ജനങ്ങൾ ആജന്മ പ്രേക്ഷകർ

Editorial
ജനങ്ങൾ ആജന്മ പ്രേക്ഷകർ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ത്രസിപ്പിക്കുന്ന പല സിനിമാ കഥകളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഇന്നത്തെ ഓരോ ദിനവും പിറക്കുന്നത്. പലപ്പോഴും ഓരോരുത്തരുടെ ഉള്ളിലും പുകയുന്ന രാഷ്ട്രീയ മേലാളന്മാരോടുള്ള അമർഷം, അതൃപ്തി, മറുപടി എന്നിവയെല്ലാം സിനിമാ ശൈലിയിൽ മനസ്സിൽ പറഞ്ഞു പോകാറുണ്ടായിരിക്കാം; കാരണം, പ്രജകൾക്ക് അതിനുള്ള അധികാരമേ, നമ്മുടെ ഭരണ നേതാക്കൾ നൽകിയിട്ടുള്ളൂ എന്ന വിരോധാഭാസം കൊണ്ട്. കൂടിവന്നാൽ സമൂഹമാധ്യമത്തിൽ ഒരു നാലുവരിയെഴുതാം, അതുമല്ലെങ്കിൽ ഓൺലൈൻ ചുമരിൽ പ്രതിഷേധക്കുറിപ്പ് ഒട്ടിക്കാം, അതിനപ്പുറത്തേക്ക് പ്രജകളിൽ നിക്ഷിപ്തമായ കർത്തവ്യം സമ്മതിദാന അവകാശമാണ്. തങ്ങൾ ചുമന്നിരുന്ന രാഷ്ട്രീയ ദുർമേദസ്സുകൾക്ക് പകരം, പുതിയ ദുർമേദസ്സുകളെ ചുമക്കാൻ വിധിക്കപ്പെട്ട അടിസ്ഥാനവർഗമെന്നു സ്വയം ചാപ്പകുത്തിയ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ ഈ അവകാശവും ആലോചനയില്ലാതെ പാഴാക്കുന്നു.

രാഷ്ട്രീയ മാറ്റങ്ങളോടൊപ്പം, അവർക്ക് കുടപിടിക്കാൻ ശേഷിയും, ക്ലേശവുമില്ലാത്ത ഉദ്യോഗസ്ഥവൃന്ദം എന്തിനും തയ്യാറായി, പൊതുജനം എന്ന പാവത്തിന്റെ മേൽ കുതിരകയറാൻ മാറി മാറി ശ്രമിക്കുന്നു. ഓരോ മന്ത്രിക്കും, ഡസൺ കണക്കിന് പേർസണൽ സ്റ്റാഫും, പിന്നെ മുൻവാതിലിലൂടെയും, പിൻവാതിലിലൂടെയുമെല്ലാം അർഹരായവരെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് സ്വജനപക്ഷപാതം എന്ന ആഭാസത്തിലൂടെ നടത്തുന്ന നിയമനപ്രവർത്തനങ്ങളും എല്ലാം നിറഞ്ഞ ജനാധിപത്യ പ്രക്രിയ, വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ട പ്രജകളെ കബളിപ്പിച്ച് കൊണ്ട് തുടരുന്നു. ഭരണത്തിലേറിക്കഴിയുന്ന ഏതൊരു മന്ത്രിസഭയും, സ്വന്തം നട്ടെല്ല് മുക്കിൽ ഉണങ്ങാൻ വയ്ക്കുന്ന കുടപോലെ ഒരു ചുമരിനോട് ചാരി നിർത്തിയിട്ടാണ് കസേരയേറുന്നത്. തങ്ങളുടെ ഇഷ്ടതോഴർക്കെല്ലാം ഉന്നത സ്ഥാനമാനങ്ങളും, ഇനി അതിനു തക്ക തസ്തിക ഇല്ലങ്കിൽ നമ്മൾ കേട്ടിട്ടുപോലുമിലാത്ത പലവിധ വികസന കോർപ്പറേഷനുകളും, കൺസൾട്ടൻസി ജലവിദ്യകളും തട്ടിക്കൂട്ടി, അതിൽ രണ്ടു കസേരയിട്ട് ഇത്തരം കപടജന്മങ്ങളെ കുടിയിരുത്താനും ഉള്ള വ്യഗ്രതയിൽ അഞ്ച് വർഷം തള്ളിനീക്കുന്നു. തങ്ങളുടെ കൂലി നിറവേറ്റണം, അഴിമതിയ്ക്ക് കൂട്ട് നിൽക്കണം എന്നതിലപ്പുറം ഒരു യോഗ്യതയും ആവശ്യമില്ല എന്ന മാന്ത്രിക വിദ്യ കണ്ട് ഇതിന്റെയെല്ലാം ഉടമസ്ഥനായ പൊതുജനം പകച്ച് നിൽക്കുന്നു. നമ്മുടെ മുന്നിലൂടെ മാറി മാറി അരങ്ങേറുന്ന ജനാധിപത്യപ്രക്രിയയുടെ ഇന്നത്തെ ഒരു ചിത്രത്തിലെ ഏതാനം നിമിഷങ്ങളുടെ ഛായാപടങ്ങളാണ് മുകളിൽ വിവരിച്ചത്.

