ഒരു പുതുവർഷത്തെ വരവേൽക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളോടും, സുസ്ഥിരമായ സാമ്പത്തിക ഭദ്രതയ്ക്ക് ഊന്നൽ നൽകിയും തന്നെയാണ് നാം ഈ വർഷത്തെയും വരവേറ്റത്. കരുതിവച്ചിരുന്ന സാമ്പത്തിക നയങ്ങളും, വിപണി സൂചികയും, ഇക്വിറ്റി റേഷ്യോ തന്ത്രങ്ങളും എല്ലാം, ലോക ചലനത്തിന് വിഘാതമായി പെട്ടന്നു കടന്നു വന്ന COVID-19 ഭീതിയിൽ ഇന്ന് വെറുങ്ങലിച്ചു നിൽക്കുന്നു.
ഏതെങ്കിലും ഒരു രാജ്യത്തെ മാത്രമായി ബാധിക്കുന്ന പ്രതിസന്ധിയായിരുന്നെങ്കിൽ ആ രാജ്യത്തിന് സാമ്പത്തിക സഹായം നൽകാൻ മറ്റു രാഷ്ട്രങ്ങൾക്ക് സാധിക്കുമായിരുന്നു. എന്നാൽ ഈ മഹാമാരി വിതച്ച സാമ്പത്തിക നഷ്ടം ലോകത്തെ എല്ലാ രാജ്യങ്ങളെയും, ലോകശക്തികൾ എന്ന് നാം കരുതിവരുന്നു രാജ്യങ്ങളെ പോലും, വലിയ രീതിയിൽ വെല്ലുവിളിക്കുന്ന ഒന്നാണ് എന്നതാണ് സത്യം.
ഈ സമയവും കടന്നുപോകും എന്ന് നാം വൈകാരികമായി പറയുമ്പോൾ, ഈ സമയത്തിനും അപ്പുറമെന്തെന്ന ചിന്തയിലാണ് സാമ്പത്തിക വിദഗ്ദ്ധർ. ലോകം എന്തെല്ലാം സാമ്പത്തിക തയ്യാറെടുപ്പുകൾ ഈ വേളയിൽ കൈകൊള്ളണമെന്ന ചിന്തയോടൊപ്പം നമ്മൾ ഓരോരുത്തരും കാലങ്ങളായി ശീലിച്ചു വന്ന സാമ്പത്തിക സമ്പ്രദായങ്ങളിൽ വരുത്തേണ്ട ചില മാറ്റങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.
ഓരോ രാജ്യവും വരും നാളുകളിൽ അതീവ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു അടിസ്ഥാന മേഖലയാണ് ഭക്ഷ്യ സുരക്ഷാ സംവിധാനം. നാം ഏതൊരു പ്രതിസന്ധിയിലും, നമുക്ക് ആവശ്യത്തിനായുള്ള ഭക്ഷണ ധാന്യങ്ങളും, പഴം പച്ചക്കറികളും, പാലുത്പന്നങ്ങളും മറ്റൊരു രാജ്യത്തെയും ആശ്രയിക്കാതെ സ്വയം പര്യാപ്തത നേടാനായാൽ രാഷ്ട്രങ്ങൾക്ക് അവരവരുടെ ഇറക്കുമതികളെ അത്യാവശ്യങ്ങളിലേയ്ക്ക് ചുരുക്കാൻ സാധിക്കുന്നു. ഇതിലൂടെ ഒരു രാജ്യത്തിൻറെ സാമ്പത്തിക വിതരണം ആഭ്യന്തര കാര്യങ്ങൾക്കായി നിക്ഷേപിക്കാനും പുനർക്രമീകരിക്കാനും സാധ്യമാകുന്നു.
എന്നാൽ, ഈ സ്ഥിതിയിൽ എത്തിച്ചേരുക എന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമായ ഒന്നല്ല, അതിന് ഇപ്പോഴുള്ള പ്രതിസന്ധിയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് കാർഷിക വിപ്ലവത്തിന് ഓരോ രാജ്യങ്ങളും തുടക്കമിടേണ്ടതായുണ്ട്. രാജ്യങ്ങളോടൊപ്പം അവിടെയുള്ള പൗരന്മാരും അവരവരുടേതായ വിധം ഭക്ഷ്യ വിളകൾ സ്വയം ഉല്പ്പാദിപ്പിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പദ്ധതികൾക്ക് വേഗത കൂട്ടുവാൻ കഴിയുന്നു.
ഈ COVID-19 കാലത്തിന് ശേഷം നമ്മുടെ സമ്പാദ്യ ശീലങ്ങളിലും, പണം ചിലവിടുന്ന രീതികളിലും, കടം വാങ്ങി സാമൂഹിക നിലവാരം കാണിക്കുന്നതിലും, രാജ്യങ്ങളുടെ യുദ്ധ കൊതികളിലും മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.
ജീവിതചര്യകളിൽ മിതത്വം പാലിക്കാൻ നാം ശീലിക്കണം; ലളിതവും സുസ്ഥിരവുമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നാം ശ്രദ്ധ ചെലുത്തണം; ഭദ്രമായ സാമ്പത്തിക അടിത്തറ വന്നെങ്കിൽ മാത്രമേ ഇനിയുള്ള കാലം മുന്നോട്ട് നീങ്ങാനാകൂ എന്ന ചിന്ത ഓരോ പൗരനിലും, ഭരണാധികാരിയിലും, സർവ്വോപരി രാഷ്ട്രങ്ങൾക്കും വന്നുചേരണം.