വലംകൈ ചെയ്യുന്ന സത്കർമ്മം ഇടംകൈ അറിയരുതെന്ന പ്രമാണം കക്ഷത്ത് വച്ച്, കാരുണ്യത്തിന്റെ വെളിച്ചം ലേലം വിളിപോലെ കച്ചവടം ചെയ്യപ്പെടുന്ന പുതിയ തലമുറയുടെ നന്മയെക്കുറിച്ച് പറഞ്ഞു കൊതിതീരാതെ എഴുതുന്ന ഒന്നായി തെറ്റിദ്ധരിക്കരുത്. സാങ്കേതിക വളർച്ചയുടെ ഈ കാലത്ത് കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ ഒരു ദുഃഖം, ലോകമെമ്പാടുമുള്ള മലയാളികളുടെ ദുഃഖമായി മാറി മണിക്കൂറുകൾകൊണ്ട് ധനസമാഹരണ യജ്ഞങ്ങൾ നടക്കുന്നതിലെ സാധാരണക്കാരന്റെ കൗതുകം ആയി കണക്കാക്കിയാൽ മതി.
ഒരു പെട്ടിക്കട നടത്തുന്നവന് വരെ കച്ചവടത്തിന്റെ കണക്കും, ലൈസൻസിന്റെ ആധികാരികതയും, തലനാരിഴ നീക്കിയുള്ള പരിശോധനകളും, പത്രവും, കടപ്പത്രവും, കൈക്കൂലി എന്ന് പഴയപേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ “പതിവുകളും” അധികാരികളുടെ മുൻപിൽ കാഴ്ചവയ്ക്കേണ്ടി വരുന്ന ദുരവസ്ഥ നമ്മുടെ നാട്ടിലെ സാധാരണ കാഴ്ച്ചയാണ്. ഇതൊക്കെ ഉണ്ടെങ്കിലും, ഇടയ്ക്കിടയ്ക്ക് ഫിറ്റ്നസ് ഇല്ലെന്ന കാരണത്താൽ 500 രൂപയുടെ ശരാശരി വിറ്റുവരവുള്ള പെട്ടിക്കട പോലും “ഇനി നീ തുറക്കുന്നതൊന്ന് കാണണം” എന്ന ധാർഷ്ട്യത്തിന്റെ മുദ്രപതിപ്പിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
ഈ ഒരു സാഹചര്യത്തിലും തഴച്ച് വളരുന്ന ഒരു മേഖലയുണ്ട്. ഈ വിധ യാതൊരു രേഖകളുമില്ലാതെ, ഒരു സുപ്രഭാതത്തിൽ നന്മയുടെ വെള്ളിവെളിച്ചം മനസ്സിലേക്കാവാഹിച്ച്, “നിന്റെ ദുഃഖം എന്റേതും, പിന്നീട് നമ്മുടേതും” എന്ന ‘സദുദ്ദേശപരമായ’ ചിന്തയിൽ തുടങ്ങുന്ന “ചാരിറ്റി” പ്രവർത്തനങ്ങൾ; നിയമം മൂലം സ്ഥാപിതമായ സന്നദ്ധ സംഘടനകളെക്കാൾ, സ്വാധീനശക്തിയുള്ള വ്യക്തിഗത ധനയാകർഷണ യന്ത്രങ്ങളായി ഇത്തരം പ്രവർത്തനങ്ങൾ മാറുന്ന കാഴ്ചയാണ് ഇപ്പോൾ അധികവും കാണുന്നത്.
നന്മയുള്ള മനസ്സുകൾ വേണ്ടന്നല്ല, പക്ഷെ നന്മയ്ക്ക് നിറങ്ങൾ കലരുന്നത്, ഒരുപക്ഷെ കയ്യിൽ നിന്നും പണം ചെലവിടുന്ന സുമനസ്സുകൾ അറിയുന്നുണ്ടാകില്ല. ആയിരങ്ങളിൽ തുടങ്ങി, ലക്ഷങ്ങളും, കോടികളും വരെ ഒഴുകുന്ന തെളിച്ചമില്ലാത്ത പണശേഖരണം കൃത്യമായി അന്വേഷണവിധേയമാക്കേണ്ടതുണ്ട്. നന്മയുള്ള മനസ്സുകളെ ആരെയും മുറിവേൽപ്പിക്കുകയല്ല ലക്ഷ്യം, മറിച്ച് സമൂഹത്തെ കബളിപ്പിക്കുകയാണെങ്കിൽ ഒതുങ്ങിക്കൊടുക്കണം എന്ന മുന്നറിയിപ്പ് നൽകാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം.
ജനങ്ങളുടെ കരം പിരിച്ച് ഭരിക്കാൻ ബാധ്യസ്ഥരായ ഒരു രാഷ്ട്രീയ ഭരണ സംവിധാനമുണ്ട് നമ്മുടെ നാട്ടിൽ; അതിനു കീഴിലായിരിക്കണം ഓരോ ധനസമാഹരണവും നടക്കേണ്ടത്. അല്ലെങ്കിൽ ഇന്ന് കാണുന്ന നന്മ, നാളെ നമ്മൾ കാണേണ്ടിവരുന്ന വലിയ മറ്റൊരു കോലാഹലമായി മാറുമെന്നത് തീർച്ച. ഏതുകാലത്തും ചിന്തിച്ച് ചോദ്യങ്ങൾ മാത്രം ബാക്കിയാക്കി തൃപ്തിപ്പെടുന്ന സാധാരണക്കാരന്റെ മുന്നിൽ നിൽക്കുന്ന ഒരു ചോദ്യം, നന്മയുള്ള മരങ്ങൾ ലാഭേച്ഛയുള്ള സ്വകാര്യ ആശുപത്രികൾക്ക് തണലായി മാറുകയാണോ? ആണെങ്കിൽ കുറ്റബോധത്തോടെ വേണം ഉണ്ണുന്നതും, ഊട്ടുന്നതും.