ഒരേ ഒരു ശത്രുവിനേ കുറിച്ചായിരുന്നു ലോക മാധ്യമങ്ങളും, ജനങ്ങളും ഈ COVID-19 ദിനങ്ങളിൽ ഇതുവരെ ചർച്ച ചെയ്തിരുന്നത്. മനുഷ്യ ജീവനെ വെറും കണക്കുകളിൽ ഒതുക്കി, കാലത്തിന്റെ മണ്ണിൽ മറവു ചെയ്ത നാളുകൾ പിന്നിടുമ്പോൾ, പരസ്‌പരമുള്ള കരുതലിന്റെ പാളികൾ അടർന്നു വീഴുന്നു. വീണ്ടും കുറ്റകൃത്യങ്ങളും, മനുഷ്യത്വരഹിതമായ പ്രവർത്തികളും, അവനവന്റെ സുഖം മാത്രം എന്ന സ്വാർത്ഥ ചിന്തയും അതിലൂടെ ഉണ്ടാകുന്ന നീചകൃത്യങ്ങളും ദിനംപ്രതി കൂടിവരുന്നു.
പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും മനുഷ്യത്വത്തെക്കുറിച്ചും, പ്രകൃതിയുടെ പുനരുദ്ധാരണത്തെ കുറിച്ചും വാചാലരായ മാധ്യമങ്ങൾക്ക് വീണ്ടും വിവാദങ്ങളും, കുറ്റകൃത്യ വാർത്തകളും ലഭിച്ചു തുടങ്ങിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയിൽ പോലും, മഹാമാരി വിതച്ച നഷ്ടങ്ങളുടെ വാർത്തകൾക്ക് അർദ്ധവിരാമമിട്ട് “എനിക്ക് ശ്വാസം മുട്ടുന്നു ” എന്ന അടിച്ചമർത്തലിന്റെയും, അധികാര ധാർഷ്ട്യത്തിന്റെയും, വർണ്ണവിവേചനത്തിന്റെയും പ്രവർത്തനങ്ങളിലേക്കും, ആ വാർത്തകളിലേക്ക് ലോക മാധ്യമങ്ങളും ചേക്കേറിയിരിക്കുന്നു. ഒന്നിലും മനസ്സ് അധിക കാലം ഉറച്ചു നില്ക്കാത്ത മനുഷ്യൻ, പുതിയ വിഷയങ്ങളിലേക്ക് ചേക്കേറുമ്പോൾ ലോകത്താകമാനം ഇതിനോടകം നാല് ലക്ഷത്തോളം മനുഷ്യ ജീവൻ അപഹരിച്ച മഹാമാരിയെ പോലും വാർത്താ വേദികളിൽ നിന്നും മാറ്റിവയ്‌ക്കേണ്ടിവരുന്നു.
ദിനപത്രങ്ങളും, ദൃശ്യ ശ്രവ്യ മാധ്യമങ്ങളും വാർത്താ വിതരണ തിരക്കിൽ പലപ്പോഴും ചില വാർത്തകൾക്ക് പ്രാധാന്യം കൂട്ടുകയും, ചില വിഷയങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു; നിലനിൽപ്പിന്റെ വലിയ തത്വങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഇത്തരം പ്രക്രിയകൾ, വായനക്കാർക്ക് പലപ്പോഴും മനസ്സിലാകാറില്ല എന്നതാണ് സത്യം. എന്നാൽ വായനക്കാരിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു; മുൻനിര മാധ്യമങ്ങൾ നൽകുന്ന വാർത്തകളെയെല്ലാം വളരെ ആധികാരികമായി കണ്ടിരുന്ന, പഴയ കാലഘട്ടം മാറുകയാണ്; വാർത്തകൾ സംഭവിക്കുന്ന മാത്രയിൽ, ആവശ്യത്തിൽ കവിഞ്ഞ എരിവും പുളിയും ചേർത്ത് ആളുകളിലേക്ക് എത്തിക്കുന്ന നൂതന സമൂഹമാധ്യമ വാർത്താ വിതരണ രീതികൾ വാർത്തകളുടെ പതിവ് ശൈലിക്ക് മാറ്റം വരുത്തിയിരിക്കുന്നു. ആധികാരികതയ്ക്ക് പ്രാധാന്യം കുറച്ച്, വൈകാരിക ചർച്ചാ പ്രതലങ്ങളായി മാറുന്നു ഇന്നത്തെ പല വാർത്തകളും. മഹാമാരിക്കാലത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞു വന്ന അവസ്ഥയിൽ നിന്നും മാറി, ഇതുകൊണ്ടൊന്നും മനുഷ്യൻ കാര്യമായി ചിന്തിച്ച് നല്ല മാറ്റങ്ങൾ ഉൾക്കൊണ്ടില്ല എന്ന് ബോധ്യപ്പെടും വിധത്തിൽ ദിനം പ്രതി വൈരാഗ്യത്തിന്റെയും, വ്യക്തി വിരോധത്തിന്റെയും കഥകൾ കൂടിവരുന്നു.
മനുഷ്യന് സ്വാതത്ര്യം ലഭിച്ചാൽ അവന്റെ അതിക്രമം മനുഷ്യരോടും, സമൂഹത്തോടും, കാട്ടിൽ കഴിയുന്ന മൃഗങ്ങളോടും വരെ അവൻ ചെയ്തുകൂട്ടുന്നു. പലപ്പോഴും സത്യത്തിനേക്കാൾ മുകളിൽ വികാരപ്രകടനങ്ങളായി മാറുന്ന വാർത്തകൾക്കാണ് നാം ഇന്ന് ചെവിയോർക്കുന്നത്. വിഖ്യാത അമേരിക്കൻ ഗായകനും കവിയും ഗാനരചയിതാവുമായ ജിം മോറിസോൺ അഭിപ്രായപ്പെട്ടതുപോലെ, “Whoever controls the media, controls the mind.” മനസ്സുകളെ വൈകാരികമായി സ്വാധീനിക്കുന്ന തരത്തിൽ വാർത്തകൾ നാം ഉൾക്കൊള്ളുമ്പോൾ അവിടെ ശരിയായി ചിന്തിക്കാൻ പലപ്പോഴും മനസ്സ് മറന്നുപോയേക്കാം എന്ന് ഓർമ്മിപ്പിക്കുന്നു ഈ വരികൾ.