അയൽപക്കം തലപൊക്കുമ്പോൾ

Editorial
അയൽപക്കം തലപൊക്കുമ്പോൾ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഇന്ത്യയുമായി ഇടമുറിയാത്ത സാംസ്കാരിക ബന്ധം പുലർത്തിയിരുന്ന രാജ്യമായിരുന്നു നേപ്പാൾ. കാലാകാലങ്ങളായി ഊഷ്മളമായ സൗഹൃദവും, തന്ത്രപരമായ യോജിപ്പും ഇരുരാജ്യങ്ങളും വളർത്തിയെടുത്തിരുന്നു. സാമ്പത്തികപരമായി ഇന്ത്യ കൈയ്യയച്ച് സഹായിച്ച ഒരു രാജ്യമാണ് നേപ്പാൾ. കണക്കുകൾ പ്രകാരം 30 ലക്ഷത്തിൽ പരം നേപ്പാൾ സ്വദേശികൾ ഇന്ത്യയിൽ ജോലിചെയ്യുന്നുണ്ട്.പാസ്പോർട്ട് ഇല്ലാതെ തന്നെ ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്നു മാത്രമല്ല, ഇന്ത്യൻ കറൻസി ഇപ്പോളും നേപ്പാളിൽ ഉപയോഗിക്കുന്നുമുണ്ട്.

ഇത്ര അടുത്ത ബന്ധമായിരുന്നിട്ടും, നേപ്പാൾ പ്രധാനമന്ത്രി ശ്രീ. കെ പി ശർമാ ഒലി കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ സമൂഹത്തെ വേദനിപ്പിക്കുന്നതാണ്. ഇന്ത്യൻ COVID-19 വൈറസ് ചൈനീസ്, ഇറ്റാലിയൻ വൈറസുകളെക്കാൾ മാരകമാണെന്ന് അദ്ദേഹം പരാമർശിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് നേപ്പാളിൽ എത്തുന്നവരിൽ നിന്ന് വൈറസ് പടരുന്നു എന്നാണു ഈ പ്രസ്താവനയ്ക്ക് ന്യായീകരണമായി അദ്ദേഹം അഭിപ്രായപ്പെട്ടത്. COVID-19-ന്റെ ഉത്‌ഭവകേന്ദ്രമെന്ന് കരുതുന്ന ചൈനയെ കുറ്റപ്പെടുത്താതെ ഇന്ത്യയെ വിമർശിച്ചതിന് പിന്നിൽ സങ്കുചിത താല്പര്യങ്ങളുണ്ടെന്നു വ്യക്തം.

ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നീ പ്രദേശങ്ങൾ തങ്ങളുടേതാക്കി മാറ്റിവരച്ച പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭാ അംഗീകരിച്ചിരുന്നു. എന്ത് വിലകൊടുത്തും ഈ പ്രദേശങ്ങൾ കൈവശപ്പെടുത്തും എന്നും ശ്രീ. കെ പി ശർമാ ഒലി പാർലമെന്റ് പ്രസംഗത്തിൽ വ്യക്തമാക്കുകയും ചെയ്തു. പാകിസ്ഥാനും, ചൈനയും ഈ COVID-19 കാലത്ത് വേണ്ടത്ര പരിഗണിക്കാതിരുന്ന നേപ്പാളിന്റെ ഈ നിലപാടുകൾ, സത്യത്തിൽ ഇന്ത്യക്ക് അത്ഭുതമാണ് സമ്മാനിച്ചത്. ഇന്ത്യയിൽ നിന്ന് സഹായ സേവനങ്ങൾ വേണ്ടുവോളം കൈപ്പറ്റിയ ഒരു രാജ്യം തന്നെ ഇന്ത്യയെ വെല്ലുവിളിച്ചിരിക്കുന്നു, അതും ലോക രാജ്യങ്ങൾ പോലും പ്രതിസന്ധിയിൽ നിൽക്കുന്ന ഈ സമയത്ത്.

ഇത് അത്രയും നേപ്പാൾ സ്വയം പറയുന്നതോ അതോ ഏതെങ്കിലും രാജ്യത്തിന്റെ മൗനാനുവാദത്തോടെ പറയിപ്പിക്കുന്നതോ എന്ന് വ്യക്തമല്ല. വൈകാരികമായി ഇന്ത്യയോടൊപ്പം നിലകൊള്ളേണ്ട പലരും ഈ പുതിയ നേപ്പാൾ ഭൂപടം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത് ഇന്ത്യക്കുള്ളിൽ ഉള്ള പുഴുക്കുത്തായി കണക്കാക്കാം. നേപ്പാളിനാവശ്യമായ എണ്ണയും മറ്റ് ചരക്കുകളും ഇന്ത്യയിൽ നിന്നാണ് വിതരണം ചെയ്യുന്നത്. ദിവസവും 100 കണക്കിന് ഇന്ധന ടാങ്കറുകൾ ഇന്ത്യയിൽ നിന്നും നേപ്പാളിലെത്തുന്നു. മാത്രമല്ല 9000-ൽ പരം ആളുകൾ മരണമടഞ്ഞ 2015 ഏപ്രിലിൽ ഉണ്ടായ ഭൂചലനത്തിൽ ഇന്ത്യൻ സൈന്യം നേപ്പാളിൽ നടത്തിയ സന്നദ്ധ സേവനങ്ങൾ സമാനതകളില്ലാത്ത പ്രവർത്തനങ്ങളായിരുന്നു. ഇപ്പോഴും നേപ്പാളിൽ പ്രകൃതി ദുരന്ത നിവാരണ സേവനങ്ങളിൽ ഇന്ത്യ നൽകുന്ന സേവനങ്ങൾ നിസീമമാണെന്ന് മനസ്സിലാക്കണം. ഇത്രയും അടുത്ത ബന്ധമായിരുന്നിട്ടും, നേപ്പാൾ ഇപ്പോൾ എന്താണ് ഈ വിധം സംസാരിക്കുന്നത്? ഉത്തരം ലളിതമാണ്, നേപ്പാളിൽ ചൈനീസ് സ്വാധീനം വളർന്നു വരുന്നു.

നേപ്പാളിലെ അടിസ്ഥാന വികസന പദ്ധതികളിലെല്ലാം ചൈന വൻ തോതിൽ നിക്ഷേപങ്ങൾ ഇറക്കിയിരുന്നു. സാംസ്കാരികമായി ഇന്ത്യയോട് ചേർന്ന് നിൽക്കുന്ന നേപ്പാളിൽ ആധിപത്യം സ്ഥാപിക്കുന്നതോടെ ഇന്ത്യക്കെതിരായ രാഷ്ട്രീയ വിജയം ചൈന ലക്ഷ്യമിടുന്നു. ഇതുകൂടാതെ അയൽരാജ്യമായ നേപ്പാൾ ഇന്ത്യക്ക് എതിർ ചേരിയിൽ നിൽക്കുന്നതാണ് ചൈനയുടെ കടന്നു കയറ്റത്തിന് നല്ലതെന്നും അവർക്ക് വ്യക്തമാണ്. നേപ്പാളിന്റെ ചൈന വിധേയത്വം ഇന്ത്യ നേരത്തെ തിരിച്ചറിഞ്ഞതാണ്. 1962-ലെ ഇൻഡോ-ചൈന യുദ്ധത്തിൽ ഇന്ത്യയോട് കൂറുപുലർത്തി പിന്തുണയേകുമെന്നു കരുതിയ നേപ്പാൾ, അന്ന് എടുത്ത നിഷ്പക്ഷ നിലപാട് അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റു അടക്കമുള്ള മുഴുവൻ ഇന്ത്യക്കാരെയും ഞെട്ടിച്ചുകളഞ്ഞു. ഈ നിലപാടിനെ ഇന്ത്യയ്ക്ക് മേൽ ചൈന നേടിയ മനഃശാസ്ത്ര വിജയമായി വ്യാഖ്യാനിക്കപ്പെട്ടു. പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അന്നത്തെ നിക്ഷ്പക്ഷ നിലപാടിൽ നിന്നും മാറി ചൈനയ്ക്ക് കീഴ്‌പ്പെടാൻ നേപ്പാൾ നിർബന്ധിതമായിരിക്കുന്നു.

ഇന്ത്യയും നേപ്പാളും 1800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. 2019 നവംബറിൽ ജമ്മു കാശ്മീരിൽ വിഭജിക്കപ്പെട്ട കേന്ദ്ര ഭരണ പ്രദേശങ്ങൾ കാണിക്കുന്നതിനായി ഇന്ത്യ നവീകരിച്ച ഭൂപടം പുറത്തിറക്കിയതിൽ, കാലാപാനിയടക്കമുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. 1962 ലെ ഇൻഡോ-ചൈന യുദ്ധം മുതൽ ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണമുള്ള മേഖലകളാണിവയെല്ലാം. ഇതിനു പുറമെ ലിപുലേഖ് പാസ്സ്, കൈലാസ് മാനസ സരോവർ പാത ഇന്ത്യ തുറന്നിരുന്നു. ഈ വിഷയവും നേപ്പാളിനെ ചൊടിപ്പിച്ചിരിക്കാം, ഏകപക്ഷീയമായ നേപ്പാളിന്റെ ഇത്തരം നടപടികൾ ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. മാത്രമല്ല നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പക്വതയില്ലാത്ത പരാമർശങ്ങളിലൂടെ സങ്കർഷങ്ങളിലേക്കെത്തിക്കാതിരിക്കാൻ നേപ്പാൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സൈനികവും, സാമ്പത്തികവുമായി ലോകശക്തിയായി വളർന്ന ഇന്ത്യയോട് ഒരു സങ്കർഷമുണ്ടാക്കാൻ നേപ്പാൾ ശ്രമിക്കില്ല, എന്നാൽ കൊറോണാനന്തരം ലോക രാജ്യങ്ങൾ ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിൽ വേരുറപ്പിക്കാനുള്ള സാധ്യതയ്ക്ക് മങ്ങൽ ഏൽപ്പിക്കുക എന്ന ധൗത്യമായിരിക്കാം ചൈന നേപ്പാളിനെ മുന്നിൽ നിർത്തി ഇപ്പോൾ ചെയ്യുന്നതും. എന്തായാലും ഇന്ത്യയും നേപ്പാളും പരസ്പ്പര സഹകരണം കൂടുതൽ ദൃഢമാക്കുകയാണ് വേണ്ടത്, ഒപ്പം ഭിന്നതകൾ ഉഭയകക്ഷി ധാരണയിലൂടെ പരിഹരിക്കുകയും വേണം.