ജാഗ്രത കുറഞ്ഞു പോകരുത്

Editorial
ജാഗ്രത കുറഞ്ഞു പോകരുത് – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾ മെഡിക്കൽ ചെക്കപ്പ് സംവിധാനങ്ങളോടും, ക്വാറന്റൈൻ പ്രക്രിയയോടും സഹകരിക്കേണ്ടത് നമ്മുടെ നാടിനോട് നാം പുലർത്തേണ്ട ഉത്തരവാദിത്തമാണ്. നമ്മുടെ സംസ്ഥാനത്ത് മടങ്ങിയെത്തിയവരിൽ കുറച്ചുപേർ അവരുടെ രോഗവിവരങ്ങൾ മറച്ച്‌ വെച്ചു കൊണ്ട് ആരോഗ്യ സംവിധാനങ്ങളുമായി സഹകരിക്കാതെ വിമാനത്താവളം വിട്ടത്, കരുതലിന് നമ്മുടെ നാട് കൊടുക്കുന്ന പ്രാധാന്യത്തെ ലഘൂകരിച്ച് കാണുന്നതിന് തെളിവായി കണക്കാക്കാം. അവരുമായി അത്രയും സമയം ഇടപഴകിയ ആരോഗ്യ പ്രവർത്തകർ, സഹയാത്രികർ മുതലായവരെയെല്ലാം ആശങ്കയിലാക്കുന്ന ഇത്തരം കൗശലബുദ്ധി നാം ഈ ഘട്ടത്തിൽ ഒഴിവാക്കേണ്ടതാണ്.

COVID-19 ഒരു അസുഖമാണ്, അതൊരു കുറ്റകൃത്യമോ, കളവുകൊണ്ട് മറച്ച്‌ വെക്കേണ്ട കാര്യമോ അല്ല; ഇതിൽ ഒരു കാരണവശാലും ദുരഭിമാനത്തിന് ഇടവുമില്ല. പരസ്പ്പര സഹകരണംകൊണ്ട് മാത്രം മറികടക്കാവുന്ന ഒരു പ്രതിസന്ധി സമയമാണ് നമ്മുടെ മുന്നിലുള്ളത്. ആ ഒരു പ്രാധാന്യം മനസ്സിലാക്കാതെ സ്വന്തം കുടുംബത്തിലുള്ളവരുടെ സുരക്ഷ പോലും അബദ്ധത്തിലാക്കുന്ന ഇത്തരം ബാലിശമായ കൃത്യങ്ങളിൽ നിന്നും നാം വിട്ടുനിൽക്കണം എന്നേ ഈ അവസരത്തിൽ പറയാനുള്ളൂ.

കേരളത്തിൽ കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും തിരിച്ചെത്തിയ മൂന്നുപേർ COVID-19 പോസിറ്റീവ് എന്ന വിവരം മറച്ച് വെച്ച സംഭവം നമ്മുടെ രോഗ പ്രതിരോധപ്രവർത്തനങ്ങളിൽ വരുത്തിയ ആശങ്ക ചെറുതല്ല. ഇവർക്കെതിരെ കേസ് എടുത്തെങ്കിലും, അത്രയും സമയം ഇവരോടൊപ്പം യാത്ര ചെയ്തവർ, ആരോഗ്യ പ്രവർത്തകർ, എയർപോർട്ട് ഉദ്യോഗസ്ഥർ അങ്ങിനെ ഏകദേശം 65 പേരെയാണ് ഈ ഒരു കാര്യം നിമിത്തം സ്രവപരിശോധനയ്ക്ക് വിധേയരാക്കേണ്ടിവന്നത്.

ചെറിയ ഇളവുകളിലൂടെയും, അത്യാവശ്യങ്ങൾക്കായുള്ള ഉപാധികളിലൂടെയും ഈ ലോക്ക്ഡൗൺ ഘട്ടം മറികടക്കാനും, അതിനോടൊപ്പം സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചകൾ വരുത്താതിരിക്കാനുമായി ഒരു സംസ്ഥാനം ഒന്നിച്ച് ജാഗ്രതയോടെ നിൽക്കുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ ഏൽപ്പിക്കുന്ന മുറിവ് വളരെ വലുതാണ്. ഉറ്റവരോടൊപ്പം നാട്ടിൽ തിരികെ എത്താനുള്ള വ്യഗ്രതയിൽ നാം കൂടെ നിൽക്കുന്നവർക്ക് ദോഷകരമാകും വിധത്തിൽ പ്രവർത്തിക്കുന്നത് ഒട്ടും ന്യായീകരിക്കാവുന്ന ഒന്നല്ല. ഈ തിരിച്ചറിവോടു കൂടി വേണം തിരികെ നാട്ടിലേക്ക് മടങ്ങുന്ന ഓരോ പ്രവാസിയും യാത്രയ്ക്ക് തയ്യാറെടുക്കേണ്ടത്. കാരണം, പ്രവാസികൾ മൂലം നമ്മുടെ നാടിന് അഭിവൃദ്ധി മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. ഇനിയും ആ വിശ്വാസം അതുപോലെ തുടരേണ്ടത് നമ്മുടെ നാടിന്റെ സുസ്ഥിരമായ ഭാവിയ്ക്ക് അനിവാര്യമാണ്.

സ്വന്തം നാടിൻറെ തണലിലേക്ക് എത്തിച്ചേരുന്ന നമ്മൾ ഓരോരുത്തരും നാടിന്റെ കരുതലിന് വിള്ളലേൽപ്പിക്കുന്ന ഒരു നീക്കവും നടത്തരുതെന്ന് ഓർമ്മപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *