സൗകര്യത്തിന്റെ ഓർക്കാപ്പുറം

Editorial
സൗകര്യത്തിന്റെ ഓർക്കാപ്പുറം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഒരു മൊബൈൽ ടവറിൽ നാടിന്റെ വികസനം വിലയിരുത്തുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ആശയ വിനിമയത്തിനായി രൂപമെടുത്ത ഉപാധികളിൽ നിന്ന് വളർന്ന്, നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു ഇന്ന് മൊബൈൽ ഫോണും ഇന്റർനെറ്റും. ഏതൊരു കാര്യവും സൗകര്യപൂർണ്ണമാകുന്നത് ആ പ്രതലം സുതാര്യമാകുമ്പോളാണ്. എല്ലാവർക്കും ചെന്നെത്താവുന്നതും, ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് പഠിച്ചെടുക്കാവുന്നതും, വിസ്മയത്തിന്റെ കേദാരവുമായ ഇന്റർനെറ്റ്, ഇന്ന് ലോകത്തെ എത്രമാത്രം ഈ COVID-19 പ്രതിസന്ധികാലത്ത് പിന്തുണച്ചു എന്ന് പറയാതെ തന്നെ നമുക്കറിയാം.

വിദ്യാഭ്യാസമേഖലയിലും, ആരോഗ്യരംഗത്തും, രാഷ്ട്രഭരണ പ്രക്രിയകളിലും യാത്രാ നിയന്ത്രണങ്ങളും മറ്റും മൂലം പലയിടത്തായി ഇരിക്കുന്ന കണ്ണികളെ കൂട്ടിയോജിപ്പിക്കുന്നതിൽ ഈ നൂതന ആശയവിനിമയ മാർഗ്ഗം നമ്മെ ഏറെ പിന്തുണച്ചു എന്നത് മറക്കാനാകാത്ത വസ്തുതയാണ്. എന്നാൽ ഏതൊരു സൗകര്യത്തിനും ഒരു മറുവശമുണ്ട്. നല്ലത് ഇണക്കിച്ചേർക്കാനും, എന്നാൽ അപകടകരമായ വശങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും ആണെന്ന് നാം ഓർക്കേണ്ടതുണ്ട്. പണ്ടെല്ലാം വിശേഷങ്ങൾക്ക് കത്തയച്ച് മറുപടിക്ക് ക്ഷമയോടെ കാത്തിരുന്നിരുന്ന നമുക്ക്, ഇന്ന് 5 മിനിറ്റ് ഇന്റർനെറ്റോ, മൊബൈൽ സേവനമോ ലഭിക്കാതെ വന്നാൽ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു എന്നത് സൗകര്യങ്ങളോടുള്ള താല്പര്യത്തിനപ്പുറം, അതിലെ വിസ്മയങ്ങൾ നമ്മുടെ ജീവിത രീതിയിൽ ചെലുത്തിയ സമ്മർദ്ദമാണെന്നു മനസ്സിലാക്കണം.

പരസ്പ്പരം കാണുവാനും, സല്ലപിക്കാനും, സ്വകാര്യത പങ്കുവയ്ക്കുവാനും എല്ലാം നാം മൊബൈൽ എന്ന ഉറ്റ തോഴനെ ആശ്രയിക്കുന്നു. ഇന്റർനെറ്റ് എന്ന സംവിധാനത്തിൽ നമ്മൾ പങ്കുവയ്ക്കുന്ന ഏതൊരു വിവരത്തിനും ഒരു തുടക്കവും, സഞ്ചാര പ്രതലവും, ഒടുവിൽ കൈമാറുന്ന വിവരങ്ങൾ സ്വീകരിക്കുന്ന ഒരു പര്യവസാനവും ഉണ്ട്. ഈ മൂന്നു ഘടകങ്ങളും ചേരുമ്പോൾ മാത്രമാണ് ഒരു ആശയവിനിമയം സാധ്യമാകുന്നത്. എന്നാൽ ഈ മൂന്നു ഘട്ടങ്ങളിലും നമ്മൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും, എഴുത്തുകളും, സ്വകാര്യനിമിഷങ്ങളും, നമ്മൾ അറിയാതെ ചോർത്തിയെടുക്കാൻ നിരവധി പേർ താത്പര്യപെടുന്നുണ്ട് എന്ന വസ്തുത പലരും മറന്നു പോകുന്നു. കുട്ടികളുടെ ചിത്രങ്ങൾ വരെ വൈകൃത ചേഷ്ടകൾക്കുപയോഗിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ കഴിയുന്നത്; അവിടെ രണ്ടു ഫോണുകൾക്കിടയിൽ നമ്മൾ അറിയാതെ എത്രയോ കണ്ണുകൾ നമ്മെ എത്തിനോക്കാനിരിക്കുന്നു എന്ന വസ്തുത നാം മറക്കരുത്.

നമ്മൾ ഡൌൺലോഡ് ചെയ്യുന്ന ഏതൊരു സോഫ്റ്റ്‌വെയറും, അത് വാർത്താവിനിമയത്തിനോ, ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനോ, വിനോദത്തിനോ എന്തിനോ ഉള്ളതായിക്കോട്ടെ, ഇവയെ സസൂക്ഷ്മം ശ്രദ്ധിച്ചില്ലെങ്കിൽ, ഇവയോടൊപ്പം നമ്മുടെ ഓരോ നിമിഷങ്ങളും ഒരു ചാരനെ പോലെ നിരീക്ഷിക്കുന്ന സ്പൈവെയർ പോലുള്ള ക്ഷുദ്രകരമായ സോഫ്റ്റ്‌വെയറുകളും, നമ്മൾ അറിയാതെ തന്നെ നമ്മുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഇൻസ്റ്റാൾ ആകുന്നു. നമ്മുടെ ഫോൺ എപ്പോഴാണോ ഇൻറർനെറ്റിൽ കണക്ട് ആകുന്നത് ആ സമയം ഇത്തരത്തിലുള്ള ക്ഷുദ്രകരമായ പ്രോഗ്രാമുകൾ നമ്മുടെ ഫോണിലോ, കമ്പ്യൂട്ടറിലോ അടങ്ങിയ ഫോട്ടോകളും, വിഡിയോകളും, പണമിടപാടുകൾ സംബന്ധമായതുൾപ്പടെയുള്ള സ്വകാര്യ വിവരങ്ങളും മുൻകൂട്ടി നിശ്ചയിച്ച സെർവറുകളിലേയ്ക്ക് നമ്മുടെ അറിവോ സമ്മതമോ കൂടാതെ പങ്കുവയ്ക്കുന്നു. കൃത്യമായ സുരക്ഷാ പ്രോഗ്രാമുകളുടെ ഉപയോഗവും, വ്യക്തമായ ധാരണയില്ലാത്ത പ്രോഗ്രാമുകളുടെ ഉപയോഗം ഒഴിവാക്കലുമാണ് ഇത്തരം ചതികളിൽ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷ നേടുന്നതിനുള്ള മാർഗം.

നമ്മൾ അറിയാതെ, ഇത്തരം സ്വകാര്യതകൾ എങ്ങിനെ ചോർന്നു എന്ന് ആലോചിച്ച് തുടങ്ങുമ്പോളെക്കും, വിശാലമായ ലോകത്തേക്ക് നമ്മുടെ സ്വകാര്യത കശക്കി എറിയപ്പെടുന്നു. ഈ സ്ഥിതി വളരെ ഗൗരവമേറിയതാണ്, സൗകര്യങ്ങൾ എന്ന് നമ്മൾ കാണുന്ന പലതിലും പിൻവാതിലുകൾ ഉണ്ടെന്നു മറക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *