വിർച്ച്വൽ വിദ്യാഭ്യാസവും പ്രായോഗികതയും

Editorial
വിർച്ച്വൽ വിദ്യാഭ്യാസവും പ്രായോഗികതയും – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

COVID-19 മഹാമാരി പ്രഹരമേൽപ്പിച്ച മേഖലകളിൽ വളരെ നിർണ്ണായകമായ ഒന്നാണ് വിദ്യാഭ്യാസമേഖല. പുതുവർഷത്തിൽ പുത്തനുടുപ്പുമിട്ട് സ്കൂളുകളിൽ പോകാമെന്ന് കരുതിയ കുരുന്നുകൾ, യൂണിഫോമുമിട്ട് ഒരു മൊബൈലിനു മുന്നിൽ അവരുടെ അധ്യായന വർഷം ആരംഭിക്കേണ്ടിവന്നു. ഓൺലൈൻ ക്ലാസുകൾ സൗകര്യപ്രദമാണ്, എങ്കിലും അതിനെ ഒരു ശാശ്വത പഠന സംവിധാനമായി കണക്കാക്കാൻ പ്രയാസമാണ്.

കാരണം, കുട്ടികൾ ഒരു വിദ്യാലയത്തിൽ നിന്ന് പുസ്തകത്തിൽ ഉൾപ്പെടാത്ത പലതും ഗുരുമുഖത്തു നിന്നും പഠിച്ചെടുക്കുന്നു. ടീച്ചർ വടിയെടുത്ത് അടി വേണോ എന്ന് ചോദിക്കുമ്പോൾ, നല്ല മിടുക്കന്മാരായി അച്ചടക്കത്തോടെ ഇരുന്നിരുന്ന കുട്ടികൾ ഇന്ന് ഒരു മൊബൈലിലിൽ ടീച്ചറേ അനുസരിക്കുന്നു എന്ന തോന്നലുണ്ടാക്കേണ്ടിവരുന്നു. ഒരു പ്രൊഫഷണൽ കോഴ്‌സ് ഓൺലൈനിൽ നടത്തുന്നതുപോലെ ചെറിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസം ഓൺലൈനായി സംഘടിപ്പിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അച്ഛനമ്മമാർ രണ്ടുപേരും ജോലിയ്ക്ക് പോകേണ്ടിവരുന്ന സന്ദർഭത്തിൽ കുട്ടികളുടെ മേലുള്ള ശ്രദ്ധ, മറ്റു കുട്ടികളുമായി ഉണ്ടാകുന്ന സൗഹൃദങ്ങൾ എല്ലാം ഈ ഓൺലൈൻ വിദ്യാഭ്യാസത്തിൽ നഷ്ടപ്പെടുന്നു. കുട്ടികളോടൊപ്പം മാതാപിതാക്കളും വിദ്യാർത്ഥികളായി മാറുന്ന അവസ്ഥയാണ് പല വീടുകളിലും ഇന്ന് കാണുവാൻ സാധിക്കുന്നത്. ഇന്നത്തെ ഒഴിവാക്കാനാകാത്ത സാഹചര്യത്തിന്റെ അനിവാര്യതയാണ് ഇതെങ്കിലും, പ്രൈമറി, സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സ്ഥായിയായ ഒരു പഠന സംവിധാനമായി ഇതിനെ കണക്കാക്കാൻ പ്രയാസമാണ്. സമൂഹ ഇടപഴകലുകളുടെ ആദ്യപാഠം ചെറിയ കുട്ടികൾക്ക് നൽകുന്ന ഘടകങ്ങൾ ഈ സംവിധാനത്തിൽ ഉൾപെടുത്താൻ നിരവധി പ്രായോഗിക തടസ്സങ്ങൾ ഉണ്ടെന്നതും ഈ നിഗമനത്തിലേക്ക് നമ്മെ നയിക്കുന്നു.

ഓൺലൈൻ വിദ്യാഭ്യാസം സംവിധാനം വളരുമ്പോളും, ചെറിയ കുട്ടികളിൽ ഇതിന്റെ പ്രായോഗികത ഇനിയും പഠനവിഷമാക്കേണ്ടതാണെന്ന് കരുതുന്നു. വിദ്യാലയങ്ങൾ കേവലം അക്ഷരജ്ഞാനം മാത്രമല്ല കുട്ടികൾക്ക് നൽകുന്നത്. ഗുരുശിഷ്യ ബന്ധത്തിൻറെ വിശാലമായ വിളനിലമാണ് ഓരോ വിദ്യാലയങ്ങളും; സൗഹൃദത്തെക്കുറിച്ചും, ജീവിത മര്യാദകളെക്കുറിച്ചും, പരസ്പ്പര ബഹുമാനത്തെക്കുറിച്ചും, എന്തും പരസ്പ്പരം പങ്കിട്ടെടുക്കാനുള്ള നന്മയെക്കുറിച്ചും എല്ലാം ഒരു കുട്ടി പഠിച്ചെടുക്കുന്നത് അവർ പഠിക്കുന്ന വിദ്യാലയത്തിൽ നിന്നാണ്. അധികം വൈകാതെ തന്നെ ഈ പ്രതിസന്ധികൾ മറികടന്നു ജീവിതം പഴയ രീതിയിൽ സ്വസ്ഥമാകുമെന്ന് ആഗ്രഹിക്കുന്നതിനോടൊപ്പം, കുട്ടികൾക്ക് അവരവരുടെ വിദ്യാലയങ്ങളിലേയ്ക്ക് മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *