പ്രതിസന്ധികൾ – സാധ്യതകൾ

Editorial
പ്രതിസന്ധികൾ – സാധ്യതകൾ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

“നെസിസിറ്റി ഈസ് ദി മദർ ഓഫ് ഇൻവെൻഷൻ”, മനുഷ്യന്റെ അത്യാവശ്യങ്ങളാണ് കണ്ടുപിടുത്തങ്ങളുടെ ആധാരം; ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അവിടെ പുത്തൻ സാധ്യതകളും നമുക്ക് മുന്നിൽ തെളിയുന്നു. യാത്രകൾക്ക് പരിമിതിയുള്ള ഈ കാലയളവിൽ രാജ്യങ്ങൾ തമ്മിൽ സംവദിച്ചതും, ഉച്ചകോടികൾ നടത്തിയതും, ഇന്ന് നമ്മുടെ ലോകത്തേ ആകമാനം ഒന്നായി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് സംവിധാനമുപയോഗിച്ചാണ്. വിദ്യാഭ്യാസ മേഖലകളിലും, വർക്ക് അറ്റ് ഹോം നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്കും, മെഡിക്കൽ കൺസൾട്ടേഷൻ രംഗത്തും, ഓൺലൈൻ ക്ലാസുകൾ, കോൺഫെറെൻസിങ് പ്രതലങ്ങൾ, വിർച്വൽ ഓഫീസ് സംവിധാനങ്ങൾ എന്നീ നൂതന സാങ്കേതികവിദ്യകൾ നമുക്ക് മുന്നിൽ പ്രായോഗിക ജീവിതത്തിന്റെ പുത്തൻ സാധ്യതകളാണ് തുറന്നു തന്നിരിക്കുന്നത്.

ഒരു കാലത്ത് മൊബൈലുകൾ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത് പൊങ്ങച്ചത്തിന്റെ മേമ്പൊടിയോടു കൂടിയായിരുന്നങ്കിൽ, ഇന്ന് മൊബൈൽ ഫോൺ നമുക്ക് ഒഴിച്ചുകൂടാനാകാത്ത നാം നെഞ്ചോട് ചേർത്ത് വെക്കുന്ന ഒരു ആവശ്യഘടകമായി മാറിയിരിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായവും, ഓൺലൈൻ വിപണന സാധ്യകളോടും പലപ്പോഴും നെറ്റി ചുളിച്ചിരുന്ന നാം ഇപ്പോൾ, ഇവ എല്ലാം നമ്മുടെ തുടർ ജീവിതത്തിൽ വേണ്ട അവശ്യ ഘടകങ്ങളായി എഴുതിച്ചേർക്കുന്നു.

സ്കൈപ്പ്, സൂം റൂംസ്, യൂബർ കോൺഫറൻസ്, മൈക്രോസോഫ്ട് ടീംസ്, എന്നിങ്ങനെ പലവിധത്തിലുള്ള ഓൺലൈൻ മീറ്റിംഗ് സംവിധാനങ്ങളും, ഗൂഗ്‌ൾ ക്ലാസ്സ്‌റൂം, ഈസി ക്ലാസ്, ലേൺക്യൂബ് പോലുള്ള നിരവധി ഓൺലൈൻ ക്ലാസ്സ്‌റൂം സംവിധാനങ്ങളും ഇതിനോടകം നമുക്ക് മുന്നിലേയ്ക്ക് എത്തിക്കഴിഞ്ഞു. ഓരോ പ്രതിസന്ധികളിലും ഒരു സാധ്യതകൂടി ഒളിച്ചിരിക്കുന്നുണ്ട് എന്ന് പഴമക്കാർ പറയുന്നത് പോലെ, നമുക്കും ഇത്തരം സാധ്യതകളെ തുടർന്നുള്ള നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാക്കാവുന്നതാണ്.

രാജ്യങ്ങൾ തമ്മിൽ ഒത്തുചേരുന്ന ഉച്ചകോടികളും, കോൺഫെറൻസുകളും ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കുന്നതിന്റെ സാധ്യതകളും, ഇതിനോടകം സ്വീകരിച്ചതും പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. സുരക്ഷാ മാനദണ്ഡങ്ങളും, കൃത്യമായ ഇന്റർനെറ്റ് മര്യാദകളും ശീലമാക്കിയവർക്കേ ഇത്തരം സംവിധാനങ്ങൾ ഗുണപ്രദമായി ഉപയൊഗിക്കാനാകൂ എന്നത് ഏതൊരു സംവിധാനത്തിനും ഉള്ളതുപോലെയുള്ള ഈ സൗകര്യങ്ങളുടെ മറുവശമായി നാം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിസന്ധികളുടെ നാളുകളിൽ നാം നിലനില്പ്പിനായി കണ്ടെത്തുന്ന ഇത്തരം പുത്തൻ സാധ്യതകൾ ഒരു നല്ല നാളെയ്ക്കുള്ള തെയ്യാറെടുപ്പുകളായി കണക്കാക്കാവുന്നതാണ്.