ബോയ്‌കോട്ട് ചൈനയും തയ്യാറെടുപ്പുകളും

Editorial
ബോയ്‌കോട്ട് ചൈനയും തയ്യാറെടുപ്പുകളും – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ലോകത്തേ മുഴുവൻ മുൾമുനയിൽ നിർത്തിയ മഹാമാരിയിൽ നിന്നും തുടങ്ങി, ഇന്ത്യയ്ക്ക് എതിരെയുള്ള പടനീക്കത്തിൽ എത്തിനിൽക്കുന്നു, ചൈനയുടെ നേർക്കുനേരല്ലാത്ത യുദ്ധമുറകൾ. ലോകമെമ്പാടും പടന്നുകയറിയ ഒരു ജ്വരം, അതിൽ പേരിനു മാത്രം കുറച്ചു മനുഷ്യ ജീവന്റെ കണക്ക് നിരത്തി ലോകസമൂഹത്തോട്, “ഇതേ ഞങ്ങൾക്ക് പറയാനുള്ളു, അത് ലോകം വിശ്വസിച്ചേ മതിയാകൂ” എന്നും ഈ രാജ്യം പറയാതെ പറയുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് പോലും ഇവർ പറയുന്നതിലെ യാഥാർഥ്യം കണ്ടെത്താൻ സാധിക്കുന്നില്ല എന്നത് അന്താരാഷ്‌ട്ര രാഷ്ട്രീയ നേർക്കാഴ്ച്ചയിൽ ചൈന അവലംബിച്ചിട്ടുള്ള ധാർഷ്ട്യത്തിനു തെളിവായി കണക്കാക്കാം.

45 വർഷങ്ങളായി കയ്യേറ്റത്തിന്റെയും, യുദ്ധഭീതിയുടെയും അന്തരീക്ഷം ഇവർ തുടർന്ന് പോരുന്നു. അക്സൈചിൻ പ്രവിശ്യയിലേക്കുള്ള ഇന്ത്യയുടെ പാത മുഴുവനായും അടയ്ക്കുന്നതിനായി ചൈന ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളെയും, ആശങ്കകൾ ദിനംതോറും വർദ്ധിപ്പിക്കുന്നതിനായുള്ള പ്രകോപനങ്ങളെയും, വർഷങ്ങളായി നമ്മുടെ രാജ്യം അവലംബിച്ചുപോരുന്ന, നയതന്ത്ര പ്രവർത്തനങ്ങളിലൂടെ ചർച്ച ചെയ്തു പരിഹാരം കണ്ടെത്തുക എന്ന നയത്തിനെ അവർ ഒട്ടും വിലമതിക്കുന്നില്ല എന്നതിന് തെളിവായി കാണാം.

ഈ യുദ്ധത്തിൽ, ആയുധ ശക്തിക്ക് പുറമെ, ഓരോ ഇന്ത്യൻ പൗരനും ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുകയും, തന്മൂലം ചൈനയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയ്ക്കുകയും, അതിലൂടെ ചൈനയെ സാമ്പത്തികമായ പ്രതിസന്ധിയിൽ പെടുത്തുകയും ചെയ്യുക എന്ന ബോയ്‌കോട്ട് ചൈന എന്ന ആശയവും ഇന്ന് ഇന്ത്യൻ ജനത മുന്നോട്ട് വെക്കുന്നുണ്ട്. ആശയം നല്ലതു തന്നെ, പക്ഷെ നാം ഉപയോഗിക്കുന്ന നിത്യോപയോഗ പ്ലാസ്റ്റിക് പാത്രങ്ങൾ മുതൽ ഇത് ശ്രവിക്കുന്ന ഇയർ ഫോൺ വരെ നീളുന്ന ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യൻ വിപണിയിലെ സാന്നിദ്ധ്യം വളരെ വലുതാണ് എന്ന് ഓർക്കേണ്ടതുണ്ട്. അതുകൊണ്ട്, പെട്ടന്നുള്ള വികാര പ്രകടനത്തിലൂടെ, നമുക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ ഉപയോഗിച്ച് ചൈനീസ് ഉത്പന്നങ്ങളെ വിപണിയിൽ നിന്ന് ഒഴിവാക്കുക എന്ന പ്രക്രിയ അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല.