ഇത് നിയമസഭയിലോ, പാർലമെൻറ്റിലോ മാത്രം നടക്കുന്ന കാര്യമല്ല, ത്രിതല പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും, കോർപറേഷനിലും എല്ലാം സ്ഥിതി ഇത് തന്നെ എന്ന് ഓർക്കണം. ഏതൊരു തൊഴിലിനും, അക്കാഡമിക് പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്‌ മുകളിൽ സർട്ടിഫിക്കറ്റും അവ സാക്ഷ്യപ്പെടുത്തുന്ന നടപടികളും, പശ്ചാത്തല പരിശോധനകളും വേണ്ട ഇക്കാലത്ത്, നമ്മുടെ ഭരണകർത്താക്കൾക്ക് അത്തരത്തിൽ യാതൊരും കഴിവും വേണമെന്നില്ല താക്കോൽ സ്ഥാനങ്ങളിൽ ഇഷ്ടക്കാരെ തിരുകികയറ്റുന്നതിനു എന്നത്, പണവും ഭീഷണിശക്തികളും, കയ്യൂക്കിന്റെ ബലം കൊണ്ട് അധികാരമേറുന്ന കാഴ്ചകളും, നമ്മുടെ മുന്നിൽ മറനീക്കി പകൽ വെളിച്ചത്തിലും നടത്താനുള്ള ധൈര്യം അധികാര വർഗം നേടിയിരിക്കുന്നു എന്നതിന്റെ ശുഭസൂചനയാണ്!

ഭരണവും ഒരു പഠനവിഷയമാകേണ്ടതുണ്ട്. ഭരിക്കുന്നവന്റെ സ്വാതന്ത്ര്യവും, ഭരിക്കപ്പെടുന്നവന്റെ അടിമത്വവും അവസാനിപ്പിക്കേണ്ടത് കാലം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളിൽ ഒന്നാണ്. രാഷ്ട്രീയക്കാരിൽ തന്റെ പ്രസംഗമല്ല, മറിച്ച് തന്നിലെ കഴിവും ക്ഷമയുമാണ് ജനങ്ങളെ മനസ്സിലാക്കുന്ന ഒരു ഭരണാധികാരിയായി മാറുന്നതിനു ആവശ്യം, എന്ന പാഠം പൊതുജനങ്ങളാണ് മനസ്സിലാക്കി കൊടുക്കേണ്ടത്. ജോലിയിൽ കയറി എന്ന് പറയുന്ന മലയാളി, രാഷ്ട്രീയത്തിലേക്ക് ഇറങ്ങി എന്നാണു പറയാറുള്ളത്; ഈ തത്വം മനസ്സിൽ എന്നും കരുതണം, കാരണം രാഷ്ട്രീയം നിലനിൽക്കുന്നത് ജനങ്ങളുടെ ഇടയിലാണ്. അതിൽ അതീവ ശ്രദ്ധവേണ്ടത് വളരെ പ്രാധാന്യമുള്ള ഒരു വസ്തുതയാണെന്ന് ഓർമ്മിപ്പിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *