എന്നും സാധാരണ ദിനം പോലെ, അകലങ്ങളിൽ നടക്കുന്ന ഭൂചലനങ്ങൾ, യുദ്ധങ്ങൾ, സാമ്പത്തിക പിരിമുറുക്കങ്ങൾ, കൊള്ളരുതായ്മകൾ എല്ലാം വായിച്ച ശേഷം ഒരു നെടുവീർപ്പുമിട്ട് ദിനം ആരംഭിക്കുന്ന നമ്മൾ മലയാളികൾ, ഇന്ന് ചിലത് ജീവിതത്തിൽ നിന്നും വായിക്കാൻ ശീലിച്ചിരിക്കുന്നു. പ്രളയവും, പ്രകൃതി ദുരന്തവും,നിപ്പയും, കോവിഡും എല്ലാം ഇന്ന് നമുക്കരികിലും എത്തിയിരിക്കുന്ന സാഹചര്യത്തിൽ നാം അറിയാതെ തന്നെ അടിയന്തിര ഘട്ടങ്ങളിൽ എങ്ങിനെ പ്രവർത്തിക്കണമെന്ന് പഠിച്ചു വരികയാണ്.
ഒരു കുടുംബത്തിൽ പലരും തമ്മിൽ സംസാരിക്കുന്നതും കാണുന്നതുപോലും മൊബൈലിൽ കൂടിയായ ഈ കാലത്ത് ഒരു വൈറസ് മൂലം മുഴുവൻ സമയവും ഒരുമിച്ചിരിക്കേണ്ട സാഹചര്യം വന്നുചേർന്നിരിക്കുന്നു. ഈ ഘട്ടത്തിൽ ഒരു അടിയന്തിര സാഹചര്യത്തിൽ നാം എങ്ങിനെ അല്ലങ്കിൽ എന്തെല്ലാം ഒരു കുടുംബാന്തരീക്ഷ ശുചിത്വത്തിനായി ചെയ്യണമെന്ന് ഒന്ന് ആലോചിക്കാം. ശുചിത്വം മനസ്സിലും, ശരീരത്തിലും, പരിസരങ്ങളിലും വേണ്ട സമയമാണിത്.
മാനസിക ശുചിത്വം :
ദിവസവും കലുഷിതവും, സങ്കർഷ പൂർണ്ണവുമായ കുറെ ചിന്തകളിലൂടെയാണ് വാർത്തകളും, സമൂഹമാധ്യമങ്ങളും നമ്മുടെ മനസ്സിനെ നയിക്കുന്നത്. ഇപ്പോൾ നമ്മൾ പരസ്പ്പരം കരുത്തേകേണ്ട സമയമാണെന്ന തിരിച്ചറിവിൽ നാം ഓരോരുത്തരും നമ്മുടേതായ പരിധിയിൽ നിന്നുകൊണ്ട് സമൂഹത്തിനായി ചിന്തിക്കുന്നു. ഇത്തരത്തിൽ നാം “ഭയപ്പെടേണ്ടതില്ല”, “ഈ സമയവും കടന്നു പോകും ” എന്ന വളരെ ക്രിയാത്മകമായ ചിന്തകൾ നമ്മൾ സമൂഹത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവിടുന്നതിലൂടെ മനസ്സിലെ പിരിമുറുക്കങ്ങളും ജോലി സമ്മർദ്ദങ്ങളും കുറയ്ക്കാൻ കഴിയുന്നു. മുഴുവൻ നേരവും സമൂഹമാധ്യമത്തിലല്ല മറിച്ച് തനിക്കരികിൽ ഉള്ള ചെറിയ സമൂഹത്തോടൊപ്പം നിന്ന് പ്രവർത്തിക്കുന്നതിലൂടെ മനസ്സിൽ ധൈര്യവും നേർക്കാഴ്ചയും ഉടലെടുക്കുന്നു. ചിലർ ഇപ്പോഴും ഇരുട്ടിൽ തപ്പി വ്യാജവാർത്തകൾ സമൂഹത്തിലേക്കെത്തിക്കുകയും ഭയം താനടങ്ങുന്ന സമൂഹത്തിലേക്ക് തുറന്നു വിടുന്നത് തിരിച്ചറിഞ്ഞു കൊണ്ട് അറിഞ്ഞ വാർത്തകളേക്കാൾ നേരായ വാർത്തകൾ പങ്കിടാൻ നാം ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യം. പ്രവാസികളാകട്ടെ വാക്കുകളിലൂടെയും, മാനസ്സിക ധൈര്യം പകർന്നു നല്കുന്നതിലൂടെയും നമ്മുടെ സാന്നിധ്യം നാട്ടിലുള്ള കുടുംബങ്ങൾക്ക് മനസ്സിലാക്കി കൊടുക്കേണ്ട സമയമാണ്. തർക്കങ്ങൾ, വഴക്കുകൾ എല്ലാം കുറച്ച് ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാം.