ഇതിനായി ഇന്ത്യയിൽ അവശ്യ വസ്തുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട്; ഭക്ഷ്യ സുരക്ഷയിൽ ഇന്ത്യ കൈവരിച്ചിരിക്കുന്ന സ്വയം പര്യാപ്തത, മറ്റ് അവശ്യ മേഖലകളിലും കൈവരിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ നാട്ടിൽ നിന്നുള്ള ഉത്പന്നങ്ങൾ, വിപണി കണ്ടെത്താനാകാതെ ഉഴലുന്നതും പലപ്പോഴും നാം കണ്ടുവരുന്നതാണ്. ഈ അവസ്ഥയിൽ മാറ്റം വരണമെങ്കിൽ, വ്യക്തമായ വിപണന പഠനത്തോടൊപ്പം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും, തൊഴിലാളികളുടെ ലഭ്യതയും ഉറപ്പുവരുത്താനാകണം. ഉത്പാദകനെക്കാൾ ഇടനിലക്കാരൻ മെച്ചം നേടുന്ന ചൈനീസ് ഇറക്കുമതിയോട് ഉറച്ച ശബ്ദത്തിൽ ‘NO’ പറയണമെങ്കിൽ, നമുക്കുള്ളിൽ ഓരോ പൗരനും സ്വയം പര്യാപ്തമാകേണ്ടതിന്റെ ‘YES’ പറഞ്ഞു തുടങ്ങണം.

India Conquered and dominated China culturally for 20 centuries without ever having to send a single soldier across her border.” അതിർത്തി കടന്ന് ഒരു സൈനികനെ പോലും അയക്കാതെ 20 നൂറ്റാണ്ടുകളായി ഇന്ത്യ ചൈനയെ സാംസ്കാരികമായി കീഴടക്കി ആധിപത്യം സ്ഥാപിച്ചു. ആധുനിക ചൈനയുടെ രൂപഘടനയിലും ഭാഷ പരിഷ്ക്കരണത്തിലും പ്രധാന പങ്കു വഹിച്ച ചൈനീസ് നയതന്ത്ര പ്രതിനിധിയായിരുന്ന ഹൂ ഷ്യുവിന്റെ വാക്കുകളാണിത്. ഇതിൽ നിന്നും വ്യക്തമാകുന്നു, ഏതൊരു പ്രതിസന്ധിഘട്ടത്തിലും നമ്മുടെ ചെറുത്ത് നിൽപ്പിൽ നയതന്ത്ര യജ്ഞത്തിന് നാം കൊടുക്കുന്ന പ്രാധാന്യം വളരെ വലുതാണെന്ന്. ഈ ഘട്ടത്തിൽ സമാധാനം കാംക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെ ഭീരുത്വമായി വ്യാഖ്യാനിക്കുന്നത് ബുദ്ധിമോശമാണെന്ന് ഓരോ ശത്രുപക്ഷത്തുള്ളവരും ഓർത്താൽ നന്ന്.

2 thoughts on “ബോയ്‌കോട്ട് ചൈനയും തയ്യാറെടുപ്പുകളും

  1. Your article about boycotting China’s products and its consequences, is well written.
    But, a word is like this,
    “അവലംഭിച്ചിട്ടുള്ള”. I think, it appears more than once. Please check.
    Just a reminder only.
    Thank you Pravasi Bharati team. Good work. Keep it up.

    1. Thank you, for pointing out the mistake. It is corrected now.
      Once again we thank you for reading the editorial, and really appreciate your input. Have a great day Sajitha Hamid Ali…

Leave a Reply

Your email address will not be published. Required fields are marked *