വാർത്താ സംഘർഷം

Editorial
വാർത്താ സംഘർഷം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

കണ്ണാടി കാൺവോളവും, തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കും എത്രയും വിരൂപന്മാർ..

ഇന്നത്തെ വാർത്തകളും, ചാനൽ ചർച്ചകളും, സമൂഹമാധ്യമ പ്രസ്താവനകളും കാണുമ്പോൾ മനസ്സിലേക്ക് വന്നുചേരുന്ന വരികളിവയാണ്. ഒരു ദിവസം ആരംഭം മുതൽ അവസാനം വരെ നമ്മുടെ മനസ്സുകൾ അറിഞ്ഞും അറിയാതെയും പങ്കാളിയാകുന്ന വിഷയങ്ങളുടെ എണ്ണം ഏറിവരികയാണ്. വാർത്തകളുടെ കുത്തൊഴുക്കിൽ ശരിയായി ചിന്തിക്കാൻ പോലും നാം മറന്നുപോകുന്നു. ഇതുമൂലം, ചുറ്റുപാടുകളാൽ നമ്മൾ സ്വാധീനിക്കപ്പെട്ട് കണ്ണ് മൂടപ്പെട്ടവരായി, കേൾക്കുന്നതെല്ലാം വിശ്വാസത്തിലെടുക്കുന്ന യന്ത്രസമാനരായി മാറിക്കൊണ്ടിരിക്കുന്നു.

വാർത്തകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത്, നമ്മൾ പ്രേക്ഷകർക്കാകട്ടെ പഴയപോലെ ഞെട്ടലുകളൊന്നുമില്ല. എല്ലാം ഒരു വിരൽകൊണ്ട് തോണ്ടി നമ്മൾ, ഒന്നിലും ഇടപെടാതെ കടന്നു പോകുന്നു. ഓരോ വാർത്തകളിലും അതിന്റേതായ നിറവും മണവും അടങ്ങിയിരിക്കുന്നു; കേൾക്കുന്ന വാർത്തയിലെ ശരിയും, ശരികേടും ചിന്തിക്കാതെ, തന്റേതായ താൽപ്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്നതിൽ പ്രേക്ഷകരും എത്തിച്ചേരുന്ന ഒരു അവസ്ഥയാണ് ഇന്ന് ഏറിയ പങ്കും കാണുവാൻ കഴിയുന്നത്.

വാർത്തകൾക്കൊപ്പം, അതാത് വാർത്തകളുടെ ഉറവിടത്തെ വിശകലനം ചെയ്തു നോക്കാൻ ഇന്നത്തെ മാധ്യമ വേഗത പലപ്പോഴും അനുവദിക്കുന്നില്ല. ഓരോ അര മണിക്കൂറിലും ബ്രേക്കിംഗ് ന്യൂസ് എത്തിക്കേണ്ട തിരക്കിലാണ് ഓരോ മാധ്യമ പ്രവർത്തകരും, കാരണം പൊതുജനം ഓരോ വാർത്തയെയും ഒരു പഞ്ചസാര മിഠായി പോലെ കണക്കാക്കി അതിൽ ആകൃഷ്ടരായിക്കൊള്ളുമെന്ന് ഓരോ നൂതന മാധ്യമങ്ങൾക്കും നന്നായി അറിയാം. വാർത്തയുടെ തലക്കെട്ടുകൾ മാത്രം വായിച്ച് അനുകൂലക്കുറിപ്പും, പ്രതിഷേധക്കുറിപ്പും ഇറക്കുന്ന തിരക്കിലേക്ക് ഓരോ വായനക്കാരും എത്തിച്ചേരുകയും ചെയ്യുന്നു. പണ്ടെല്ലാം വാർത്തയിൽ കണ്ടല്ലോ, കേട്ടല്ലോ, എന്നൊക്കെ പറയുമ്പോൾ ഉണ്ടായിരുന്ന ആധികാരികത ഇന്നില്ല. വാർത്തയോടുള്ള അമിതാഭിനിവേശം പലപ്പോഴും മനസ്സുകളെ കലുഷിതമാക്കുന്നു എന്നാണു പുതിയ മനഃശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നതും.

അറിയാനുള്ള ആഗ്രഹത്തോടൊപ്പം, അറിഞ്ഞതിൽ ശരിയുണ്ടോ എന്ന ചിന്തയ്ക്ക് കൂടി അൽപ്പം സമയം കൊടുക്കേണ്ടത് വളരെ അനിവാര്യമാണെന്ന് ഓർക്കണം. അവരവരുടെ ശരിയേക്കാൾ, പൊതുവായ ശരിയിലാണ് കാര്യം എന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.