പ്രവാസി എന്ന ഏകസ്വരം

Editorial
പ്രവാസി എന്ന ഏകസ്വരം – കേൾക്കൂ ഇന്നത്തെ എഡിറ്റോറിയൽ!

ജന്മനാട്ടിൽ നിന്നും അകന്ന്, സ്വന്തം നാടിന്റെ സാമ്പത്തിക നട്ടെല്ലായി നിലകൊള്ളുന്നവരാണ് ഓരോ പ്രവാസിയും. പ്രവാസ ലോകത്തെ വെല്ലുവിളികൾ പലപ്പോഴും അവൻ ഉറ്റവരോട് പോലും പങ്കുവയ്ക്കാറില്ല. പരാതികളെക്കാൾ കൂടുതൽ പരിഹാരങ്ങളിലേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരുന്ന ഓരോ പ്രവാസി മനസ്സുകളും അല്പമെങ്കിലും വേദനിച്ച നാളുകളായിരിക്കാം ഈ COVID-19 പ്രതിസന്ധി കാലഘട്ടം.

സ്വന്തം നാട്ടിൽ രോഗവാഹകരുടെ പ്രതിരൂപമായി കരുതി അയൽവാസികളും, ബന്ധുക്കളും വരെ ഇന്ന് തെല്ല് അവജ്ഞയോടെയാണ് ഓരോ പ്രവാസിയെയും അഭിമുഖീകരിക്കുന്നത്. ഇതിന്റെ ദുഃഖം അറിയണമെങ്കിൽ, ഇത്തരത്തിൽ തള്ളിപ്പറയുന്നവരും പ്രവാസമെന്തെന്നറിയണം. വോട്ട് ബാങ്കിൽ നേരിട്ട് സ്വാധീന ശക്തിയാകാൻ കഴിയാത്തതുകൊണ്ട് പ്രവാസിയുടെ സാമ്പത്തികം തന്നെയാണ് എന്നും ഉറ്റവരുടെയും, ഉടയവരുടെയും നോട്ടം. ക്വാറന്റീനും, റിവേഴ്‌സ് ക്വാറന്റീനും, അതിന്റെ പ്രാധാന്യവും മറ്റേതൊരാളേക്കാളും കൂടുതൽ പ്രവാസിക്ക് മനസ്സിലാകും.

നാലോ, അഞ്ചോ ആളുകൾ താമസിക്കുന്ന ഒരു ഒറ്റമുറിയിൽ ഒരാൾ അസുഖബാധിതനാകുമ്പോൾ, മറ്റുള്ളവർ സഹകരിച്ചു കൊണ്ട് തങ്ങളുടെ പരിമിതികളിൽ നിന്ന് കൊണ്ട് സാമൂഹിക അകലം പാലിച്ചും, കൂടെയുള്ളവരെ പരിപാലിച്ചും, അവരവരുടെ പ്രയാസങ്ങൾ ഉള്ളിലൊതുക്കാൻ പ്രവാസി ശീലിച്ച അത്രയും ജീവിതാനുഭവം കുറ്റപ്പെടുത്തുന്നവർക്കുണ്ടാകണമെന്നില്ല. പൊതു ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാതെയും, COVID-19 മുൻകരുതലുകൾ ധാർഷ്ട്യത്തോടെ ശീലിക്കാതെയും, നാട്ടിൽ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ നടക്കുന്നവർ, തങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്നു കൊണ്ട് പ്രവാസിയെ ചളിവാരിയെറിയുമ്പോൾ ജീവിതാനുഭവങ്ങളുടെ ഒരു ചെറുപുഞ്ചിരി മാത്രമേ പ്രവാസികളുടെ മുഖത്ത് ഉണ്ടാകൂ. ഓരോ ദിവസത്തെയും നാട്ടിലെ COVID-19 കണക്കുകളുടെ വാർത്തകൾക്ക് കീഴെ പ്രവാസി കാരണം രോഗം വർദ്ധിച്ചു എന്നും, പ്രവാസികൾ രോഗം പടർത്തിയെ അടങ്ങൂ എന്നുമെല്ലാം കൂലിക്കെഴുതാൻ നിയോഗിക്കപ്പെട്ട ജന്മങ്ങളുടെ അടിമത്വത്തിൽ പുച്ഛവും.

വർഷത്തിലൊരിക്കൽ ലീവിന് വരുമ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും കയ്യിലുള്ള നീക്കിയിരിപ്പ് മുഴുവനും ചിലവഴിച്ച് തിരികെ വെറുംകൈയ്യോടെ പ്രവാസത്തിലേയ്ക്ക് ചേക്കേറുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന പ്രവാസികളും. പ്രവാസികൾക്ക് സ്വന്തമായി ടിക്കറ്റിനുള്ള പൈസ മുടക്കാനാണോ പാട്, എന്ന് ചിന്തിക്കുന്ന മനസ്സുകൾ ഈ വസ്തുത മറക്കരുത്. ഈ അടുത്തൊരു ചാനൽ ചർച്ചയിൽ ഒരു നേരമ്പോക്ക് പറയുന്ന ലാഘവത്തിൽ, ഇരുപത് വർഷം, മുപ്പത് വർഷം ഒക്കെ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ട് ഇപ്പൊ ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പുച്ഛത്തോടെ അഭിപ്രായപ്രകടനം നടത്തുന്ന നാട്ടിലെ ചിന്തയോടുള്ള എളിയ മറുപടി ഇനി പറയുന്നതാണ്; ഒട്ടുമിക്ക പ്രവാസികളും പത്തുമുപ്പതു കൊല്ലത്തെ പ്രവാസത്തിൽ നിന്നും സമ്പാദിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളും, പരാധീനതകളും, മാനസികമായ ഒറ്റപ്പെടലുകളും മാത്രമാണ്. എന്നാൽ നാട്ടിൽ ഓരോ പ്രവാസിയുടെയും ചുറ്റുമുള്ള അവന്റെ സമൂഹം ആ പ്രവാസിമൂലം വളർന്നു എന്നത് കഴിഞ്ഞ നാൽപ്പതിൽ പരം കൊല്ലങ്ങളുടെ കേരളത്തിലെ സാമൂഹിക ചരിത്രമാണ്. പ്രവാസത്തിന്റെ തീച്ചൂളയിൽ അവൻ പഠിച്ച അദ്ധ്വാനം, മമത, പര്സപര സാഹോദര്യം, ആത്മവിശ്വാസം, ഇച്ചാശക്തി മുതലായ പാഠങ്ങൾ, നാട്ടിലെ സ്വജനപക്ഷപാതം, അഴിമതി, അവകാശങ്ങൾ മുതലായവയുടെ തണലിൽ ഇരുന്നുകൊണ്ട് ഇത്തരം വിഭാഗീയത നിറഞ്ഞ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മനസിലാകണമെന്നില്ല. മനസിലാക്കി തരാൻ പ്രവാസിക്ക് സമയവുമില്ല.

ഇത്തരം സാമൂഹിക വേർതിരിവുകൾ ഉണ്ടാക്കിയവരുടെ പ്രവർത്തികളുടെ ഫലമായി, പലയിടങ്ങളിലും നാട്ടുകാർ പ്രവാസികളുടെ ക്വാറന്റീൻ ഉത്തരവാദിത്വങ്ങൾ കായികമായും, മാനസിക സമ്മർദത്തിനിരയാക്കിയും ഏറ്റെടുക്കുന്ന പ്രക്രിയ ഒട്ടും അംഗീകരിക്കാനാവുന്നതല്ല. അതാത് പ്രദേശത്തെ പോലീസ് സംവിധാനങ്ങൾ ഇത്തരം ഇടപെടലുകൾ തീർച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതാണ്. രോഗവ്യാപനത്തിന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ സ്വയം പാലിക്കാതെ, മറ്റൊരുത്തനെ പഠിപ്പിക്കുന്ന നമ്മൾ മലയാളികളുടെ പതിവ് ശൈലി ഈ ഘട്ടത്തിൽ മാറ്റിയെടുക്കേണ്ടതാണ്. ജാഗ്രതാ കുറവ് നമ്മുടെ ഉള്ളിൽ വളരെ അധികം വളർന്നിരിക്കുന്നു. കുറ്റപ്പെടുത്തലും, ഒറ്റപ്പെടുത്തലും അല്ല ഈ ഘട്ടത്തിൽ നമുക്കാവശ്യം, ആരോഗ്യ പരിപാലക്കാരുടെ നിർദ്ദേശങ്ങളോടും, പ്രയത്നങ്ങളോടും നീതി പുലർത്തും വിധത്തിലുള്ള ഒരു സഹകരണ മനോഭാവമാണ് നമ്മളിൽ ഉണ്ടാവേണ്ടത്.

ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാം, പ്രതിസന്ധികൾ ഒരുപാട് കണ്ടവരാണ് പ്രവാസികൾ, ഏതൊരു വിഷമ ഘട്ടത്തിലും നന്മയുടെ പച്ചപ്പ് കൈവിടാതെ കൂടെയുള്ളവരെ ചേർത്തുപിടിക്കാൻ ചങ്കൂറ്റമുള്ള മനസ്സുള്ളവർ. അതുകൊണ്ട് ഈ പ്രതിസന്ധികാലഘട്ടത്തിൽ പ്രവാസികളോട് നമ്മുടെ നാടിന് തോന്നുന്ന അറപ്പും വെറുപ്പും തിരിച്ച് ഞങ്ങൾക്കുണ്ടാകില്ല എന്ന് ഉറപ്പിക്കാം. കാരണം ഞങ്ങൾ പ്രവാസികളാണ്, സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ.

Leave a Reply

Your email address will not be published. Required fields are marked *