കാവൽ ദണ്ഡനം

Editorial
കാവൽ ദണ്ഡനം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

“മക്കൾ തൻ ഉയിരുക്കും, ഉടലുക്കും പാതുകാപ്പോം ഇന്ത കാവൽതുറൈ…”, ഏതൊരു പോലീസുകാരനും മനസ്സിൽ ചൊല്ലിപ്പഠിച്ച ഈ വാചകങ്ങൾ കാറ്റിൽ പറത്തിയ, തീർത്തും ദൗർഭാഗ്യകരമായ ഏതാനം ദിവസങ്ങൾക്കാണ് തൂത്തുക്കുടി ജില്ലയിലെ, സാത്താൻകുളം പോലീസ്‌ സ്റ്റേഷൻ സാക്ഷ്യം വഹിച്ചത്. ഒരു അച്ഛനും, മകനും പോലീസിന്റെ മുഷ്ടി വിചാരണയെ തുടർന്ന്, അതിക്രൂരമായി മരണത്തിന് കീഴടങ്ങിയ വിവരം ഞെട്ടലോടെയാണ് സമൂഹം കേട്ടത്. പൊതുജനത്തിനോടൊപ്പം അവരിലൊരാളായി നിന്ന്, അവരെ സംരക്ഷിക്കേണ്ട വലിയ ചുമതലയും, ഉത്തരവാദിത്തവും ഉണ്ടെന്ന് സ്വയം തോന്നാനും, ഭയത്തിൽ നിന്നും അവരെ സംരക്ഷിച്ചുകൊള്ളാം എന്ന വലിയ അർത്ഥത്തിൽ നിന്നുമാണ് തമിഴ്‌നാട്ടിൽ, പോലീസ്, ‘കാവൽ’ എന്ന പേരിൽ അറിയപ്പെടുന്നത്. ഏതൊരു വിഭാഗത്തിലും, അവർ ചെയ്യേണ്ട കർത്തവ്യത്തിന്റെ പൂർണ്ണ രൂപം ഗ്രഹിക്കാത്ത ചിലരുണ്ടായിരിക്കും; അവരാകട്ടെ നിയമവും, നീതിയും തങ്ങളുടേതായ മനോവിചാരത്തിൽ നടപ്പാക്കാൻ ശ്രമിക്കുകയും, ആ വിഭാഗത്തിന് തന്നെ നാണക്കേടുണ്ടാക്കും വിധത്തിൽ പേരുദോഷങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ദേശീയ മുദ്രയിൽ ആലേഖനം ചെയ്ത ആപ്ത വാക്യമായ “സത്യമേവ ജയതേ” എന്നതാണ് തമിഴ്‌നാട് പോലീസിന്റെയും ആപ്തവാക്യം; എന്നുവച്ചാൽ സത്യം എന്നും വിജയിക്കട്ടെ, സത്യം മാത്രം വിജയിക്കട്ടെ. എന്നാൽ ആപ്തവാക്യങ്ങൾ കേവലം നിറംമങ്ങിയ വരികളായി മാറുന്ന സ്ഥിരം കാഴ്ചയാണ്, നിയമവും കോടതിയും വിധിനടപ്പാക്കേണ്ട സാഹചര്യത്തിൽ രണ്ടോ നാലോ കൈകൾ ചേർന്ന് നടപ്പിലാക്കിയ അതിക്രൂരമായ ഈ സംഭവത്തിലൂടെ നാം കാണുന്നത്. കൊലപാതകങ്ങൾക്ക്, എന്ത് സാഹചര്യത്തിലായാലും ന്യായീകരണങ്ങൾ നിരത്തുന്ന സാഹചര്യം വന്നു തുടങ്ങിയാൽ, അത് ഒരു നാട് നാശത്തിന്റെ പാതയിലേക്ക് വഴിത്തിരിയുന്നതിന്റെ ലക്ഷണമാണ് എന്ന തിരിച്ചറിവിലേക്ക് പൊതുസമൂഹം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് പറഞ്ഞു ഇത്തരം നീചകൃത്യങ്ങളെ ന്യായീകരിച്ച് മാറ്റി നിർത്തപ്പെടുമ്പോൾ ഓർക്കണം, ഒരു മനുഷ്യജീവൻ എന്നത് ഒറ്റപ്പെട്ട ഒരു ദ്വീപ് അല്ല, അതിൽ ഒരു കുടുംബം അടങ്ങിയിരിക്കുന്നു, സമൂഹം അടങ്ങിയിരിക്കുന്നു; സർവ്വോപരി നമ്മുടെയൊക്കെ പരിഛേദമായി കാണുവാനാകണം, ഇത്തരം ഓരോ സമൂഹ സംഭവങ്ങളെയും.

