മറവിലെ മാന്യത

Editorial
മറവിലെ മാന്യത – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

COVID-19 എന്ന മഹാമാരി നമുക്കിടയിലേയ്ക്ക് കടന്നുവന്ന ഒരു ജ്വരമാണെങ്കിൽ, അതിലുമേറേ പ്രഹരശേഷിയുള്ള നമുക്കിടയിലെ ഒരു മാനസിക വൈകൃതത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ചിന്തകൾ പങ്കിടുന്നത്. പ്രതിസന്ധികൾ നിറഞ്ഞ ഈ ലോക്ക്ഡൗൺ കാലത്തും, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൈബർ ലോകത്ത് പടർത്തിവിടുന്നവരുടെ മാനസിക വൈകൃതത്തെക്കുറിച്ച്. കേരള പോലീസിന്റെ സൈബർഡോം വകുപ്പിന്റെ കീഴിൽ, ഓപ്പറേഷൻ P-hunt-ലൂടെ ഈ കഴിഞ്ഞ ദിവസം അറസ്റ്റിലായത് 47 പേരാണ്.

16 വയസ്സ്‌കാരൻ മുതൽ ഡോക്ടർ വരേ നീളുന്നു ഈ വൈകൃത റാക്കറ്റിൽ ഉൾപ്പെട്ടവർ. സമൂഹത്തിന്റെ പകൽവെളിച്ചത്തിൽ സത്ഗുണസമ്പന്നരായ പലരുടെയും മറവിലെ മുഖം വികൃതമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. കുട്ടികൾ വാശിപിടിക്കുമ്പോൾ അവർക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ, പലപ്പോഴും അവരെ അടുത്തറിയാൻ ശ്രമിക്കാറില്ലന്നതാണ് പല വീടുകളിലെയും സ്ഥിതി. അയല്പക്കത്തുള്ളവർ, കുട്ടികളുമായി നിരന്തരം ഇടപഴകുന്നവർ തുടങ്ങി സമൂഹത്തിൽ കുട്ടികളുടെ ഇടപഴകലുകളെപ്പറ്റി മാതാപിതാക്കളുടെ ഒരു നോട്ടം അനിവാര്യമാണ്. മുറിയടച്ചിട്ട് അവർ ഇന്റർനെറ്റ് എന്ന വിശാലതയിലൂടെ, ലോകത്ത് ചുറ്റിക്കറങ്ങുമ്പോളും “തന്റെ മക്കൾ സമ്മതമില്ലാതെ പുറത്തുകൂടി പോവില്ല” എന്ന് പറഞ്ഞു അവനവന്റെ വിശ്വാസങ്ങളെ മാതാപിതാക്കൾ ഊട്ടിയുറപ്പിക്കുന്നു. മറ്റേതൊരു നേരംപോക്കും പോലെ ഈ വൈകൃതത്തെ കാണുവാൻ ശ്രമിക്കരുത്, കാരണം ഇതൊരു മാനസിക രോഗംതന്നെയാണ്, ചികിത്സവേണ്ട മാനസിക ജ്വരം.

പ്രബുദ്ധരായ മലയാളികൾ സൈബർ ലോകത്ത് മുൻപന്തിയിൽ നിൽക്കുന്നു എന്നവകാശപ്പെടുമ്പോൾ, അവർ എന്തിനവിടെ ഇത്രയും സമയം ചിലവിടുന്ന എന്ന് നമ്മുടെ ഓരോ വീടുകളും പരിശോധിക്കേണ്ടതാണ്. അന്തർമുഖമായ മനസ്സുകൾ കംപ്യൂട്ടറിനെയും, മൊബൈലിനെയും ചങ്ങാതിമാരായി കാണുമ്പോൾ, അതിലെ ശരിയും, ശരികേടും അടുത്തുള്ളവർ പോലും അറിയാനിടയില്ല. ഇത്തരത്തിൽ ഒരാളിൽ നിന്നും പടർന്നു ലക്ഷക്കണക്കിനാളുകളുടെ അരികിലേക്ക് ഒരു സ്വകാര്യത എത്തിച്ചേരുമ്പോൾ, അവിടെ ഒരുപാട് ജീവിതങ്ങൾ തകർന്നടിയുന്നു. സൈബർലോകത്തെ പിന്നാമ്പുറങ്ങളിൽ മഹാമാരിക്കാലത്ത് വീടിനകത്തിരുന്ന മലയാളികളിൽ ചിലർ തിരഞ്ഞതിലേറെയും ഇത്തരത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങളെക്കുറിച്ചുള്ള വിഡിയോകളായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. നമ്മുടെ കുട്ടികൾ സുരക്ഷിതരായി വളരേണ്ടതിന്റെ ആവശ്യം പറയുന്ന നാം, നമുക്കിടയിലുള്ള ഇത്തരം പുഴുക്കുത്തുകൾ കാണാതിരുന്നത് ശരിയല്ല.

സൈബർ ലോകത്ത് മുഖം കാണാതെ, നാം ആരെന്നറിയാതെ ചെയ്യുന്ന ഏതൊരു കുറ്റകൃത്യവും പിടികൂടാൻ കഴിയും എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ വളർന്നു വരേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ കേരളം പോലീസിന്റെ തന്നെ സ്പെഷ്യൽ സെൽ രൂപീകൃതമായിട്ടുണ്ട്; “Counter Child Sexual Exploitation” എന്ന ഈ സംവിധാനം, സദാസമയവും ഇന്റർനെറ്റിലൂടെ ബീറ്റ് പരേഡ് നടത്തുന്നത് ഇത്തരം കുറ്റകൃത്യങ്ങളെ തടയാൻ സഹായകമാകുന്നു.

കുട്ടികളെ കരുവാക്കിക്കൊണ്ടുള്ള ഒരു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും നമ്മുടെ നൂതന സമൂഹം മുതിരേണ്ടകാര്യമില്ല. ചതിയിലകപ്പെടാതെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഓരോ കുടുംബങ്ങളും ജാഗ്രതയോടെ ചിന്തിച്ചു തുടങ്ങണം. മറവിൽ മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്ന സമൂഹത്തിലാണ് അവർ വളരുന്നതെന്ന് ഓരോ മാതാപിതാക്കളും ഓർക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *