2020 ജൂൺ 16, ചൊവ്വാഴ്ച്ച. ഈ ദിനം ഒരു ഭാരതീയനും മറക്കാനാകില്ല. ദേശാഭിമാനിയായ ഓരോ ഭാരതീയനും, ഈ ദിനം, വേദനിപ്പിക്കുന്ന, മനസ്സിൽ മുറിവേല്പിക്കുന്ന ദിനമാണെന്ന് ഉറപ്പാണ്. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനയുടെ കൊടും ചതിയിൽ പെട്ട് നമുക്ക് നഷ്ടമായത് 20 ധീര സൈനികരെയാണ്. നമുക്കും, നമ്മുടെ നാടിനും വേണ്ടി വീരമൃത്യു വരിച്ച അവരുടെ ത്യാഗമനോഭാവവും, പോരാട്ടവീര്യവും വരും തലമുറയ്ക്ക് നൽകുന്ന ജീവിത ഊർജ്ജം ചെറുതല്ല. ഈ വീര പുരുഷന്മാരുടെ രക്തസാക്ഷിത്വം വ്യർത്ഥമാകില്ലെന്നു പ്രധാനമന്ത്രി പറഞ്ഞതിലൂടെ, ആരുടെ മുൻപിലും ഭാരതം തലകുനിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് അർത്ഥമാക്കുന്നത്. മാത്രമല്ല ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിപോലും നഷ്ട്ടമായിട്ടില്ല എന്നും പ്രധാനമന്ത്രി അടിവരയിട്ടുപറയുന്നു. ജീവൻ കളഞ്ഞും ഭാരതത്തെ സംരക്ഷിക്കുന്ന സൈനികരുടെ ജാഗ്രത മാത്രമാണ് അതിനു കാരണം.
നീണ്ട 45 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ-ചൈന അതിർത്തിയിൽ നടക്കുന്ന ഒരു സംഘർഷത്തിൽ ഇന്ത്യക്ക് സൈനികരെ നഷ്ടമാകുന്നത്. ഈ കാലത്തിനിടയിൽ സംഘർഷങ്ങൾ പലതവണ മൂർച്ഛിച്ചിരുന്നെങ്കിലും, സേന അംഗങ്ങളുടെ ജീവൻ എടുക്കുന്ന വിധത്തിൽ അത് വളർന്നിരുന്നില്ല. സത്യത്തിൽ ഇൻഡോ-ചൈന തർക്കത്തിന്റെ കാരണങ്ങൾ പലതാണ്. സുപ്രധാനമായ തർക്കം ഭൂമിയുടെ പേരിൽ തന്നെ. ഇന്ത്യയുടെയും, ചൈനയുടെയും അതിർത്തി രേഖയാണ് മക്മഹോൻ ലൈൻ. 1914-ലെ സിംല കരാർ അംഗീകരിച്ചാണ് ഈ അതിർത്തി രേഖയ്ക്ക് സാധുത കൈവന്നത്. ഈ കരാറിനായി മുൻകൈയെടുത്ത ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഹെൻറി മക്മഹോണിന്റെ പേരിൽനിന്നാണ് അതിർത്തി രേഖയ്ക്ക് ഇങ്ങിനെ ഒരു പേര് ലഭിച്ചത്. ടിബറ്റ് അംഗീകരിച്ച ഈ പ്രമാണം ചൈന അംഗീകരിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. മറ്റൊന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ വിഷയമാണ്.
2017-ൽ ചൈന ഡോക്ലാം മേഖലയിൽ പ്രകോപനത്തിന് ശ്രമിച്ചിരുന്നു. ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിരു പങ്കിടുന്ന പ്രദേശമാണ് 100 ചത്രുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഡോക്ലാം. ഇവിടെ ചൈന ആരംഭിച്ച റോഡ് നിർമ്മാണമാണ് അന്ന് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണ്ണായകമായ പ്രദേശമാണ് ഡോക്ലാം. ഇന്ത്യയെ വടക്കു കിഴക്ക് സംസ്ഥാനങ്ങളുമായി ഇണക്കി ചേർക്കുന്ന സുപ്രധാന കണ്ണി. 2017 ജൂൺ 18-നു ഓപ്പറേഷൻ ജൂനിപെർ എന്ന പേരിൽ ഇന്ത്യ പ്രതിരോധം തീർത്തതോടെ ചൈന അവിടെനിന്നും പിൻവാങ്ങുകയായിരുന്നു.
എന്നാൽ കൃത്യം 3 വർഷങ്ങൾക്കിപ്പുറം ചൈന അടുത്ത ലക്‌ഷ്യം കണ്ടെത്തിയിരിക്കുന്നു. കിഴക്കൻ ലഡാക്കിലെ ഗൽവനിൽ. ഈ പ്രദേശത്ത് ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ പ്രകോപിതരായതാകാം ചൈനയുടെ ഈ നീക്കത്തിന് കാരണം; അല്ലങ്കിൽ കൊറോണ വൈറസിന്റെ പ്രഭവസ്ഥാനം എന്ന പേരിൽ ലോകം മുഴുവൻ ചൈനയെ കുറ്റപ്പെടുത്തുന്നതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനുമാകാം. എന്ത് തന്നെയായാലും ചൈനയുടെ ഈ നീക്കം ലോകം ആശങ്കയോടെയാണ് നോക്കികാണുന്നത്. ഐക്യരാഷ്ട്ര സഭ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അറിയിച്ചുകഴിഞ്ഞു. UN പ്രതികരണം സ്വാഭാവികമായും നിഷ്പക്ഷമായിരിക്കും, എന്നാൽ ഈ വിഷയത്തിൽ ചൈനയുമായി അതിർത്തി പങ്കിടുന്ന റഷ്യ, തായ്‌വാൻ എന്നീ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ഹോങ്കോങ്ങുംഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ US സെനറ്റിൽ സംസാരിക്കവെ സെനറ്റർ മിച്ച് മക്കോണൽ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. ഇന്ത്യൻ ഭൂപ്രദേശം കയ്യേറുവാൻ വേണ്ടി ചൈനീസ് സൈന്യമാണ് ആക്രമണം അഴിച്ചുവിട്ടതെന്നു അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല അമേരിക്കക്കും, അമേരിക്കയുമായി സഖ്യം പുലർത്തുന്ന രാജ്യങ്ങൾക്കും ചൈന വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്നും പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ ചൈനീസ് വസ്തുക്കളുടെ ബഹിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിനുകളും ശക്തമായി ആരംഭിച്ചിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ചൈനീസ് സംവിധാനങ്ങൾ ഉടനടി ബഹിഷ്‌ക്കരിക്കേണ്ടതും നിരോധിക്കേണ്ടതുമാണ്. ഒപ്പം ഇന്ത്യൻ സാങ്കേതിക രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടികളും സർക്കാർ അടിയന്തിരമായി ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.
ഗൽവാൻ ഒരു പാഠമാണ്. മധുരമനോജ്ഞ ചൈന യഥാർത്ഥത്തിൽ മരണവിഷം നിറഞ്ഞതാണെന്ന പാഠം. ചങ്കിലെ ചൈനയ്ക്ക് ചതി മാത്രമേ വശമുള്ളു എന്ന പാഠം. ആ പാഠം രാജ്യത്തിനും, രാജ്യത്തെ പൗരസമൂഹത്തിനും പുതിയ ചില തിരിച്ചറിവുകൾ നൽകട്ടെ. ഗൽവാനിൽ ആത്മത്യാഗം ചെയ്ത ഇന്ത്യൻ സൈനികർക്ക് പ്രണാമം.