ലോകം മുഴുവൻ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും നമ്മളിൽ ചിലർ ലാഭക്കൊയ്ത്തിന് വേണ്ടി പ്രകൃതിവിഭവ ചൂഷണം തുടരുന്നു എന്നത് ലജ്ജിപ്പിക്കുന്ന യാഥാർഥ്യമാണ്. അധികമാരും സംസാരിക്കാത്തതും ചിന്തിക്കാത്തതുമായ ഒരു വിഷയമാണ് ഇന്ന് പങ്കുവയ്ക്കുന്നത്. കേൾക്കുമ്പോൾ നമ്മളിൽ അധികമൊന്നും വൈകാരിക ചലനം ഉണ്ടാക്കിയെന്ന് വരില്ല, എങ്കിലും പ്രകൃതിയോട് നാം ചെയ്യുന്ന ദ്രോഹത്തിൻറെ വിപത്ത്, പതിന്മടങ്ങായി നമ്മെ പ്രകൃതി ദുരന്തങ്ങളുടെയും, മഹാമാരികളുടെയും രൂപത്തിൽ വന്നു താക്കീതുകൾ തന്നിട്ടും മനുഷ്യൻ പ്രകൃതിയുടെമേലുള്ള തന്റെ ക്രൂരത തുറന്നുകൊണ്ടേയിരിക്കുന്നു.
മത്സ്യസമ്പത്തും, സമുദ്ര വിഭവ പരിപാലനവും എല്ലാം നോക്കുകുത്തികളായി നിന്ന് പോകുന്ന, ‘ഷാർക്ക് ഫിന്നിങ്ങ്’ എന്ന മനുഷ്യ നിർമ്മിത കുറ്റകൃത്യത്തെ കുറിച്ചാണ് ഇന്നത്തെ ചിന്ത. സ്രാവുകളുടെ ചിറക് അരിഞ്ഞെടുത്ത് അവയെ തിരികെ കടലിലേയ്ക്ക് വിടുന്ന ക്രൂരതയ്ക്കാണ് ഷാർക്ക് ഫിന്നിങ്ങ് എന്ന് പറയുന്നത്. രണ്ടു ദിവസം മുൻപ് ഹോങ്കോങ് കസ്റ്റംസ് പിടിച്ചെടുത്തത് 26 ടണ്ണോളം ഷാർക്ക് ഫിന്നുകളാണ്, എന്ന് വച്ചാൽ ഏകദേശം 38,500 സ്രാവുകളുടെ ചിറകുകൾ ആണ് നാം മനുഷ്യർ അരിഞ്ഞെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ കൂടിയ വില ലഭിക്കുന്നു എന്ന കാരണത്താൽ ഇന്നിത് ഒരു കള്ളക്കടത്ത് ഉൽപ്പന്നമായി ഇത് മാറിയിരിക്കുന്നു. കടലിൽ നിന്നും പൂർണ്ണ രൂപത്തിൽ സ്രാവുകളെ പിടികൂടി കരയ്‌ക്കെത്തിക്കുമ്പോൾ കുറയുന്ന ലാഭത്തെ ഓർത്ത് മനുഷ്യൻ അവയുടെ ചിറകരിഞ്ഞു ഉടൽ കടലിൽ തന്നെ തള്ളുന്നു, പിന്നീട് ജീവച്ഛവമായി മാറുന്ന ആ ജീവൻ സമുദ്ര അടിത്തട്ടിൽ മണ്ണടിയുന്നു.
മരുന്നുകൾക്ക് വേണ്ടിയും പ്രശസ്തമായ ചൈനീസ് ഷാർക്ക് ഫിൻ സൂപ്പിനും വേണ്ടിയാണ് ഇത്തരത്തിലുള്ള സ്രാവിൻ ചിറകുകൾ ഇന്തോനേഷ്യയും, ഇന്ത്യയും, അമേരിക്കയും, സ്പെയിനും മെക്സിക്കോയും അടങ്ങുന്ന രാജ്യങ്ങളിൽ നിന്നും കള്ളക്കടത്തായി കയറ്റുമതി ചെയ്യുന്നത്. 1997-ൽ രൂപീകൃതമായ ഇന്റർനാഷണൽ ഷാർക്ക് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം, പ്രതിവർഷം 7 കോടിയിലേറെ സ്രാവുകളെയാണ് ഷാർക്ക് ഫിന്നിങ്ങിനായി രാജ്യങ്ങൾ പങ്കിട്ട് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലും ഇത് നിരോധിച്ചതാണെങ്കിലും, ഇന്നും ഇത്തരം കടത്തുകൾ തുടരുന്നു എന്നത് ദുഃഖകരം. നമുക്ക് ഭക്ഷിക്കാനുള്ള സമുദ്രോല്പന്നങ്ങൾ പ്രകൃതി വേണ്ടുവോളം നൽകുമ്പോഴും, പണത്തിന് വേണ്ടി മാത്രം അരിഞ്ഞെടുക്കുന്ന ഇത്തരം ജീവനുകൾ സംരക്ഷിക്കേണ്ടത് ഓരോ രാജ്യത്തിന്റെയും കടമയാണ്. മനുഷ്യൻറെ ഇഷ്ടാനിഷ്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യാനുള്ളതല്ല പ്രകൃതി എന്ന് നാം ഓരോരുത്തരും ഓർക്കണം.
ആദിമ മനുഷ്യൻ അവന്റെ വേട്ട ഭക്ഷണത്തിന് വേണ്ടി തുടങ്ങിയതാണെങ്കിൽ, ഇന്ന് നാം പണത്തിന് വേണ്ടി കാടും കടലും കയ്യേറുന്നു, മൂക്കറ്റം മുങ്ങിത്താഴുമ്പോഴും എല്ലാം സ്വന്തം അധീനതയിലെന്നു നാം വെറുതെ അഹങ്കരിക്കുന്നു, കഷ്ടം.