടും ഒരിക്കൽ കൂടി പറയട്ടെ ധൈര്യംകൈവിടാതിരിക്കുക, നമ്മുടെ ഉറ്റവരോട് സധൈര്യം ഈ സമയത്തെ മറികടക്കാൻ കഴിയും എന്ന ആത്മധൈര്യം പങ്കിടുക.