1988- ജൂലൈ 8, കൊല്ലത്ത് നൂറോളം പേരുടെ മരണത്തിനിടയാക്കിയ പെരുമൺ തീവണ്ടി ദുരന്തമാണ് പശ്ചാത്തലം; അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് പതിച്ച ഐലൻഡ് എക്സ്പ്രസിന്റെ ബോഗികൾ പൊക്കിയെടുക്കുന്നതിനായി ഏർപ്പെടുത്തിയ റെയിൽവേ ക്രയിനുകൾ ദൗത്യത്തിൽ പരാജയപ്പെടുന്നു; അപ്പോഴാണ് അവിടെ രക്ഷ പ്രവർത്തനത്തിനായി, സേവനസന്നദ്ധരായി ബേപ്പൂരിൽ നിന്നും വന്നെത്തിയ മുപ്പതോളം വരുന്ന ഒരു സംഘം, ഈ ഉദ്യമത്തിനു തങ്ങൾ തയ്യാറാണെന്ന് അറിയിച്ച് കൊണ്ട് മുന്നോട്ട് വരുന്നത്.
പ്രത്യേകിച്ച് യന്ത്രസാമഗ്രികളോ, പുറമേക്കാണുന്ന സാങ്കേതികവിദ്യകളോ കൂടാതെ, വെറും കപ്പിയും, കയറുമായി വന്ന ഇവരെ, ആദ്യ ഘട്ടത്തിൽ മുൻ നിര ഉദ്യോഗസ്ഥരും, സംവിധാനങ്ങളും വേണ്ടത്ര ഗൗനിച്ചില്ലെങ്കിലും, നേരം ഉച്ച തിരിയുന്നതിനു മുൻപ് ആ ബോഗികളിൽ ഒരെണ്ണം ഈ കൂട്ടർ തന്ത്രവും, ശക്തിയും, മനസ്സിന്റെ ബലവും, നൂറ്റാണ്ടുകളായുള്ള തങ്ങളുടെ പൂർവികരിലൂടെ സിദ്ധിച്ച അനുഭവജ്ഞാനവും ഉപയോഗിച്ച് കരയ്ക്കടിപ്പിക്കുന്നതിൽ വിജയിക്കുന്നു. ഖലാസിമാരുടെ പെരുമവിളിച്ചോതുന്ന അനേകം മുഹൂർത്തങ്ങളിൽ ഒന്നിന് കൂടി അവിടെ നമ്മുടെ നാട് സാക്ഷ്യം വഹിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ പട്ടാളക്കാർക്കൊപ്പം തോളോട് തോൾ ചേർന്ന്, ഇവർ ബാക്കി 9 ബോഗികളും കരയ്ക്കടുപ്പിച്ചു. അതുവരെ ഉയർന്ന ചോദ്യങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കും തങ്ങളുടെ ശക്തികൊണ്ടും ബുദ്ധിവൈഭവം കൊണ്ടും മറുപടി നൽകി ആ മാപ്പിള ഖലാസിമാർ അവിടെനിന്നും മടങ്ങുകയും ചെയ്തു.
കേരളത്തിൽ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിൽ പറയുന്ന പേരാണ് “ഖലാസി“. അറബിനാടുകളുമായി പുരാതന കാലം മുതൽക്കേ കോഴിക്കോടിനുണ്ടായിരുന്ന വാണിജ്യ ബന്ധങ്ങൾക്ക് അടിവരയിടുന്നതാണ്, കറുപ്പും വെളുപ്പും കൂടിക്കലർന്നത് എന്ന അർഥമുള്ള ഖിലാസി എന്ന അറബി പദത്തിൽ നിന്നുള്ള ഈ പേരിന്റെ ഉത്ഭവം. കപ്പലും, ഉരുവും അറ്റകുറ്റപണികൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി മാപ്പിള ഖലാസികളുടെ തൊഴിൽ.
ഭാരിച്ചതും, സങ്കീർണ്ണവുമായ ജോലികൾ കായിക ശക്തിയുടെയും, സംഘശക്തിയുടെയും, തൊഴിൽ നിപുണതയുടെയും മികവിൽ വിജയകരമായി ചെയ്തുതീർക്കുന്നു എന്നതാണ് മാപ്പിള ഖലാസികളുടെ പ്രത്യേകത. വെറും കപ്പിയും, കയറും, മര ഉരുളുകളും, തടകളും വച്ച്, കൂട്ടത്തിൽ മുതിർന്ന ഖലാസിയായ അമ്പാക്കാരന്റെ “ബക്ക… ബക്ക… ബാനി…ബക്ക” താളത്തിനൊത്ത്, ജവാബുമാർ എന്നറിയപ്പെടുന്ന മറ്റു ഖലാസികളും കൂടി തികഞ്ഞ ഇച്ഛാശക്തിയുടെ ഏതു ഭാരവും എടുത്തുയർത്തുന്നു. പലപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അത്ര ഭാരം പോലും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നതിലെ ഖലാസി സൂത്രവാക്യം ഒരുമയായിരുന്നു; കൂടാതെ നൂറ്റാണ്ടുകളായി കൈമറഞ്ഞു കിട്ടിയ മനക്കണക്കുകളിലെ വൈദഗ്ധ്യവും.
കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ പല വൻകിട നിർമ്മാണ പദ്ധതികളിലും മാപ്പിള ഖലാസികളുടെ സേവനം തേടിയെത്തിയിട്ടുണ്ട്. ഇടുക്കി ഡാം, കല്ലായി പാലം, ഒറീസ്സയിലെ മഹാനദി പാലം ,ഗോവയിലെ മാംഗനീസ് ഫാക്ടറി എന്നിവ ഇവയിൽ ഉൾപ്പെടുന്നു. മക്കയിലെ “മക്ക റോയൽ ക്ലോക്ക് ടവറിന്റെ” നിർമ്മാണത്തിൽ കേരളത്തിൽ നിന്നുള്ള 68 മാപ്പിള ഖലാസികൾ പങ്കെടുത്തിട്ടുണ്ട്. 662 മീറ്റർ ഉയരമുള്ള ഈ ഘടികാര ഗോപുരത്തിലെ പടുകൂറ്റൻ ക്ളോക്കിന്റെ വിവിധ ഭാഗങ്ങൾ ഉറപ്പിക്കുന്നതിൽ ഖലാസികളുടെ വൈദഗ്ദ്യത്തിനു വലിയ പങ്കുണ്ടെന്നത് ഈ പാരമ്പര്യത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണ്. മക്കയിലെ ക്ളോക്ക് ടവറിന്റെ നിർമ്മാണ ചുമതലയുള്ള ആധുനിക എഞ്ചിനീയർമാർ വരെ, ഇവരുടെ സങ്കീർണമായ ഭാരക്കണക്കുകളിലെ പ്രായോഗിക വൈദഗ്ധ്യത്തെ പുകഴ്ത്തുകയുണ്ടായിട്ടുണ്ട്. മെഷീനും, ക്രയിനും തോറ്റിടത്ത് ഖലാസികൾ വിജയിച്ച സാഹസിക നിമിഷങ്ങൾ അങ്ങിനെ നീളുന്നു.
മാറ്റങ്ങൾക്കനുസരിച്ച് പതിയെ ഖലാസികളുടെ ചരിത്രവും മങ്ങിത്തുടങ്ങുന്നുണ്ടോ എന്ന ആശങ്കയുണ്ട്. പ്രധാനപ്രവർത്തന മേഖലയായ ഉരുനിർമ്മാണത്തിൽ വരുന്ന മങ്ങൽ ഇവരുടെ പ്രതാപത്തിനെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഏതൊരു പെരുമയും ഓർത്തെടുക്കേണ്ടി വരുമ്പോൾ നമ്മൾ മനസ്സിലാക്കണം, അതൊരു ചരിത്രമായി മാറിത്തുടങ്ങുന്നു എന്ന്. അതുപോലെ തെളിമയാർന്ന ഖലാസി ശക്തി പെരുമയും നമ്മുടെ വരും തലമുറയുടെ മനസ്സിൽ നിലനിൽക്കട്ടെ എന്ന് പ്രത്യാശിക്കാം.