വെല്ലുവിളികളുടെ അടച്ചിട്ട നാളുകളിൽ നിന്നും രാജ്യങ്ങൾ പതുക്കെ പ്രതീക്ഷയുടെ പ്രഭാതത്തിലേയ്ക്ക് ഉണർന്നു തുടങ്ങിയിരിക്കുന്നു. സ്തംഭനാവസ്ഥയിലായ ലോക വിപണികളിൽ പലതും കൊറോണാ വൈറസിനോട് പൊരുത്തപ്പെട്ട് തുറന്നു പ്രവർത്തിക്കാനുള്ള ശ്രമം ഇതിനോടകം തുടങ്ങിയിരിക്കുന്നു. രാജ്യങ്ങൾ കൈകൊണ്ട ഏകീകൃത COVID-19 പ്രതിരോധരീതി കുറച്ചു നാളുകൾ കൂടി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്, കാരണം ലോക ജാലകങ്ങൾ തുറന്നു കൊടുക്കുന്നതിനോടൊപ്പം, ജാഗ്രതയ്ക്ക് കുറവ് വരുവാനുള്ള സാധ്യതയും നാം മുന്നിൽ കാണേണ്ടതുണ്ട്.
പ്രതിസന്ധികളിൽ നിന്ന് കരകയറുവാനുള്ള തത്രപ്പാടിനോടൊപ്പം, നാം പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളിൽ വീഴ്ചകൾ വരുത്താതിരിക്കലും ഈ ഘട്ടത്തിൽ വളരെ അത്യാവശ്യമാണ്. കച്ചവടക്കാരും, ഉപഭോക്താക്കളും ഒരുപോലെ പ്രതിസന്ധിയിൽ നില്ക്കുന്ന ഈ അവസ്ഥ മറികടക്കുന്നതിൽ, വാണിജ്യപരമായ ഒരു അച്ചടക്കം ഇരു ഭാഗത്തുനിന്നും അനിവാര്യമാണ്. അത്യാവശ്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള, ചെലവ് ചുരുക്കലിന്റെ ഒരു കാലഘട്ടമാണ് നമുക്ക് മുന്പിലുള്ളത്. അവനവന്റെ പരിമിതിയ്ക്കനുസരിച്ച് ജീവിതം ഒതുക്കി നിർത്താൻ നമ്മൾ ഓരോരുത്തരും ശീലിക്കേണ്ടതുണ്ട്. ലാഭശതമാനം കുറച്ചുകൊണ്ട് കച്ചവടക്കാരും, ഏതൊരു ബിസിനസ്സും നിലനിൽക്കണമെങ്കിൽ സാമ്പത്തികം അത്യാവശ്യമായതുകൊണ്ട്, ക്രെഡിറ്റ് ദിനങ്ങൾ കുറച്ചുകൊണ്ട് സേവന വില നല്കാൻ ഉപഭോക്താക്കളും യോജിച്ച് ചിന്തിക്കേണ്ട അവസരമായി നാം മുന്പോട്ടുള്ള നാളുകളെ മനസ്സിലാക്കണം.
നിശ്ചയമായും മുന്നോട്ട് സഞ്ചരിച്ചേ മതിയാകൂ; പ്രതിസന്ധികളിലൂടെ മുന്നേറാനുള്ള മനസ്സുറപ്പ് നമുക്കോരോരുത്തർക്കും ഉണ്ടാകേണ്ടത് ഈ സാഹചര്യത്തിൽ അത്യാവശ്യവുമാണ്. ആരുടേയും പ്രതീക്ഷകളിൽ ഇല്ലാതിരുന്ന ഒരു ജീവിതപ്രതിസന്ധിയിലൂടെയാണ് ലോകം കഴിഞ്ഞ 4 മാസവും കടന്നുപോയത്, ഇതിൽ നിന്നും കര കയറുന്നതിന് കൂട്ടായ പ്രയത്നം അനിവാര്യമാണ്. സാമൂഹിക അകലവും, മുഖാവരണവും, ശുചിത്വശീലവും എല്ലാം കുറച്ചു കാലത്തേക്ക് കൂടി നമ്മോടൊപ്പം ജീവിതത്തിൽ ഉണ്ടായെന്നിരിക്കാം. വീണ്ടും വിപണികൾ ഉണർന്നു പ്രവർത്തിക്കട്ടെ, COVID-19 പ്രതിസന്ധി സൃഷ്‌ടിച്ച വലിയ ഭാരങ്ങൾ ഇറക്കിവെച്ച് വീണ്ടും ജീവിതത്തെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാൻ നമ്മൾ ഓരോരുത്തരുടെയും മനസ്സുകൾ ശക്തിയാർജ്ജിക്കട്ടെ, എന്ന് പ്രത്യാശിക്കാം.