മത്തുപിടിപ്പിക്കുന്ന സമൂഹമാധ്യമജ്വരം

Editorial
മത്തുപിടിപ്പിക്കുന്ന സമൂഹമാധ്യമജ്വരം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ലഹരിക്കെതിരായ ബോധവത്കരണ പരിപാടികൾ കാലാകാലങ്ങളായി ലോകത്താകമാനം നടന്നു വരുമ്പോളും, നമ്മുടെ മനസ്സിനെയും സിരകളെയും മത്തുപിടിപ്പിക്കുന്ന ‘പ്രശസ്തി’ എന്ന പുത്തൻ ലഹരിയോട് വേണ്ടത്ര അകല്ച്ച നാം പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്. നാളേറെ അദ്ധ്വാനിച്ചതുകൊണ്ടാണ് മുൻപെല്ലാം ഒരാൾ നാലാളറിയുന്ന സ്ഥാനത്തെത്തിയിരുന്നത്; ചില മഹാരഥന്മാർ അവരുടെ മരണത്തിന് ശേഷമാണ് പ്രശസ്തിയിലേക്ക് ഉയർത്തപ്പെട്ടതും. എന്നാലിന്ന് കണ്ണടച്ച് തുറക്കുന്നതിനു മുൻപ് ചിലർ അവതാര വേഷങ്ങളണിയുന്നു.

രീതികൾ ശരിയായാലും തെറ്റായാലും നാലാളറിയണം എന്ന ആഗ്രഹത്തിൽ പല വിഡ്ഢിവേഷങ്ങളും ഇന്ന് നമ്മളിൽ പലരും കെട്ടിയാടുന്നു. ഇന്റർനെറ്റും സ്മാർട്ട് ഫോണും ഉണ്ടെങ്കിൽ ആളുകൾ പൊതുജനമധ്യത്തിൽ ഏതുവിധേനയും ജനശ്രദ്ധ പിടിച്ചുപറ്റാനായുള്ള തത്രപ്പാടിലാണ്. സെൽഫിയിൽ തുടങ്ങി ടിക്ക് ടോക്കിൽ എത്തി നിൽക്കുന്നു ഇന്നത്തെ കാഴ്ച്ച പ്രതലങ്ങൾ.

ഇങ്ങിനെയുള്ള പരീക്ഷണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരും, ഒരു നിമിഷത്തെ അബദ്ധത്തിൽ കുടുംബ ജീവിതങ്ങൾ തകർന്നവരും ഏറെയാണ്. ഒരിക്കൽ ഇൻറർനെറ്റിൽ പതിഞ്ഞ മുഖങ്ങൾ കാലാ കാലം മായ്ക്കാൻ കഴിയാത്ത ഓർമ്മയായി നില നിൽക്കും എന്ന സത്യത്തെ മറന്നു കൊണ്ടാണ് പലരും അവരവരുടെ സ്വകാര്യതയെ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യുന്നത്.

മത്തുപിടിപ്പിക്കുന്നതെന്തും ലഹരിയാണ്…

ആ ഉന്മാധാവസ്ഥയ്ക്ക് ശേഷം ജീവിതത്തിൽ വെളിച്ചം മങ്ങിപ്പോകുന്നവരുടെ കൂട്ടത്തിൽ നമ്മുടെ പുതു തലമുറ വരാതിരിക്കാൻ ഓരോ വീടുകളിലും കരുതലുണ്ടാകേണ്ടത് അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *