“The good man is the friend of all living things.”, യഥാർത്ഥ മനുഷ്യത്വത്തെക്കുറിച്ചുള്ള ഈ ഗാന്ധി വചനത്തിനു ഇന്നത്തെ കാലത്ത് പ്രസക്തി ഏറിവരികയാണ്. കാടും നാടും തന്റേത് മാത്രം എന്ന, നമ്മൾ മനുഷ്യരുടെ അത്യാഗ്രഹ ബുദ്ധിയ്ക്ക് അയവു വരുത്തേണ്ട കാലം അതിക്രമിച്ചെന്ന് പ്രകൃതി നമ്മെ നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടേയിരിക്കുന്നു.
എന്നാൽ അവിടെയും തന്റെ നിലനില്പിനും, അതിജീവനത്തിനു വേണ്ടി മാത്രം ശബ്ദമുയർത്തുന്ന നമ്മളിൽ ചിലർ ഇന്ന് ഓർക്കേണ്ട ഒരു പേരാണ്, ഇന്നേക്ക് ഒരു വര്ഷം മുൻപ്, അതായത് 2019 ജൂൺ 16-ന് നമ്മേ വിട്ടു പിരിഞ്ഞ ബൈജു കെ വാസുദേവൻ എന്ന പ്രകൃതി സ്നേഹിയുടേത്. അതിരപ്പള്ളി മഴക്കാടുകളെ തന്റെ ജീവനോളം സ്നേഹിച്ച ഒരു മനുഷ്യൻ. ഏതോ വാഹനമിടിച്ച് പിടഞ്ഞു ജീവൻ നഷ്ടപ്പെട്ട വേഴാമ്പലിന്റെ ഇണയെയും കുഞ്ഞിനേയും കണ്ടെത്തി പരിപാലിച്ചതിലൂടെയാണ് പ്രകൃതി സ്നേഹികൾക്കും, അന്താരാഷ്ട്ര മാധ്യമങ്ങൾക്കും സുപരിചിതനായ ഈ സാധാരണക്കാരനെ നമ്മുടെ പൊതുജനങ്ങൾ അറിയുന്നത്. 2018 ഏപ്രിലിൽ അഞ്ചിനാണ് വഴിയരികിൽ കൊക്കിൽ കുഞ്ഞുങ്ങൾക്കുള്ള തീറ്റയുമായി ജീവൻ വെടിഞ്ഞ ആൺ വേഴാമ്പലിനെ ഇദ്ദേഹം കണ്ടെത്തുന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും, പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ചീനി മരപ്പൊത്തിൽ വേഴാമ്പലിന്റെ കൂട് കണ്ടെത്തുന്നതും, ഉദ്യോഗസ്ഥരും ബൈജുവും ചേർന്ന് 40 അടി ഉയരമുള്ള ആ ചീനി മരത്തിൽ കയറി ഈ കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്നതുമെല്ലാം ഓരോ പ്രകൃതി സ്നേഹികൾക്കും തികച്ചും പ്രചോദനം നൽകുന്ന കരുതലിന്റെ പാഠങ്ങളായിരുന്നു.
മനുഷ്യൻ വിചാരിച്ചാൽ അവനു സ്വയം മാറ്റങ്ങളെ ഉൾക്കൊളളാനും, മാറാനും കഴിയും എന്ന് നമ്മളെ ഓരോരുത്തരെയും ചിന്തിപ്പിച്ച പ്രളയവും, പ്രകൃതി ദുരന്തവും, കോറോണയും നമുക്ക് മുന്നിൽ നിൽക്കുമ്പോൾ ഈ ഓർമ്മദിനത്തിനും അതിന്റേതായ പ്രാധാന്യം വന്നു ചേരുന്നു. തുടക്കത്തിൽ മറ്റേതൊരു സാധാരണ മനുഷ്യനെപോലെയും കാട്ടിലുള്ളതെല്ലാം ആരോടും ചോദിക്കാതെ മുറിച്ചെടുക്കാനും, വേട്ടയാടി തിന്നാനുമുള്ളതാണെന്ന പൊതു ചിന്തയായിരുന്നു ബൈജുവിനേയും നയിച്ചിരുന്നത്. തന്റെ ഈ പഴയ കാലത്തെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുവാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചിരുന്നുമില്ല. അതിരപ്പള്ളി കാടുകളിൽ മനുഷ്യന്റെ ഇടപെടലുകൾ അത്ര ഇല്ലാതിരുന്ന ആ കാലത്ത്, ആദിവാസികളോടൊപ്പം വന്യമൃഗങ്ങളെ ഇറച്ചിക്കായി വേട്ടയാടാനും, കാട്ടിൽ കയറി കള്ളകാച്ചു നടത്തുന്നവരുടെ കൂട്ടാളിയായും ജീവിതം തുടങ്ങിയ ബൈജുവിനെ, ഫോറസ്ററ് ഗാർഡുകൾക്കുള്ള ഒരു റിക്രൂട്ട്മെന്റ് ക്യാമ്പ്, പ്രകൃതിയെ തന്റെ എല്ലാമായി കാണുന്ന ഒരാളാക്കി മാറ്റുകയായിരുന്നു. തനിക്ക് ആവശ്യമുള്ള ഇറച്ചി ഭക്ഷിച്ചശേഷം വലിയ വിലയ്ക്ക് നാട്ടിൽ കച്ചവടം ചെയ്യുമ്പോൾ, ആ തുക കാടിനേയും പ്രകൃതിയെയും ഇല്ലാതാക്കുന്നതിനുള്ള കമ്മീഷൻ ആയി കരുതണം എന്ന ചിന്ത ഇദ്ദേഹത്തിൽ ഉടലെടുക്കുകയും, കൂടുതൽ സ്വാതന്ത്ര്യത്തോടെയും അധികാരത്തോടെയും വനവേട്ട തുടരുന്നതിനായി ഫോറസ്റ്റ് ഗാർഡ് ആകാൻ തീരുമാനമെടുത്ത അദ്ദേഹം ആ ക്യാമ്പിൽ വച്ച് പക്ഷികളും, മൃഗങ്ങളും, പ്രാണികളും, നമ്മൾ മനുഷ്യരുടെ സഹോദരങ്ങളാണെന്ന വലിയ ചിന്തയിലേക്ക് വളരുകയായിരുന്നു. അങ്ങിനെ കാടിന്റെ മകനായി, അതിരപ്പള്ളി മഴക്കാടുകളുടെ കാവൽക്കാരനായി, പിൽക്കാലത്ത് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് ഫോറെസ്ട്രിയിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായ ബൈജു പരിസ്ഥിതി സാക്ഷരതാ യജ്ഞത്തിലും സജീവമായിരുന്നു.
പ്രകൃതിയ്ക്ക് വേണ്ടി ശബ്‌ദിക്കുകയും, ജീവിതം അർപ്പിക്കുന്നവരെയും പലപ്പോളും ആരും അധികം തിരിച്ചറിയാറില്ല, നിശബ്ദമായ ആ സത്കർമ്മം പലപ്പോഴും ആരും കാണുവാൻ ശ്രമിക്കാറില്ല എന്നത് തന്നെയായിരിക്കാം കാരണം. അതിരപ്പള്ളി പുഴക്കാടുകൾക്ക് വരുന്ന മാറ്റത്തെ കുറിച്ച് എന്നും അദ്ദേഹം വ്യാകുലനായിരുന്നു. ആ ശബ്ദം, നാം അധികാരി വർഗം എന്ന പേരിട്ട് കുടിയിരുത്തിയിട്ടുള്ള ആൾദൈവങ്ങൾ ഒഴികെ, പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവരും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു; നിത്യഹരിത വനത്തിലെ, പ്രാദേശിക ജീവിവർഗങ്ങളല്ലാത്ത മാൻ, മയിൽ എന്നിവ അതിരപ്പള്ളിയിൽ വർദ്ധിക്കുന്നത്, കാട് നശിക്കുന്നതിന്റെ ആരംഭമായി കണ്ട അദ്ദേഹത്തിന്റെ വാക്കുകൾ കാടിനെ മാറ്റിനടാനും, വന്യജീവികൾക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കൊടുക്കാൻ വെമ്പി നിൽക്കുന്നവർക്കും മനസ്സിലായില്ലെങ്കിലും.
“ചില മരങ്ങൾ ഇല്ലാതാകുന്നതോടെ, അനേകം ജീവജാലങ്ങളും ഇല്ലാതാകുന്നു” എന്ന അറിവ് സ്വന്തം കാടനുഭവങ്ങളിൽ നിന്ന് പങ്ക് വെച്ച ബൈജുവിന്റെ വാക്കുകൾ, പരിസ്ഥിതി ആഘാതപഠനങ്ങൾ നടത്തുന്നവർക്കും മനസ്സിലാവുകയില്ല; കാരണം അവരെ സംബന്ധിച്ചിടത്തോളം റിപ്പോർട്ട് തയാറാക്കുമ്പോൾ നടത്തുന്ന ‘കോപ്പി, പേസ്റ്റ്’ ഇടപാടുകൾ പോലെ എളുപ്പമാണ് ‘കാടും, മൃഗങ്ങളെയും, ആവാസ വ്യവസ്ഥകളെയും ഒരിടത്ത് നിന്ന് വെട്ടി മറ്റൊരിടത്തേക്ക് ഒട്ടിക്കാം’ എന്ന് ഔദ്യോഗിക പഠന റിപ്പോർട്ടുകളിൽ എഴുതി വെക്കുന്നത്. വിവാദങ്ങളിൽ വീണ്ടും അതിരപ്പള്ളിയും, പദ്ധതികളും നിറയുമ്പോളും പ്രകൃതിയ്ക്കായി നിലകൊണ്ട് മണ്മറഞ്ഞ ബൈജുവിനെ പോലുള്ള മനുഷ്യർ, നിശബ്ദമായ അവരുടെ ജീവിതം കൊണ്ട് നാം പ്രകൃതിയെ സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യം ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടാകും, എന്നാൽ നിലനിൽപ്പിന്റെ മല്പിടുത്തതിൽ പലപ്പോഴും നാം ഇതൊന്നും കേൾക്കാറില്ല എന്നത് സങ്കടകരമായ സത്യം.
Cover Photo [Source]