ശരീര ശുചിത്വം
ഒരു ദിനം നാം എവിടെയെല്ലാം സഞ്ചരിക്കുന്നു, ആരോടെല്ലാം ഇടപഴകുന്നു, ചിലർ ഇപ്പോഴും ഇത്തരം ശുചിത്വത്തിൽ വിശ്വസിക്കുന്നില്ല, “അതെന്താ ഒരു ഹസ്തദാനം നൽകിയാൽ”, “അടുത്തിടപഴകിയാൽ ഒന്നും തന്നെ വൈറസ് ബാധിക്കില്ല ” എന്നൊക്കെ ചിന്തിക്കുന്നവർ ഇപ്പോഴും സമൂഹത്തിൽ നിലകൊള്ളുന്നു എന്നത് സങ്കടകരം. തനിക്കൊരു അസുഖമുണ്ടങ്കിൽ അത് മറച്ചുവയ്ക്കുന്നതിലൂടെ അവർ സമൂഹത്തിനും ഭാരം കൂട്ടുകയാണ് ചെയ്യുന്നത്. മാനസിക ധൈര്യം എന്നത് രോഗ പ്രതിരോധത്തിൽ മാത്രമല്ല, തനിക്ക് രോഗമുണ്ട് അതുകൊണ്ട് എല്ലാത്തിൽ നിന്നും വിട്ടു നിൽക്കുന്നു എന്ന തീരുമാനം എടുക്കുന്നതിലൂടെയും പ്രതിഫലിപ്പിക്കാൻ നമുക്ക് കഴിയണം. കാണാത്ത ഒന്നിനെ ഭയമില്ല എന്ന നിലപാടിലാണ് ഇന്നും പലരും. ഈ സ്ഥിതിക്ക് മാറ്റം വരുന്നത് വരെ നാം വ്യക്തി ശുചിത്വവും, വ്യക്തി ദൂരം (1 മീറ്റർ അഥവാ 3 അടി ദൂരം) എന്നിവ പാലിക്കേണ്ടത് ഒരു പ്രതിജ്ഞപോലെ കൈക്കൊള്ളണം.
പരിസര ശുചിത്വം
നാം സഞ്ചരിക്കുന്ന പാതകൾ, നമ്മുടെ വാസ സ്ഥലം, ചുറ്റുവട്ടങ്ങൾ എല്ലാം വൃത്തിയായി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രകൃതിയെ നാം സംരക്ഷിച്ചാൽ പ്രകൃതിജന്യമായ പല അസുഖങ്ങളും നമുക്ക് കുറയ്ക്കാൻ കഴിയും. ഉപയോഗിക്കുന്ന ടോയ്‍ലെറ്റുകൾ നമ്മൾ തന്നെ വൃത്തിയാക്കുക, വാഷ് ബേസിൻ, അടുക്കള എന്നിവ വൃത്തിയാക്കി വയ്ക്കുക, ഉപയോഗിക്കുന്ന പാത്രങ്ങൾ, ബക്കറ്റുകൾ, തുണികൾ എന്നിവ അണുവിമുക്തമെന്നു ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ എല്ലാം നിർബന്ധമായും നാം ചെയ്തുപോരേണ്ട കാര്യങ്ങളാണ്.
ഈ ഘട്ടത്തിൽ കുടുംബാന്തരീക്ഷത്തിൽ കുട്ടികൾക്കുള്ള പങ്ക് അവരെ പറഞ്ഞു മനസ്സിലാക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം. ആവശ്യത്തേക്കാൾ അത്യാവശ്യത്തിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം എന്ന് അവർക്ക് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ച് പറഞ്ഞു മനസ്സിലാക്കണം. വിശപ്പുമാറ്റാൻ ആണ് ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ നാം പ്രാധാന്യം കൊടുക്കേണ്ടത് അല്ലാതെ രുചിയുള്ള ആഹാരം കുറച്ചധികം വാങ്ങി അതിൽ പകുതി പാഴാക്കുന്നതിൽ ന്യായം കണ്ടെത്തരുത്. ഓരോ കുടുംബത്തിലും കുട്ടികളെ ഈ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നാം ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. കടകളിൽ സാധനങ്ങൾ തീരുന്നതിനു മുൻപ് അവയെല്ലാം തൻറെ വീട്ടിൽ എത്തിക്കാനുള്ള വലിയവരുടെ സ്വാർത്ഥതയുള്ള മനസ്സും ഈ ഘട്ടത്തിൽ പക്വതയുള്ള ചിന്തകളിലേക്ക് മാറിയാൽ നല്ലതെന്നു തോന്നുന്നു.
നാം അഭിമുഖീകരിക്കുന്നത് പരിചിതമല്ലാത്ത ഒരു ലോക വ്യാധിയെയാണ്. ഇവിടെ നമുക്ക് പക്ഷവും എതിർപക്ഷവുമില്ല മറിച്ച് ഒരേ ഒരു ലക്ഷ്യമേയുള്ളു, അതിജീവനം. അതിനായി നമ്മുടെ ഓരോരുത്തരുടെയും കുടുംബാന്തരീക്ഷം ഉത്തരവാദിത്തത്തോടെ സമൂഹത്തിന്റെ ഏറ്റവും ഇളയ കണ്ണിയായി കണക്കാക്കി ശുചിത്വത്തോട് കൂടി നിലനിർത്താം.
സമൂഹ സുരക്ഷയാണ് പ്രധാനം…
അതിനായി ശുചിത്വം പരമപ്രധാനം…