മുൻവിധികളില്ലാത്ത ആത്മബന്ധം – സൗഹൃദം

Editorial
മുൻവിധികളില്ലാത്ത ആത്മബന്ധം – സൗഹൃദം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോൾ ഒരു സമ്മതം പോലും ചോദിക്കാതെ ഒരാളുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാൻ സാധിക്കുന്നവരാണ് നല്ല സുഹൃത്തുക്കൾ. മുൻവിധികളില്ലാത്ത ആത്മബന്ധങ്ങൾ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ, സൗഹൃദത്തെ കുറിച്ച് നമ്മെ ഓർമപ്പെടുത്തുന്ന ഒരു ദിനമാണ് ജൂലൈ 30. ഇന്റർനാഷണൽ ഡേ ഓഫ് ഫ്രണ്ട്ഷിപ് അഥവാ ലോക സൗഹൃദ ദിനം. 2011-ൽ ഐക്യരാഷ്ട്ര സഭ ജനറൽ അസ്സംബ്ലിയിൽ വച്ചാണ് ആദ്യമായി ഇങ്ങിനെ ഒരു ദിനത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിക്കുന്നത്.

വിവിധ രാജ്യക്കാർ, സാംസ്കാരിക പശ്ചാത്തലമുള്ളവർ എന്നിവരെല്ലാം പരസ്പ്പരം സ്നേഹം പങ്കുവയ്ക്കുന്നതിനും, സൗഹൃദത്തോടെ സഹവർത്തിക്കാനും ഈ ആശയം സഹായിക്കും എന്ന തുറന്ന കാഴ്ചപ്പാടാണ്, ഈ ദിനം നിലവിൽ വരുന്നതിനുള്ള ആധാരം. ലോകമെമ്പാടുമുള്ള യുവജനതയ്ക്ക് ശക്തരായി നിൽക്കാനും, പരസ്പരം സൗഹൃദത്തോടെ നാനാത്വത്തിൽ ഏക മനസ്സോടെ സഹവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഓരോ രാഷ്ട്രത്തിനും അതിന്റേതായ ഒരു പൈതൃക പദവിയുണ്ടെന്നും, അത് കാത്തുസൂക്ഷിക്കുന്നതിനും, സഹിഷ്ണുതയോടെ പരസ്പ്പരം സൗഹൃദം പങ്കുവയ്‌ക്കേണ്ടതുണ്ടെന്നും ഈ ദിനം മനസ്സിലാക്കി തരുന്നു.

ലോകം ഇന്ന് പലവിധമുള്ള ജീവിത വെല്ലുവിളികളിലൂടെയും, സാമ്പത്തിക പ്രതിസന്ധികളിലൂടെയും, വർണ്ണ വിവേചന വിഭജനങ്ങളിലൂടെയും കടന്നുപോകുന്ന സന്ദർഭത്തിൽ, ഈ പിരിമുറുക്കങ്ങൾക്ക് അയവുവരുത്താൻ കറയറ്റ സൗഹൃദങ്ങൾ കൂടിയേ തീരൂ. വ്യക്തികൾ തമ്മിലും, സമൂഹങ്ങൾ തമ്മിലും, സർവ്വോപരി രാജ്യങ്ങൾ തമ്മിലും ഐക്യം ഊട്ടിയുറപ്പിക്കാൻ ഇത്തരത്തിലുള്ള സൗഹൃദങ്ങൾ സഹായകരമാകും എന്നാണു ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തൽ. സ്പർദ്ധയുള്ള മനസ്സുകൾക്ക് ശാന്തത കൈവരിക്കാൻ നല്ല സൗഹൃദങ്ങൾ അനിവാര്യമാണ്. നേരംപോക്കിനായി ഒത്തുകൂടുന്ന സൗഹൃദങ്ങളെക്കാൾ, നേരാംവണ്ണം പരസ്പ്പരം ഉള്ളറിയുന്ന സൗഹൃദങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *