കൊറോണയും ജീവിതപഠനവും

Editorial
കൊറോണയും ജീവിതപഠനവും – കേൾക്കാം ഈ എഡിറ്റോറിയൽ!

ഈ കൊറോണാ കാലത്തിനു ശേഷമുള്ള നമ്മുടെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേയ്ക്ക് കടന്നു വരുന്നത് ഈ വരികളാണ്…

“കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം”

എത്രയെത്ര ആഗ്രഹങ്ങളോടും, തയ്യാറെടുപ്പുകളോടും കൂടിയാണ് നാം ഈ പുത്തൻ വർഷം ആരംഭിച്ചതെന്ന് ഓർത്തുനോക്കൂ. പുതിയ പുതിയ പരീക്ഷണങ്ങൾ, പുതിയ പദ്ധതികൾ, കായിക മാമാങ്കങ്ങൾ, കലാ സന്ധികൾ, കച്ചവട സാധ്യതകൾ, വാണിജ്യ സൂചികകൾ എല്ലാം ഈ അദൃശ്യമായ സൂക്ഷ്മാണുവിന്‌ മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. ഇതിനെല്ലാം പുറമെ വിനോദവും, വിവാഹവും, വിവാദങ്ങളും നാം ഇച്ഛിച്ച സമയത്ത് നടക്കാതിരിക്കുന്നു. ചരിത്രത്തിലാദ്യമായി ലോകത്തിന്റെ ഭാവിയിലേക്കുള്ള വാതായനങ്ങൾ COVID-19 എന്ന കാണാ താഴിനാൽ പൂട്ടിയിട്ടിരിക്കുന്നു.

ബാഹ്യമായി നമ്മൾ ഈ സമൂഹത്തിൽനിന്ന് ഒരു നിശ്ചിത അകലം പാലിക്കുയാണ് ഈ നാളുകളിൽ. എന്നാൽ ഈ കൊറോണ കാലം നമ്മുടെ ചിന്തകളെയും, ജീവിതത്തേ തന്നെയും മാറ്റിമറിച്ചിട്ടുണ്ടാകും. അവനവനിലേക്ക് നാം ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ നമുക്കത് ബോധ്യപ്പെട്ടേക്കാം. അങ്ങിനെയെങ്കിൽ ഈ കാലം നമ്മെ പഠിപ്പിച്ച പാഠങ്ങൾ കൊറോണാനന്തര സാമൂഹ്യ ജീവിതത്തെ സാരമായി ബാധിക്കും എന്നതും തീർച്ചപ്പെടുത്താം.

പ്രാണൻ രക്ഷിയ്ക്കാൻ പണത്തിനുമാകില്ലെന്ന പാഠം നാം പഠിച്ചു. മരണ നിരക്കിന്റെ പെരുക്കൽ പട്ടിക നൽകുന്ന നിർവികാരതയും നാം ഉൾക്കൊണ്ടു. അഞ്ചുപേരുടെ സാന്നിധ്യത്തിലും ഒരു വിവാഹം മംഗളകരമായി, ലളിതമായി നടത്താമെന്നും നാം തിരിച്ചറിഞ്ഞു. ഹോട്ടലുകളിൽ കിട്ടിയിരുന്ന വീട്ടിലെ ഊണ് എന്ന മാധുര്യം വീടുകളിലും വച്ച് കഴിക്കാം എന്നും ചിലർ മനസ്സുകൊണ്ട് മനസ്സിലാക്കി. സ്വന്തം കുടുംബത്തിന്റെ പകൽ കാഴ്ചകളിലെ ഭംഗിയാസ്വദിക്കാനുള്ള ഭാഗ്യവും നമുക്കുണ്ടായി. എന്നാലിവയെല്ലാം മാത്രമല്ല നമുക്ക് മുന്നിൽ ഈ കാലം പഠിപ്പിക്കുന്നത്.

ഇന്നോളം ആവശ്യസാധനങ്ങൾക്ക് വേണ്ടി മാത്രമല്ല നാം ഷോപ്പിംഗ് മഹാമഹം നിർവ്വഹിച്ചിരുന്നത്. അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ ഇല്ലാഞ്ഞിട്ടല്ല നമ്മളിൽ പലരും തുണിക്കടകളിലെ ഭ്രമിപ്പിക്കുന്ന ഓഫർ മഴ കൊണ്ട് നനഞ്ഞത്. ഭക്ഷണ കാര്യത്തിലും, വിശപ്പല്ല രുചിയ്ക്കായിരുന്നു മേൽത്തൂക്കം.നാം പണിത വീടുകൾ പലതും നമുക്ക് ചേർന്ന വീടുകളേക്കാൾ നമ്മളിൽ ഭാരമുണ്ടാക്കുന്ന കെട്ടിടങ്ങളായിരുന്നു. പലപ്പോഴും നമുക്കുള്ളതിലേക്കല്ല, മറ്റുള്ളവരുടെ മുൻപിൽ കാഴ്ചവയ്ക്കാനുള്ള സ്റ്റാറ്റസ് സിംബലുകൾ ആയിരുന്നു നമ്മുടെ പല ആവശ്യങ്ങളും. ഇത്രനാളും നമ്മളിൽ പലരും ആശുപത്രികളിൽ പോയിരുന്നത് രോഗം മാറ്റാൻ മാത്രമായിരുന്നില്ല മറിച്ച് സുഖചികിത്സകൾ തേടിയായിരുന്നു. ഇവയ്‌ക്കെല്ലാം അപ്പുറം ചില നെഞ്ചിൽ തട്ടുന്ന സത്യങ്ങളും ഈ കാലഘട്ടം നമ്മെ പഠിപ്പിച്ചു.

ഹിന്ദുവായാലും, മുസൽമാനായാലും, ക്രിസ്ത്യാനിയായാലും ജീവശ്വാസം നിലയ്ക്കുമ്പോൾ “ബോഡി” എന്ന പൊതുനാമത്തിലേയ്ക്ക് ഐക്യപ്പെടുമെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. സവർണ്ണനായാലും , അവർണ്ണനായാലും മരണശേഷം ശരീരം പുഴുവരിക്കുമെന്നും നാം മനസ്സിലാക്കുന്നു. തൊലിയുടെ നിറമേതായാലും അകത്തൊഴുകുന്ന രക്തത്തിന്റെ നിറം ചുവപ്പാണെന്ന സത്യം നാം ഈ നിമിഷം മനസ്സിലാക്കുന്നു. ഇതുമാത്രമല്ല മനുഷ്യനുള്ള സങ്കുചിത ചിന്താഗതിയൊന്നും വൈറസ്സിനില്ലെന്നും നാം മനസ്സിലാക്കി. എല്ലാം മറക്കുന്ന നാം ഈ പാഠങ്ങൾ മറവിയ്ക്ക് വിട്ടുകൊടുക്കാതെ രൂപപ്പെടുന്നതാവട്ടെ മനുഷ്യരാശിയുടെ ഭാവികാലം.

മനുഷ്യർ തമ്മിൽ വൈര്യത്തിന്റെ യുദ്ധ കാഹളങ്ങൾ ഇനിയും ലോകത്ത് മുഴങ്ങാതിരിക്കട്ടെ. സാങ്കേതിക സൗകര്യങ്ങൾ മനുഷ്യനെയല്ല മറിച്ച് നാം സാങ്കേതിക സൗകര്യങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകട്ടെ. വ്യക്തിയായാലും, സമൂഹമായാലും, ശുചിത്വത്തിന്റെ നല്ല പാഠങ്ങൾ നിലനിൽക്കട്ടെ. അണ്വായുധങ്ങളെ ഉപയോഗിക്കുന്നതിൽ നിന്നും ലോക രാജ്യങ്ങൾ വിട്ട് നിൽക്കുന്നത് നമുക്ക് മുന്നിൽ നിലകൊള്ളുന്ന ഹിരോഷിമയും നാഗസാക്കിയുടെയും അനുഭവകുടീരങ്ങളുള്ളതുകൊണ്ടാണ്.

ചരിത്രത്തിലെ ഈ ഉദാഹരണങ്ങൾ ഈ കൊറോണാ ചരിത്ര കാലഘട്ടത്തിനു ശേഷവും നിലകൊള്ളും എന്ന് പ്രത്യാശിക്കാം. അണുക്കളെ കൈകളിൽ നിന്ന് കഴുകി കളയുന്നതിൻറെ പ്രാധാന്യം മനസ്സിലാക്കിയപോലെ, നമ്മളോരുത്തരുടേയും മനസ്സുകളിൽ നിന്നും ആവശ്യമില്ലാത്ത കറകൾ കഴുകി കളയുവാൻ ഈ കാലഘട്ടം നമ്മെ പഠിപ്പിക്കട്ടെ. മനുഷ്യരെല്ലാം ഒന്നാണെന്ന മഹദ് ദർശനം ഇനിവരും നാളുകളിൽ സംജാതമാവട്ടെയെന്നു പ്രത്യാശിക്കാം.

വിശ്വസാഹിത്യ ചക്രവാളത്തിലെ സർഗ്ഗനക്ഷത്രമായ മാർക്സിം ഗോർക്കിയുടെ “മനുഷ്യൻ – എത്ര സുന്ദരമായ പദം” എന്ന ഈ വാക്കുകൾ ഏറെ സാർത്ഥകമാകുന്ന നാളുകൾ നമ്മുടെ മുൻപിൽ വിരിയട്ടെ…

Leave a Reply

Your email address will not be published. Required fields are marked *