സാത്താൻകുളത്ത് നടന്ന പോലീസ് അതിക്രമം എന്തിന്റെ പേരിലായിരുന്നു എന്നത് നീതിന്യായ സംരക്ഷണത്തിന് ഉത്തരവാദിത്വമുള്ളവർ അന്വേഷിക്കേണ്ടതാണ്. കള്ളൻ നടത്തിയ കളവിനെക്കുറിച്ച്, പെരുംകള്ളൻ അന്വേഷിക്കുന്ന രീതിയിൽ, തെളിവുകളിൽ മാത്രം നോക്കി അന്വേഷിച്ചാൽ ഈ വിഷയവും ഒരു വൈകാരികതയ്ക്കപ്പുറത്തേയ്ക്ക് നീളില്ല എന്ന് ഓർക്കണം. സ്ഥിരം രീതിയിൽ എല്ലാം തേച്ച്മായ്ക്കപ്പെടും എന്നത് നാളിതുവരെയുള്ള ചരിത്രമാണ്. അന്വേഷണങ്ങളിൽ തെറ്റിനോടൊപ്പം നില്ക്കാൻ ഒരു വിഭാഗം ആലോചിക്കുമ്പോൾ, ആ തെറ്റ് തെറ്റായി തുടരാനും, ഭാവിയിലും ആവർത്തിക്കാനുമുള്ള സാധ്യത മനസ്സിലാക്കി, മനസാക്ഷിയെ നടുക്കിയ ഇത്തരം നീചകൃത്യങ്ങൾ ന്യായീകരിക്കാൻ തെറ്റ് ചെയ്തവർ കൂടി തയ്യാറാവരുതെന്നു ചിന്തിക്കണം.

COVID-19 ഭീതിയിൽ നാട് മുഴുവൻ അതിൽ ശ്രദ്ധയൂന്നേണ്ട ഒരു സമയത്ത്, നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ പോലീസ് നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്, എന്നാൽ എന്തിനു വേണ്ടി ജനങ്ങളെ ബോധവൽക്കരിക്കുന്നു, എന്തിനാണ് രോഗവ്യാപനം തടയുന്നത് എന്നെല്ലാം മനസ്സിലാക്കേണ്ടതിന്റെ പ്രാഥമിക ബോധ്യം നിയമപാലകർക്കുണ്ടായിരിക്കണം. മനുഷ്യ ജീവൻ സംരക്ഷിക്കാനും, പൊതു സമൂഹം സുരക്ഷിതരാകാനും വേണ്ടി ഏർപ്പെടുത്തിയ നിയമങ്ങൾ കൊണ്ട് തന്നെ, അതിലെ ചില നിമിഷങ്ങളുടെ കണക്കു പറഞ്ഞു തുടങ്ങിയ തർക്കം, ഒടുവിൽ രണ്ടു ജീവൻ അപഹരിക്കുന്നതിൽ പര്യവസാനിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള മരണങ്ങൾ ഒരു കാരണവശാലും ന്യായീകരിക്കപ്പെടേണ്ടതല്ല, കാരണം നിയമം നടപ്പിലാക്കാൻ പരിപൂർണ്ണ ഉത്തരവാദിത്വമുള്ള നീതിന്യായ പ്രക്രിയയുടെ കാവലാളുകൾ തന്നെയാണ് ഈ അരുതാത്ത കാര്യം നടപ്പിലാക്കിയത്. ഇതേ സ്റ്റേഷനിൽ തന്നെ ഈ സംഭവത്തിനു ഒരാഴ്ചമുന്നേ മറ്റൊരു കസ്റ്റഡി മരണം രേഖപെടുത്തിയിട്ടുണ്ടെന്ന വാർത്തകളും, ഈ സംഭവത്തിനു ശേഷം അന്വേഷണത്തിനായി വന്ന മജിസ്റ്റീരിയൽ അധികൃതർക്ക് സ്റ്റേഷനിൽ നിന്ന് നേരിടേണ്ടിവന്ന ഭീതിപ്പെടുത്തുന്ന ഭീഷണികളും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

കാക്കിയിട്ടവർക്ക് ജനങ്ങളെ രണ്ടാംതരക്കാരായി കാണുന്ന സമീപനം ഉണ്ടായാൽ അത് അപകടമാണെന്ന് തിരിച്ചറിയണം; സമൂഹത്തിൽ ശക്തിയിലൂടെയുള്ള നിർബന്ധബുദ്ധിക്ക് വളരെ കുറച്ചുകാലം മാത്രമേ മേൽക്കോയ്മ ഉണ്ടാകൂ; അത് കഴിഞ്ഞാൽ “ജനങ്ങളിൽ ചിലർ കാക്കിയിട്ട് നടക്കുന്നവർ” എന്ന കേവല ചിന്തയിലേക്ക് സമൂഹം ചുരുങ്ങും; ആ കൂട്ടിപ്പിടുത്തതിൽ ആ കാക്കിക്കും ചുളിവ്‌ വന്നേക്കാം. കോവിൽപെട്ടി സബ്‌ജയിലിൽ കേട്ട ശബ്ദവും, കരച്ചിലും ഇനിയൊരിക്കലും ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *